Asianet News MalayalamAsianet News Malayalam

ഏറ്റവും പുതിയ നോവലുകള്‍ കഥാപ്രസംഗമാക്കുന്ന ഒരാള്‍!

അതിനൂതനമായ ഒരു ആവിഷ്കാരമായിരുന്നു അത്... കലാപകലുഷിതമായ ശ്രീലങ്കയുടെ ചിത്രം, ആ ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞിരുന്ന മുംബൈ മലയാളികൾക്കുമുന്നിൽ ജോസ് വരച്ചിട്ടു. 

kallada v v jose kadhaprasangam
Author
Thiruvananthapuram, First Published Aug 5, 2019, 6:07 PM IST

നകീയ കലകളുടെ 'ബ്രോഡ്‍വേ'കളാണ് നമ്മുടെ അമ്പലപ്പറമ്പുകൾ... ചെണ്ടപ്പുറത്ത് കോലുവീഴുന്നിടത്തെല്ലാം പായും ചുരുട്ടി ഉത്സവം കാണാൻ ഇറങ്ങിപ്പുറപ്പെട്ടിരുന്ന ഒരു തലമുറയുണ്ടായിരുന്നു പണ്ട്. പൂരം കഴിഞ്ഞുമടങ്ങുമ്പോൾ അവരുടെ മനസ്സിൽ മായാതെ നിൽക്കുന്ന നിരവധി കഥകളുണ്ടായിരുന്നു. പല നാടുകളിൽ നിന്നും വണ്ടികളിൽ വന്നിറങ്ങിയ സമിതികളുടെ നാടകങ്ങളും, സുപ്രസിദ്ധ കാഥികരുടെ കഥാപ്രസംഗങ്ങളും ഒക്കെയാണ് ആ കഥകളെ അമ്പലപ്പറമ്പുകളിൽ കൊണ്ടിറക്കിയിരുന്നത്. കേരളത്തിലെ കുഗ്രാമങ്ങളിലേക്ക് അങ്ങനെ ചണ്ഡാലഭിക്ഷുകി മുതൽ, ഒഥല്ലോ വരെയുള്ള ക്ലാസ്സിക് നോവലുകൾ കഥാപ്രസംഗരൂപേണ അവതരിച്ചു. 

അന്നയും വ്രോൺസ്കിയും അനീസ്യയും നികിതയും ഇയാഗോയുമെല്ലാം നമ്മുടെ നാട്ടിലെ മുത്തശ്ശിമാർക്കുപോലും സുപരിചിതരായി മാറി. അന്ന് കേരളത്തിൽ അലയടിച്ച സാമൂഹിക നവോത്ഥാനത്തിന് അങ്ങനെ കെ കെ വാധ്യാരും, ജോസഫ് കൈമാപ്പറമ്പനും, കെടാമംഗലം സദാനന്ദനും, സാംബശിവനും, കല്ലട വി വി കുട്ടിയും അടക്കമുള്ള കാഥികരും നിമിത്തമായി. ഷേക്‌സ്‌പിയർ ഇയാഗോയെക്കൊണ്ട് " I like that not..!" എന്ന് പറയിപ്പിച്ചപ്പോൾ, ഇവിടെ കേരളത്തിൽ സാംബശിവൻ അതിനെ " ഛെ... എനിക്കതിഷ്ടപ്പെട്ടില്ല..." എന്ന് മൊഴിമാറ്റി.  നമ്മുടെ നാട്ടിലെ കാണികൾ അത്തരത്തിലുള്ള സ്വദേശീകരണങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. 
 
കല്ലട വിവി കുട്ടി എന്ന ലബ്ധപ്രതിഷ്ഠനായ കാഥികന്റെ മകൻ വി വി ജോസും കഥാപ്രസംഗസപര്യയിലേക്ക് കടന്നുവന്നു. ഒരല്‍പം വൈകി, 2011 -ൽ,  ആയുസ്സിന്റെ സായാഹ്നത്തിലാണ് കഥാപ്രസംഗരംഗത്തേക്ക് കടന്നുവന്നതെങ്കിലും, ജോസ് തികച്ചും വേറിട്ട വഴികളിലൂടെ നടക്കാൻ ഇഷ്ടപ്പെടുന്ന ഒരു കാഥികനാണ്. ആദ്യമായി അവതരിപ്പിക്കാൻ തെരഞ്ഞെടുത്തത് തിരുവിതാംകൂറിന്റെ ചരിത്രത്തിൽ നിന്നും വീണ്ടെടുത്ത ഒരു ഹൃദയഹാരിയായ ചരിത്രകഥയായിരുന്നു, 'ചെങ്കോലും ചെന്താമരയും'. തിരുനയിനാർകുറിച്ചി മാധവൻ നായരുടെ അതിപ്രസിദ്ധമായ രചന. കിഴക്കേ കല്ലട ഇലവൂർക്കാവ് മണികണ്ഠകർണ്ണ സ്വാമി ക്ഷേത്രമായിരുന്നു ആദ്യകഥയുടെ, ആദ്യപ്രകടനത്തിന്റെ വേദി. ഇന്നും അതുതന്നെയാണ് ജോസിന്റെ ഏതൊരു പുതിയ കഥയുടെയും കന്നിവേദി. കന്നിക്കഥ ജനങ്ങൾ ഏറ്റെടുത്തതോടെ നിരന്തരം സ്റ്റേജുകളായി. ജോസിന്റെ ഏതൊരു കഥയുടെയും സ്പോൺസർ കിഴക്കേ കല്ലടയിൽ ഹോട്ടൽ നടത്തുന്ന സുബിൻ കക്കാടാണ്. പിന്നണിയിൽ സ്ഥിരം സംഘമാണ്. ഹാർമോണിയത്തിൽ കല്ലട ശശിയും, കീബോർഡിൽ കല്ലട ലാലും, തബലവാദനത്തിന് കല്ലട ഷാജിയും, ക്ലാർനെറ്റുമായി ശൂരനാട് ഗ്രേഷ്യസും, കമ്പോസറായി അനിയും ഷാജിയുമൊക്കെ എന്നും ജോസിന്റെ കൂടെയുണ്ടാകും. 

kallada v v jose kadhaprasangam

എന്നാൽ പിന്നീടങ്ങോട്ട് കഥാപ്രസംഗകഥകളുടെ സ്ഥിരം റൂട്ടുപിടിക്കാൻ എന്തുകൊണ്ടോ വി വി ജോസിന് തോന്നിയില്ല. ആദ്യമായി ഒന്നങ്ങനെ വിട്ടുപിടിച്ചതാണ് 'ആടുജീവിതം' എന്ന കഥാപ്രസംഗം. അത് ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചു. തുടർന്ന് ഗോഡ് ഓഫ് സ്‌മോൾ തിങ്ങ്സ് -'കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാൻ' എന്ന പേരിൽ കഥയാക്കി. പിന്നെ ആരാച്ചാർ. ഒക്കെയും നിരവധി നിറഞ്ഞ സദസ്സുകളിൽ ജോസ് പകർന്നാടി. 

2018 ഏപ്രിൽ 7 - മുംബൈ മലയാളം  ഫൗണ്ടേഷന്റെ മറാഠാ സാഹിത്യമണ്ഡൽ ഹാളിലെ പ്രൗഢഗംഭീരമായ സദസ്സ്. കാഥികൻ വി വി ജോസ് കല്ലട കഥപറഞ്ഞു തുടങ്ങി. "എന്റെ കഥയുടെ പേര്, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി..." ആഞ്ഞടിച്ച സിംബലിന് പിന്നാലെ ജോസ് കഥയിലേക്ക്‌ കടന്നപ്പോൾ നിർന്നിമേഷനായി അതിനു സാക്ഷ്യം വഹിക്കാൻ സുഗന്ധിയുടെ കഥാകാരൻ സാക്ഷാൽ ടി ഡി രാമകൃഷ്ണനും സദസ്സിലുണ്ടായിരുന്നു. ഏറെ കാലിക പ്രസക്തിയുള്ള ഒരു കഥയായിരുന്നു സുഗന്ധിയുടേത്. 

അതിനൂതനമായ ഒരു ആവിഷ്കാരമായിരുന്നു അത്... കലാപകലുഷിതമായ ശ്രീലങ്കയുടെ ചിത്രം, ആ ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞിരുന്ന മുംബൈ മലയാളികൾക്കുമുന്നിൽ ജോസ് വരച്ചിട്ടു. എൽടിടിഇയുടെ വളർച്ചയും തളർച്ചയും അവരും സിംഹളരും തമ്മിലുള്ള പോരാട്ടങ്ങളുമെല്ലാം കഥയിൽ ഉദ്വേഗത്തിന്റെ മുഹൂർത്തങ്ങൾ സമ്മാനിച്ചു. കലാപങ്ങളിലെല്ലാം വേട്ടയാടപ്പെടുകയും, അപമാനിതരാകുകയും ചെയ്യപ്പെടുന്ന നിരപരാധികളായ സ്ത്രീകളുടെ കഥ കാഴ്ചക്കാരുടെ മനസ്സിലേക്ക് പ്രവേശിപ്പിക്കാൻ കാഥികനായി. കഥ കഴിഞ്ഞതും നോവലിസ്റ്റ് സ്റ്റേജിലെത്തി ജോസിനെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു, "അതി ഗംഭീരം...''

kallada v v jose kadhaprasangam

ഏറെനാളുകൾക്കു ശേഷം കഥാപ്രസംഗത്തിൽ ജോസ് വെട്ടിയ പുതുവഴി ജനങ്ങൾക്ക് ഏറെ ഇഷ്ടമായി... അത് കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ ജോസിനെ പ്രേരിപ്പിച്ചു. ഷേക്സ്പിയറിന്റെ മാക്ബെത്ത് അദ്ദേഹം കഥാപ്രസംഗരൂപത്തിൽ അവതരിപ്പിച്ചു.  

പ്ലാന്റേഷൻ കോർപ്പറേഷനിൽ വെൽഫെയർ ഓഫീസറായി ജോലിചെയ്യുന്ന അദ്ദേഹം ഈടുറ്റ സാഹിത്യകൃതികൾ മാത്രം കഥാപ്രസംഗത്തിന്റെ ചിട്ടയിലേക്ക് മാറ്റി അവതരിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. കഥാപ്രസംഗരംഗത്തെ വ്യത്യസ്തനായ ഒരു കാഥികനാണ് കല്ലട വി വി ജോസ്. ഈ ക്‌ളാസ്സിക്കുകളൊക്കെ കഥയാക്കിയാൽ ആരുകാണാൻ എന്നാവും. അതിനുള്ള ഉത്തരം ജോസിന്റെ കഥകൾ കാണാൻ നിറഞ്ഞുകവിഞ്ഞു വരുന്ന സദസ്സുകൾ പറയും. ചെന്നിടത്തെല്ലാം ജോസിനെ വരവേറ്റിട്ടുള്ളത് കഥ തുടങ്ങും മുമ്പുതന്നെ നിറഞ്ഞു കവിഞ്ഞിട്ടുള ഓഡിറ്റോറിയങ്ങളാണ്. അവർ ഒരൊറ്റ കണ്ണും കാതുമായി ജോസ് പറയുന്ന കഥകൾ കേൾക്കും. കരയും, ചിരിക്കും. കഥാപ്രസംഗം എന്ന കലാരൂപത്തിന് ഏതൊരു സിനിമയെക്കാളും ജനങ്ങളുടെ മനസ്സിലേക്ക് അവരറിയാതെ കടന്നുകേറാനുള്ള സിദ്ധിയുണ്ട്. അതവരെ ഭ്രമിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. 

കഥാപ്രസംഗരംഗത്തെ സംഭാവനകൾ മുൻനിർത്തി സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായിട്ടുണ്ട്. പറയാനുള്ള എത്രയോ ക്ലാസിക്കുകളുടെ കഥാപ്രസംഗരൂപം വി വി ജോസിന്റെ ഹൃദയത്തിൽ ഇനിയുമുണ്ട്. എന്നാൽ ഇന്ന്,  എത്രയോ വർഷത്തെ പാരമ്പര്യമുള്ള കേരളത്തിന്റെ  ഈ തനതായ കലാരൂപം,  നല്ല കാഥികരുടെയും, കഥാവിഷ്‌കാരങ്ങളുടെയും,  വേദികളുടെയും അഭാവത്താൽ നാമാവശേഷമാവുന്നതിന്റെ വക്കിൽ നിൽക്കുകയാണ് . അതിനെ വേണ്ടുംവിധം പരിചരിക്കാനുള്ള നടപടികൾ  സംഗീത നാടക അക്കാദമി പോലുള്ള സ്ഥാപനങ്ങളിൽ നിന്നും ഉണ്ടായിക്കാണുന്നില്ല എന്നതാണ് ജോസിന്റെ സങ്കടങ്ങളിലൊന്ന്. വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിക്കുന്നു എന്നതുകൊണ്ടുമാത്രം തന്നെ കൂട്ടത്തിലൊരാളായി കാണാൻ മടിക്കുന്ന കഥാപ്രസംഗരംഗത്തെ സഹകാഥികരോടും നേരിയൊരു പരിഭവം ജോസിന് ഉള്ളിന്റെയുള്ളിൽ ഉണ്ട്. 

Follow Us:
Download App:
  • android
  • ios