തെരുവിലാകെ അതിമനോഹരമായ പെയിന്‍റിങ്ങുകള്‍, നെഞ്ചിടിപ്പേറ്റുന്ന താളത്തില്‍ സംഗീതം, നാടകം, കലാപ്രകടനങ്ങള്‍... നിറങ്ങളുടേയും താളത്തിന്‍റേയും ഉത്സവം... ഘാനയുടെ തലസ്ഥാനമായ അക്രയിലെ തെരുവില്‍ നടക്കുന്ന ഏറ്റവും വലിയ ഉത്സവമാണ് Chale Wote. ഒരു നാടിനെ മൊത്തമുണര്‍ത്തുന്ന ഈ സ്ട്രീറ്റ് ആര്‍ട് ഫെസ്റ്റിവല്‍ എല്ലാത്തരം കലകളുടെയും കൂടിച്ചേരലിനുള്ള ഇടമാണ്. കലയേക്കാള്‍ വലിയ ആഘോഷമില്ല. അപ്പോള്‍ പലതരം കലകളുടെ കൂടിച്ചേരല്‍ കൂടിയാകുമ്പോള്‍ അതെത്ര വലിയ ആഘോഷമായിരിക്കും... 

2011 മുതല്‍ Chale Wote -ല്‍ സ്ട്രീറ്റ് പെയിന്‍റിങ്ങ്, ഗ്രാഫിറ്റി മ്യൂറല്‍സ്, ഫോട്ടോഗ്രഫി, തിയ്യേറ്റര്‍, ആര്‍ട് ഇന്‍സ്റ്റലേഷന്‍സ്, ലൈവ് സ്ട്രീറ്റ് പെര്‍ഫോര്‍മന്‍സ്, എക്സ്ട്രീം സ്പോര്‍ട്സ്, ഫിലിം ഷോ, ഫാഷന്‍ പരേഡ്, മ്യൂസിക് ബ്ലോക്ക് പാര്‍ട്ടി തുടങ്ങി പലവിധ കലകളുടെയും അരങ്ങായി മാറിയിരിക്കുകയാണ്. ഒരു തെരുവിനും ഒരു നാടിനും തന്നെ കലകളുടെ ഊട്ടൊരുക്കുകയാണ് Chale Wote. രാജ്യത്തിലാകെ ഇത്തരം പരിപാടികളൊരുക്കാനുള്ള പ്രചോദനം കൂടിയാവുകയാണ് ഇത്. 

അക്രയിലത് ഉത്സവകാലമാണ്. ഓരോ ആഘോഷത്തിലും പതിനായിരക്കണക്കിന് സന്ദര്‍ശകരാണ് എത്തിച്ചേരാറ്. അവിടെത്തന്നെയുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് Chale Wote തുടങ്ങിയത്. ഇന്ന്, രാജ്യത്താകെനിന്നായി അനേകം കലാകാരന്മാരാണ് Chale Wote -ല്‍ പങ്കെടുക്കുന്നത്. ഇത് 'ബന്ധുത്വത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും ആഘോഷ'മാണ് എന്നാണ് സംഘാടകര്‍ പറയുന്നത്. ഈ വര്‍ഷത്തെ ആഘോഷം വെസ്റ്റ് ആഫ്രിക്കയില്‍ അടിമ വ്യാപാരം നിര്‍ത്തലാക്കിയതിന്‍റെ 200 -ാം വാര്‍ഷികത്തോടൊപ്പമാണ്  എന്നതും ശ്രദ്ധേയമാണ്. 

ചിത്രങ്ങള്‍ കാണാം: