Asianet News MalayalamAsianet News Malayalam

ശങ്കേഴ്‌സ് വീക്കിലി നിന്നുപോയത്  അടിയന്തിരാവസ്ഥ കാരണമാണോ?

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അസാദ്ധ്യമായ ആ സമയത്താണ്, ശങ്കേഴ്‌സ് വീക്കിലി നിര്‍ത്തുകയാണ് എന്ന പ്രഖ്യാപനമുണ്ടായത്. 

Is the emergency sole reason for the closure of Shankars weekly
Author
Thiruvananthapuram, First Published Jul 31, 2021, 2:45 AM IST

1975 ജുലൈയിലായിരുന്നു അത്. പ്രശസ്തമായ ശങ്കേഴ്‌സ് വീക്കിലിയുടെ 27-ം ലക്കത്തില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ഒരു പ്രഖ്യാപനം വന്നു-വീക്കിലി നിര്‍ത്തുകയാണ്! 

അതൊരു സാധാരണ കാലമായിരുന്നില്ല. ഇന്ത്യന്‍ മാധ്യമരംഗമാകെ പ്രതിസന്ധിയിലായ നേരം.  1975-ജൂണ്‍ 25 ന് അടിയന്തിരാവസ്ഥ നിലവില്‍ വന്നതോടെ, സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്തോ അതായി മാധ്യമപ്രവര്‍ത്തനം. സെന്‍സര്‍മാര്‍ കണ്ട് തൃപ്തിപ്പെടുന്ന വാര്‍ത്തകള്‍ മാത്രം പുറത്തുവരാന്‍ തുടങ്ങി. വാര്‍ത്തകള്‍ മാത്രമല്ല കാര്‍ട്ടൂണുകളും ഫോട്ടോകളും ലേഖനങ്ങളുമെല്ലാം പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് സെന്‍സര്‍മാര്‍ കാണണമായിരുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അസാദ്ധ്യമായ ആ സമയത്താണ്, ശങ്കേഴ്‌സ് വീക്കിലി നിര്‍ത്തുകയാണ് എന്ന പ്രഖ്യാപനമുണ്ടായത്. 

തൊട്ടുപിന്നാലെ, ഓഗസ്ത് 31-ന് അതുണ്ടായി. ഇന്ത്യ ഇഷ്ടത്തോടെ വായിച്ച ശങ്കഴ്‌സ് വീക്കിലിയുടെ അവസാന ലക്കം പുറത്തിറങ്ങി. കാര്‍ട്ടൂണ്‍ വരയ്ക്കുന്ന ബ്രഷും ആളെക്കൂട്ടുന്ന ചെണ്ടയുമായി, ചക്രവാളങ്ങള്‍ക്കപ്പുറത്തേക്ക് കഴുതപ്പുറത്ത് മറയുന്ന വിദൂഷകനെ ഇന്ദിരാഗാന്ധി അടക്കമുള്ള നേതാക്കള്‍ നോക്കിനില്‍ക്കുന്ന ശങ്കറിന്റെ കാര്‍ട്ടൂണായിരുന്നു അവസാന പതിപ്പിന്റെ കവര്‍ ചിത്രം. 1948 മെയ് 23-ന് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍വെച്ച് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഉദ്ഘാടനം ചെയ്ത വീക്കിലി അതിന്റെ 27-ാം വയസ്സില്‍ വിടപറയേണ്ടി വന്നതിനെക്കുറിച്ചുള്ള ശങ്കറിന്റെ കുറിപ്പായിരുന്നു എഡിറ്റോറിയല്‍. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എത്ര പ്രധാനമാണെന്നും അഭിപ്രായങ്ങള്‍ പറയുക എത്ര അനിവാര്യമാണെന്നും ആ ചെറിയ കുറിപ്പില്‍ അദ്ദേഹം എഴുതി. ഉദ്ഘാടന പ്രസംഗത്തില്‍ 'വിമര്‍ശനത്തില്‍നിന്നും എന്നെ ഒഴിവാക്കരുത്' എന്ന് നെഹ്‌റു പറഞ്ഞ കാര്യവും ആ മുഖക്കുറിപ്പില്‍ അദ്ദേഹം ഓര്‍മ്മപ്പെടുത്തി. 

ഇതെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഉണ്ടായത്, ഇന്ദിരാ ഗാന്ധിയാണ് വീക്കിലിക്ക് പൂട്ടിട്ടത് എന്ന പ്രതീതിയാണ്. അടിയന്തിരാവസ്ഥയുടെ ഇരയാണ് ശങ്കേഴ്‌സ് വീക്കിലി എന്ന വ്യാഖ്യാനം ഉണ്ടായിവന്നു. 'വിമര്‍ശനത്തില്‍നിന്നും എന്നെ ഒഴിവാക്കരുത്' എന്നു പറഞ്ഞ നെഹ്‌റുവില്‍നിന്നും അധികാരം ഇന്ദിരയിലെത്തിയപ്പോള്‍, 'എന്നെ ഒഴിവാക്കിയില്ലെങ്കില്‍, വീക്കിലി ഒഴിവാക്കേണ്ടി വരും' എന്ന അവസ്ഥ വന്നെന്ന് ആളുകള്‍ അടക്കം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതായ കാലത്ത് ശങ്കേഴ്‌സ് വീക്കിലി മാത്രം എങ്ങനെ ജീവിക്കും എന്ന ചോദ്യവും ചിലര്‍ ചോദിച്ചു. സെന്‍സര്‍മാര്‍ക്കു മുന്നില്‍ തന്റെ കാര്‍ട്ടൂണുകള്‍ ചെന്നു നിര്‍ത്തരുതെന്ന് ശങ്കര്‍ തറപ്പിച്ചു പറഞ്ഞതടക്കമുള്ള കഥകള്‍ ഇന്ദിരയാണ് ശങ്കേഴ്‌സ് വീക്കിലി പൂട്ടനിടയാക്കിയത് എന്ന ആരോപണത്തെ ഉറപ്പിച്ചു നിര്‍ത്തി. 

 

Is the emergency sole reason for the closure of Shankars weekly

 

യഥാര്‍ത്ഥ കാരണം അടിയന്തിരാവസ്ഥയോ? 

ഇപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഈ ആരോപണം എന്നാല്‍, പൂര്‍ണ്ണമായും ശരിയല്ല എന്നാണ് ഈയടുത്ത് പുറത്തിറങ്ങിയ ശങ്കറിന്റെ ജീവചരിത്രം പറയുന്നത്. കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് എഴുതിയ 'കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍: കല, കാലം ജീവിതം' എന്ന ജീവചരിത്രത്തില്‍ ഈ വിഷയം കാര്യമായി പരിശോധിക്കുന്നുണ്ട്. 

അടിയന്തിരാവസ്ഥ വന്നില്ലെങ്കിലും ശങ്കര്‍ സ്ഥാപനം അടക്കേണ്ട അവസ്ഥയില്‍ എത്തിയിരുന്നതായി ജീവചരിത്രകാരന്‍ പറയുന്നു. വീക്കിലിയില്‍ ജോലി ചെയ്തിരുന്ന പലരും ശങ്കറിനോട് പിണങ്ങി പിരിഞ്ഞുപോയിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസില്‍നിന്നും വിരമിച്ച പുന്നന്‍ എബ്രഹാം വീക്കിലിയുടെ ചുമതല ഏറ്റത് ശുഭപ്രതീക്ഷ നല്‍കിയിരുന്നെങ്കിലും ഒരു വാഹനാപകടത്തില്‍ അദ്ദേഹം അകാലത്തില്‍ മരിച്ചത് പ്രതിസന്ധി മൂര്‍ഛിച്ചു. 

പ്രായവും രോഗങ്ങളും ശങ്കറിനെ അലട്ടിയിരുന്നു. വീക്കിലി അടച്ചുപൂട്ടുന്നതിന് നാലു മാസം മുമ്പേ ശങ്കറിന് ഒരു സ്‌ട്രോക്കുവന്നു. കൈകള്‍ക്ക് ബലക്കുറവുണ്ടായി. വര കുറച്ചുകാലത്തേക്ക് നിര്‍ത്താന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചു. താന്‍ വരയ്ക്കുന്നില്ലെങ്കില്‍, വീക്കിലിയേ വേണ്ട എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വീക്കിലി പൂട്ടുന്ന കാര്യം പ്രഖ്യാപിക്കുന്നതിനു ഒരു മാസം മുമ്പ്, ഉറ്റവരോട് അദ്ദേഹം കാര്‍ട്ടൂണ്‍വര നിര്‍ത്തുന്നതായി പറഞ്ഞിരുന്നു. വീക്കിലി നിര്‍ത്തി കുട്ടികളുടെ പ്രസ്ഥാനങ്ങളില്‍ സജീവമാകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. 

അടിയന്തിരാവസ്ഥയ്ക്കു തൊട്ടുപിന്നാലെ ശങ്കേഴ്‌സ് വീക്കിലി പോലൊരു പ്രസിദ്ധീകരണം നിര്‍ത്തുന്നത് ചീത്തപ്പേരുണ്ടാക്കുമെന്ന് ഇന്ദിര ഭയന്നതായും ജീവചരിത്രം വിശദീകരിക്കുന്നു. ''ശാരദാപ്രസാദ് വഴി ഇന്ദിര ശങ്കറിനെ സമീപിച്ച് വീക്കിലി ഇപ്പോള്‍ പൂട്ടരുതെന്ന് അഭ്യര്‍ത്ഥിച്ചു. അഞ്ചു ലക്ഷം രൂപയുടെ അടിയന്തിര സാമ്പത്തിക സഹായം നല്‍കാമെന്നും ഇന്ദിര പറഞ്ഞിരുന്നു. എന്നാല്‍, ശങ്കര്‍ ഇതു തള്ളി. രണ്ടു മാസങ്ങള്‍ക്കകം അദ്ദേഹം അതടച്ചുപൂട്ടി.'' 

 

Is the emergency sole reason for the closure of Shankars weekly

 

'എന്റെ ഒറ്റ കാര്‍ട്ടൂണ്‍ പോലും അവിടത്തെ 
വിവരം കെട്ടവരെ കാണിക്കാന്‍ കൊണ്ടുപോവരുത്'

അടിയന്തിരാവസ്ഥയുടെ ഭാഗമായ സെന്‍സറിംഗ് അദ്ദേഹത്തിന് അലോസരം ഉണ്ടാക്കി എന്നതു സത്യമാണെന്ന് വീക്കിലിയുടെ ചുമതല നിര്‍വഹിച്ചിരുന്ന കെ. രാമകൃഷ്ണന്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. തന്റെ കാര്‍ട്ടൂണുകള്‍ സെന്‍സര്‍ഷിപ്പിന് അയക്കുന്നതില്‍ അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് നടന്ന ഒരു സംഭവം അദ്ദേഹം ഓര്‍ക്കുന്നുണ്ട്. 

മാധ്യമങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ വായിച്ചുകൊണ്ടിരുന്ന എന്റെ  അടുത്തേക്ക് ശങ്കര്‍ വന്ന് അതെന്താണ് എന്നു ചോദിച്ചു. സെന്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ ആണെന്ന് പറഞ്ഞപ്പോള്‍ആ മുഖം ചുവന്നു. 'എന്റെ ഒറ്റ കാര്‍ട്ടൂണ്‍ പോലും അവിടത്തെ വിവരം കെട്ടവരെ കാണിക്കാന്‍ കൊണ്ടുപോവരുത്' എന്ന് കലിപൂണ്ടു.'' -രാമകൃഷ്ണന്‍ ഓര്‍ക്കുന്നു. 

എന്നാല്‍, ശങ്കറിന്റെ കാര്‍ട്ടൂണുകള്‍ ഒരിക്കലും സെന്‍സറിനു മുന്നില്‍ എത്തിയിരുന്നില്ലെന്ന് ജീവചരിത്രം പറയുന്നു. അക്കാലത്തെ ചീഫ് സെന്‍സര്‍ ശങ്കറിന്റെ ഉറ്റ സുഹൃത്തായിരുന്നു. സെന്‍സര്‍ വിഭാഗത്തിലുണ്ടായിരുന്ന മലയാളി ഉന്നത ഉദ്യോഗസ്ഥരായ ഓംചേരി എന്‍ എന്‍ പിള്ളയും സിജിആര്‍ കുറുപ്പും ശങ്കറിന്റെ അടുപ്പക്കാര്‍ തന്നെ. 

ഒരു തരത്തിലുള്ള പ്രശ്‌നവും ശങ്കറിന് ഉണ്ടായിരുന്നില്ലെന്ന് അന്നത്തെ ജോയിന്റ് ചീഫ് സെന്‍സറായിരുന്ന സിആര്‍ജി കുറുപ്പ് പറയുന്നു. ശങ്കറുമായി ഉറ്റബന്ധം സൂക്ഷിച്ച ഓംചേരി എന്‍ എന്‍ പിള്ളയും സമാനമായ കാര്യമാണ് പറയുന്നത്. മറ്റ് മാധ്യമസ്ഥാപനങ്ങള്‍ നേരിടേണ്ടി വന്ന നടപടികളൊന്നും വീക്കിലിക്ക് നേരിടേണ്ടി വന്നിട്ടില്ല എന്നാണ് ഇരുവരും ആവര്‍ത്തിക്കുന്നത്. 

 

Is the emergency sole reason for the closure of Shankars weekly

 

'അടിയന്തിരാവസ്ഥ ശങ്കറിനെ ക്രൂദ്ധനാക്കുകയല്ല, 
ദു:ഖിതനാക്കുകയാണ് ചെയ്തത്'

അടിയന്തിരാവസ്ഥയുടെ ഭാഗമായി മറ്റെല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കും ലഭിച്ചതുപോലെ ശങ്കറിനും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് ലഭിച്ചിരുന്നു. അവസാന ലക്കം വീക്കിലിയില്‍ അടിയന്തിരാവസ്ഥയെ ശങ്കര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. 'ചിരിക്കാന്‍ കഴിയാത്ത സമൂഹത്തില്‍നിന്ന് ഒഴിയുന്നു' എന്നാണദ്ദേഹം ഇതിനെ വിശദീകരിച്ചത്. അവസാന ലക്കം വീക്കിലി തയ്യാറാക്കുന്നതിന് പഴയ സഹപ്രവര്‍ത്തകനായ ഒ വി വിജയനെയാണ് അദ്ദേഹം വിളിച്ചത്. അടിയന്തിരാവസ്ഥ ശങ്കറിനെ ക്രൂദ്ധനാക്കുകയല്ല, ദു:ഖിതനാക്കുകയാണ് ചെയ്തതെന്നായിരുന്നു പിന്നീട് ഒ വി വിജയന്‍ പറഞ്ഞത്. വാര്‍ദ്ധക്യം, രോഗം, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങളാണ് ശങ്കറിനെ കടുത്ത തീരുമാനത്തില്‍ എത്തിച്ചത് എന്നാണ് ശിഷ്യനായ കാര്‍ട്ടൂണിസ്റ്റ് യേശുദാസനും പറയുന്നത്. 

എന്നാല്‍, അടച്ചുപൂട്ടലിനു പിന്നില്‍, അടിയന്തിരാവസ്ഥയാണ് എന്ന മട്ടില്‍ അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ലെന്ന് ജീവചരിത്രകാരന്‍ പറയുന്നു. പില്‍ക്കാലത്ത് ഒരഭിമുഖത്തില്‍ ശങ്കര്‍ പറഞ്ഞ വാചകങ്ങള്‍ പുസ്തകത്തില്‍ എടുത്തെഴുതുന്നു: ''എന്റെ ആവേശം അടിക്കടി ക്ഷയിച്ചു തുടങ്ങി.  ചില്‍ഡ്രന്‍സ് വേള്‍ഡും വീക്കിലിയും ഒരുപോലെ നടത്തിക്കൊണ്ടുപോവാനുള്ള ശക്തിയില്ലാതായി. കുട്ടികളുടെ മാസികയ്ക്ക് വേണ്ടി ഞാന്‍ വീക്കിലി ബലിയര്‍പ്പിച്ചു.''-ഇതായിരുന്നു ആ വാചകങ്ങള്‍. 

Follow Us:
Download App:
  • android
  • ios