എത്ര തളര്‍ത്താന്‍ ശ്രമിച്ചാലും ഒരാളെങ്ങനെയാണ് ജീവിതത്തിലേക്ക് നടന്നുകയറുന്നതെന്നതിന് ഉത്തമ ഉദാഹരണമാണ് അമ്പതുകാരിയായ ഹിമ ബിന്ദുവിന്‍റെ ജീവിതം. അവള്‍ ജനിച്ചപ്പോള്‍ തന്നെ അമ്മയ്ക്കും അച്ഛനും മുത്തച്ഛനും മുത്തശ്ശിക്കുമെല്ലാം കടുത്ത നിരാശയായിരുന്നു. കാരണം വേറൊന്നുമായിരുന്നില്ല, അവളൊരു പെണ്ണല്ലേ... ഹൈദരബാദിലെ സെന്‍റ്. ഫ്രാന്‍സിസ് കോളേജില്‍ നിന്നാണ് അവള്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദമെടുക്കുന്നത്. എന്നാല്‍, തുടര്‍ന്ന് പഠിക്കാനുള്ള അവളുടെ ആഗ്രഹത്തിന് ആരും കണ്ണും കാതും കൊടുത്തില്ല.

ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ യുഎസ്സിലുള്ള ഒരാളുമായി അവളുടെ വിവാഹം വീട്ടുകാര്‍ നടത്തി. അയാള്‍ അവളുടെ ആഗ്രഹങ്ങള്‍ക്കൊന്നും തന്നെ വില കല്‍പ്പിച്ചിരുന്നില്ല എന്ന് മാത്രമല്ല, ഗാര്‍ഹികപീഡനത്തിനും കുറവൊന്നുമുണ്ടായിരുന്നില്ല. ഒമ്പത് മാസമായിരുന്നു ആ ബന്ധം നീണ്ടുനിന്നത്. അതിനിടയില്‍ രണ്ട് തവണ നാത്തൂന്‍മാര്‍ അവളെ കൊല്ലാന്‍ ശ്രമിക്കുകയുമുണ്ടായി. അങ്ങനെ ഹിമ ഇന്ത്യയിലുള്ള തന്‍റെ മാതാപിതാക്കളുടെ അരികിലേക്ക് തന്നെ തിരികെയെത്തി. അവളാകെ തകര്‍ന്നിരിക്കുകയായിരുന്നു. എന്ത് ചെയ്യണം എന്നതിനെ കുറിച്ച് അവള്‍ക്ക് യാതൊരെത്തുംപിടിയും കിട്ടിയിരുന്നില്ല. അതുവരെയുണ്ടായ അനുഭവങ്ങള്‍ അവളുടെ മനസില്‍ ആഴത്തിലുള്ള മുറിവുകളേല്‍പ്പിച്ചിരുന്നു. അതില്‍ പലതും ഇപ്പോഴും ഉണങ്ങിയിട്ടില്ല. 

ഏതായാലും മോശം അനുഭവങ്ങളില്‍ നിന്നും അതിന്‍റെ ഓര്‍മ്മകളില്‍ നിന്നും കരകയറണം എന്ന് തീരുമാനിച്ച ഹിമ പഠനം തുടര്‍ന്നു. എംബിഎ എടുത്തു. ജര്‍മ്മനി കേന്ദ്രീകരിച്ചുള്ള ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലിക്ക് കയറി. രണ്ട് മള്‍ട്ടി നാഷണല്‍ കമ്പനികളിലായി 25 വര്‍ഷം ഹിമ ജോലി ചെയ്തു. മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി അംഗീകാരങ്ങളും അവളെ തേടിയെത്തി. എന്നാല്‍, ഒരു സ്ത്രീ നേട്ടം കൈവരിക്കുമ്പോള്‍ സമൂഹത്തിന് അംഗീകരിക്കാന്‍ മടിയാണെന്നും അവളെ അപവാദം പറയാനാണ് ചുറ്റുമുള്ളവര്‍ ശ്രമിക്കാറ് എന്നും ഹിമ പറയുന്നു. പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിട്ടതുകൊണ്ടാണ് താന്‍ നേട്ടങ്ങള്‍ കൈവരിച്ചതെന്ന് പറഞ്ഞവര്‍ വരെ ഉണ്ടായിരുന്നുവെന്ന് ഹിമ പറയുന്നു. സഹപ്രവര്‍ത്തകരുമായി സൗഹൃദത്തിലാവാനും അവള്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അതും വിജയം കണ്ടില്ല. 

അതിനിടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എച്ച്ഐവി-എയ്‍ഡ്‍സ് ബാധിച്ചവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഒക്കെ പേപ്പര്‍ ബാഗും മെഴുകുതിരിയുമൊക്കെ നിര്‍മ്മിക്കാന്‍ പരിശീലിപ്പിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവള്‍ക്ക് അവസരമുണ്ടായി. അവിടെ വച്ചാണ് ഹിമയ്ക്ക് കുട്ടിക്കാലം മുതല്‍ തനിക്ക് വരയോടുള്ള ഇഷ്ടം തിരിച്ചെടുക്കാന്‍ സാധിക്കുന്നത്. എന്നാല്‍, വരയ്ക്കാനുപയോഗിക്കുന്ന പെയിന്‍റ് മെറ്റീരിയലുകളും മറ്റും ഹിമയ്ക്ക് ശ്വാസതടസം അടക്കമുള്ള ആരോഗ്യപ്രശ്‍നമുണ്ടാക്കിയപ്പോഴാണ് കോഫിയില്‍ നിന്നുള്ള മാലിന്യങ്ങളുപയോഗിച്ച് വരയ്ക്കാന്‍ തുടങ്ങിയത്. പിന്നീടിങ്ങോട്ട് അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 

2107 -ല്‍ ചില ആരോഗ്യപ്രശ്‍നങ്ങളുണ്ടായതിനെ തുടര്‍ന്ന് ന്യൂറോസര്‍ജന്‍റെ നിര്‍ദ്ദേശപ്രകാരം അവര്‍ തന്‍റെ കോര്‍പറേറ്റ് ജോലിയോട് വിട പറഞ്ഞു. മെന്‍ററായ സുനാലിനി മേനോന്‍ അടക്കമുള്ളവരുടെ സഹായത്തോടെ അവര്‍ കൂടുതല്‍ വരയ്ക്കാനും ശ്രദ്ധയാകര്‍ഷിക്കാനും തുടങ്ങി. 2020 -ലെ ലോക കോഫി കോൺഫറൻസിൽ കോഫി പെയിന്റിംഗുകളിലൂടെ ഇന്ത്യയുടെ കലയെയും സംസ്കാരത്തെയും പ്രതിനിധീകരിക്കാൻ ഇന്ത്യന്‍ കോഫി ബോർഡ് അവളോട് അഭ്യർത്ഥിച്ചു. എന്നാല്‍, കൊവിഡ് 19 -നെ തുടര്‍ന്ന് അത് നീട്ടിവയ്ക്കപ്പെടുകയാണുണ്ടായത്. ഇന്ന് ഹിമയുടെ ചിത്രങ്ങള്‍ 50 രൂപ മുതല്‍ 50,000 രൂപ വരെ വിലയില്‍ വില്‍ക്കപ്പെടുന്നു. മാര്‍ച്ച് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളെടുക്കാനും ഹിമ ആരംഭിച്ചിട്ടുണ്ട്. ഒരുപാട് തവണ അവഗണിക്കപ്പെട്ടുവെങ്കിലും ഇന്ന് ഒരു പെയിന്‍ററെന്ന രീതിയില്‍ ഹാപ്പിയാണ് ഹിമ.