മലയാളഗാനവേദിയിലെ ആദ്യത്തെ പുരുഷശബ്‍ദം,  കേരള സൈഗാൾ എന്നറിയപ്പെടുന്ന കോഴിക്കോട് അബ്‍ദുൾ ഖാദറിന്‍റെ 105 -ാ മത് ജന്മദിനമാണ് ഇന്ന് ജൂലൈ - I9...  

ബോംബൈയിലെ ഷണ്മുഖാനന്ദ ഓഡിറ്റോറിയം. സൈഗാളിന്റെ ശബ്‍ദത്തിലൂടെ മാത്രം പ്രസിദ്ധമായ ആ വരികൾ, സോ.....ജാ.... രാജകുമാരീ, സോജാ... ഓഡിറ്റോറിയത്തിലും പരിസരത്തുമാകെ അന്തരീക്ഷത്തിൽ പരന്നൊഴുകുകയാണ്. സൈഗാളല്ല, പാടുന്നതെന്ന്  അവിടെ കൂടിയവർക്കെല്ലാം അറിയാമെങ്കിലും, ആർക്കുമത് പുറമേ പറയുവാൻ പറ്റാത്ത വിധത്തിൽ, അവരുടെ മനങ്ങളെ ആ ശബ്‍ദം കീഴടക്കിയിരുന്നു.

പാട്ട് കഴിഞ്ഞു. കൈയടികൾക്കപ്പുറം, എന്തെങ്കിലും ബഹുമാനാർത്ഥം ഈ വ്യക്തിക്ക് നല്‍കണമെന്ന് സദസൊന്നാകെ ഒരേപോലെ ആഗ്രഹിക്കുന്ന സന്ദർഭം. ഈ കൂട്ടത്തിലുള്ള  ഒരാളായിരുന്നു ബോംബൈയിൽ നിന്ന് പുറത്തിറങ്ങിയിരുന്ന ബോംബൈ ക്രോണിക്കിൾ  പത്രത്തിന്റെ പത്രാധിപർ അബ്രാർ അലി. പാടിയത് മലയാളിയാണെന്ന് ഇതിനിടക്ക് അന്വേഷിച്ചു മനസ്സിലാക്കിയ ആദ്ദേഹം എഴുന്നേറ്റ് നിന്ന് ഇങ്ങനെ പ്രഖ്യാപിച്ചു. 'യേ കേരളാ സൈഗാൾ ഹേ!'

കേരളത്തിന്റെ സാംസ്‍കാരിക ചരിത്രത്തിൽ പരതുമ്പോൾ, ഒരുപക്ഷേ ഔദ്യോഗികാംഗീകാരങ്ങളുടെ എണ്ണമെടുപ്പിൽ കോഴിക്കോട് അബ്‍ദുൾ ഖാദർ എന്ന ഈ ഗായകനെ പലപ്പോഴും അധികം കാണില്ലെങ്കിലും അതിനപ്പുറം ഇത്തരം ജനകീയ സദസ്സുകളിലൂടെ ജനഹൃദയങ്ങളിലാണ് അദ്ദേഹം സ്ഥാനമുറപ്പിച്ചത്. അങ്ങനെയാണ് ജനകീയ ഗായകൻ എന്ന കിരീടം കൈമാറേണ്ടതില്ലാത്ത സ്ഥാനത്ത് ഇദ്ദേഹം പ്രതിഷ്ഠിക്കപ്പെടുന്നത്.

ജീവിച്ചിരിക്കുന്നില്ലെങ്കിലും ജൂലൈ 19 -ന് ബോംബെയിലടക്കം കേരള സൈഗാൾ എന്ന അപരനാമത്തിലറിയപ്പെടുന്ന അബ്‍ദുൾ ഖാദറിന്റെ നൂറ്റിയഞ്ചാം ജന്മ വാർഷികമാണ്. 'മലയാള ഗാനവേദിയിലെ പുരുഷശബ്‍ദം', കോഴിക്കോട് അബ്‍ദുൾ ഖാദറിനെ തേടിയെത്തിയ, അംഗീകാരസമാനമായ മറ്റൊരു വിശേഷണമായിരുന്നിത്. പ്രശസ്‍ത സംഗീത സംവിധായകനായിരുന്ന എം.ബി ശ്രീനിവാസനായിരുന്നു ഈ വിശേഷണത്തിന്‍റെ പിന്നിൽ. തമിഴ്‍ചുവയുള്ള സ്ത്രൈണ പുരുഷ ശബ്‍ദങ്ങൾ മലയാളഗാന രംഗത്തൊന്നാകെ കൊടികുത്തിവാണ  ഒരു കാലത്താണ്‌,  
തങ്കക്കിനാക്കൾ ഹൃദയേ വീശും
വനാന്ത ചന്ദ്രിക യാരോ നീ -

എന്ന പാട്ട് തനതായ പുരുഷശബ്‍ദത്തിൽ കോഴിക്കോട് അബ്‍ദുൾ ഖാദറിന്റെ ചുണ്ടുകളിലൂടെ മലയാള ചലച്ചിത്ര പ്രേക്ഷകരടക്കമുള്ളവർക്ക് മുന്നിലെത്തുന്നത്. അത് വേറൊരു അനുഭൂതി തന്നെയായിരുന്നു ശ്രോതാക്കളിൽ ഉണ്ടാക്കിയത്. 

എന്നാൽ ഇതിനപ്പുറമാണ് മലയാളിക്കിടയിൽ,
എങ്ങനെ നീ മറക്കും... കുയിലേ...
എങ്ങനെ നീ മറക്കും 
എങ്ങനെ... നീ...
എന്ന പാട്ടിലൂടെ അബ്‍ദുൾ ഖാദർ ഉണ്ടാക്കിയെടുത്ത അടുപ്പം.

ശ്രോതാക്കളുടെ അടുത്തെത്തി ഏഴരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും ഈ പാട്ടിലൂടെ  മലയാളത്തിന്‍റെയും കേരളത്തിന്‍റെയും ന്യൂജനറേഷന്‍റെ കാലത്തുപോലും വിസ്‍മൃതിയിലേക്ക് പോകാതെ, പുതിയ മനസുകളെയും പിടിച്ചെടുത്തുകൊണ്ട് ഇപ്പോഴും ജീവിക്കുകയാണ് ഈ ഗായകൻ. തലമുറകളുടെ വിടവുകളില്ലാത്ത അനശ്വരഗായകനായി ഇദ്ദേഹം മാറുന്നതുമങ്ങനെയാണ്. 

നമ്മുടെ നിർവചനങ്ങൾക്കപ്പുറമുള്ള എന്തോ ഒരു വശ്യത കേൾവിക്കാരെ അബ്‍ദുൾ ഖാദറിന്റെ പാട്ടുമായി അടുപ്പിക്കുന്നുണ്ട്. അതാണ് അദ്ദേഹത്തിന്‍റെ പാട്ടിനോട് പലപ്പോഴും അദ്ദേഹം പാടിയതുപോലെ തന്നെ, 'എന്തൊരു ദാഹം എന്തൊരു മോഹം' നമ്മിലുണ്ടാക്കുന്നതും. മലയാളി കണ്ട ഏറ്റവും ശോകസാന്ദ്രമായ സ്വരങ്ങളിലൊന്നാണ് അബ്‍ദുൾ ഖാദറിന്‍റേത്. ഇതുകൊണ്ടു തന്നെയാണ് ഒരു കാസറ്റോ, സിഡിയോ വില്‍പനക്കായില്ലാഞ്ഞിട്ട് പോലും അബ്‍ദുൾ ഖാദറിന്‍റെ ആലാപനം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നത്. ഒറ്റപ്പെടുന്നവരുടെ വേദന ഇത്ര അനുഭവ തീവ്രതയോടെ ഗാനങ്ങളിൽ ആവിഷ്ക്കരിക്കുവാൻ കഴിഞ്ഞ ഗായകനുണ്ടാകില്ല.

1951 -ൽ നവലോകം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം ചലച്ചിത്ര ഗാനരംഗത്തെത്തുന്നത്. തുടർന്ന് 52 -ൽ അച്ഛൻ, 53 -ൽ തിരമാല, 54 -ൽ നീലക്കുയിൽ, മിന്നാമിനുങ്ങ്, മാണിക്യക്കൊട്ടാരം എന്നിവയിലെല്ലാം പാടി. ഇതോടൊപ്പം നാടകഗാനങ്ങൾ, രാഷ്ട്രീയ ഗാനങ്ങൾ, ലളിത ഗാനങ്ങൾ, മാപ്പിള പാട്ടുകൾ എന്നിവയും പാടി. കുടുക്കുകൾ, ഉപാസന, മനുഷ്യൻ എന്നിങ്ങനെ അനേകം നാടകങ്ങളിലും അഭിനയിച്ചു.

പ്രതിഭയുണ്ടായിട്ടും 'വേണ്ടത്ര അംഗീകാരം പോയിട്ട് അർഹതപ്പെട്ടതുപോലും ലഭിക്കാത്ത ആളായിരുന്നു അബ്‍ദുൾ ഖാദർ. ഇതുകൊണ്ട്  ഭാഗ്യം ഇല്ലാതെ പോയ കലാകാരനായിട്ടാണ് അദ്ദേഹത്തെ പലരും വിശേഷിപ്പിക്കുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹയാത്രികനെന്ന് പലരും അബ്‍ദുൾ ഖാദറിനെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ, അബ്‍ദുൾ ഖാദറിന്‍റെ ജീവിതത്തിലൂടെ കടന്നു പോകുമ്പോൾ സഹയാത്രികനല്ല, ഒരുകാലത്ത് പാർട്ടിക്ക് വേണ്ടി മലബാറിൽ ഇദ്ദേഹം പുതുവഴി വെട്ടിയെന്ന് പറഞ്ഞാൽ പോലും അധികമാകില്ല. കാരണം പഴയ ചരിത്രം ഇതിനടിവരയിടുന്നുണ്ട്. പാർട്ടി വേദികളിൽ ജനങ്ങളെ കൂട്ടുവാൻ പഴയ കാലത്ത് ജനപ്രിയരായ ഗായകരെയായിരുന്നു പാർട്ടി ഉപയോഗിച്ചിരുന്നത്. തീർത്തും പ്രതിഫലമില്ലാതെയായിരുന്നു അദ്ദേഹത്തിന്റെ സേവനം. എകെജി -യുടെയും ഇഎംഎസ് -ന്‍റെയും പ്രസംഗങ്ങൾക്ക് ശേഷമായിരുന്നു അബ്‍ദുൾ ഖാദറിന്റെ പാട്ടുകളുണ്ടായിരുന്നത്. ഇതുകൊണ്ട് ഇത്തരം കമ്മ്യൂണിസ്റ്റ് പ്രസംഗങ്ങൾ കേൾക്കുവാൻ താൽപര്യം പോലുമില്ലാതിരുന്നവർ അക്കാലത്ത് പൊതുയോഗങ്ങളിലെത്തിയിരുന്നു. കാരണം ഇത്തരം പൊതുയോഗങ്ങളുടെ അവസാനത്തിലാണല്ലോ ഖാദർക്കയുടെ പാട്ടുകൾ! ഒരിക്കൽ പ്രാസംഗികൻ എത്താൻ വൈകിയപ്പോൾ അബ്‍ദുൾ ഖാദറിന്‍റെ പാട്ട് തുടങ്ങി. ഇതിനിടെ എത്തിയ എകെജി അല്‍പനേരം പാട്ട് ശ്രവിച്ച ശേഷം ഇന്നിനി പ്രസംഗം വേണ്ട. പാട്ട് മതിയെന്ന് പറഞ്ഞ സന്ദർഭമുണ്ടായിട്ടുണ്ട്.

കുറഞ്ഞ കാലത്തേക്കായിരുന്നുവെങ്കിലും സിനിമാഗായകനായി പ്രശസ്‍തിയുടെ ഔന്നത്യത്തിൽ നിന്ന ഒരു ഘട്ടവുമുണ്ടായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതത്തിൽ. പക്ഷേ, അപ്പോഴും സാധാരണക്കാരിൽ നിന്നും ചുറ്റുപാടിൽ നിന്നും അകന്നു കൊണ്ടായിരുന്നില്ല ഇദ്ദേഹത്തിന്റെ ജീവിതം. അഞ്ചണയുടെ ടിക്കറ്റെടുത്ത് കോഴിക്കോട് ക്രൗൺ തീയേറ്ററിലെ മുൻനിരയിൽ സിനിമ കാണാനെത്തുന്നവരിൽ ഒരാൾ തന്നെയായിരുന്നു അപ്പോഴും ഈ വലിയ ഗായകൻ.

എന്നാൽ, പിന്നീട് വ്യക്തിപരമായ പലവിധ കാരണങ്ങളാലും മറ്റും ഇദ്ദേഹം പൊതുധാരയിൽ നിന്നും പതുക്കെ പതുക്കെ ഉൾവലിയുകയായിരുന്നു. താൻ സ്വപ്‍നം കണ്ട സോഷ്യലിസ്റ്റ് ആശയങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികളിലൂടെയും യഥാർത്ഥ്യമാകില്ലെന്ന തോന്നൽ വല്ലാതെ മനസ്സിനെ മടുപ്പിച്ചപ്പോൾ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്തിരിഞ്ഞു. പൊതുസദസ്സുകളിൽ നിന്ന് മാറി നില്‍ക്കാൻ തുടങ്ങിയ ഇദ്ദേഹം അവസാനകാലത്ത് പ്രാവ് വളർത്തലിലാണ് തല്‍പരനായിരുന്നത്. ആകാശത്തേക്ക് പറന്നുപോകുന്ന, പ്രാവുകളെ നോക്കി നില്‍ക്കുന്ന, പ്രാവുകളുടെ ഭാഷ മനസ്സിലാക്കി അതിനോട് സംവദിക്കുന്ന കോഴിക്കോട് അബ്‍ദുൽ ഖാദറിനെക്കുറിച്ച് കഥാകൃത്ത് യു ഏ ഖാദർ തന്നെ എഴുതിയിട്ടുണ്ട്.

പക്ഷേ, സങ്കടകരമെന്നു പറയട്ടെ, ഈ മഹാനായ ജനകീയ ഗായകന്‍റെ സംഭാവനകൾ വേറിട്ടടയാളപ്പെടുത്തുന്ന, അദ്ദേഹത്തെക്കുറിച്ച് പഠിക്കുവാൻ പറ്റുന്ന ഒരു കേന്ദ്ര മോ സ്‍മാരകമോ പോലുമില്ല, അദ്ദേഹത്തിന്‍റെ കർമ മണ്ഡലമായ കോഴിക്കോട്ടു പോലും. സാംസ്‍കാരിക പ്രവർത്തനങ്ങളോടും കലാകാരന്മാരോടും ഏറെ താല്‍പര്യമുള്ള കോഴിക്കോട് ജന്മദിനത്തിൽ ഒരനുസ്‍മരണ പരിപാടിയിലോ മെഹ്ഫിലിലോ മാത്രം ഒതുങ്ങുകയോ ചെയ്യുകയാണ് അദ്ദേഹത്തിന്റെ ജന്മദിനം. ഇതുതന്നെ അദ്ദേഹത്തിന്റെ മരുമകൻ ബീരാൻ കൽപ്പുറത്ത്, അബൂബക്കർ, സ്റ്റെർലിംഗ് ലത്തീഫ് തുടങ്ങി ഏതാനും പേരുടെ ഉത്സാഹം കൊണ്ടുമാത്രം. കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഈ വർഷം അതുമില്ല.

ചെറുപ്പകാലങ്ങളിൽ അബ്‍ദുൾ ഖാദർ കളിച്ചുനടന്ന സ്ഥലമായ കൂരിയാൽ ലൈനിലിലെ ഒരു റോഡിന് ഇരുപതുവർഷം മുമ്പ് കോഴിക്കോട് അബ്‍ദുൾ ഖാദർ റോഡ് എന്ന് നാമകരണം നടത്തി കോഴിക്കോട് കോർപ്പറേഷൻ  തങ്ങളുടെ ഉത്തരവാദിത്വം നിർവഹിച്ചുവെന്ന സംതൃപ്‍തിയിലാണ് അധികൃതര്‍. സർക്കാർ സംവിധാനത്തിൽ നിന്നുള്ള ഏക സ്‍മാരാകം ഇതു മാത്രമാണ്.

അബ്ദുൾ ഖാദർ തന്നെ പാടിയ ഒരു വരി തന്നെ ഇതിനെല്ലാം അടിവരയിടുകയാണ്,
'ലോകമെ നീയൊരു
നാടകശാല
മനുഷ്യരെല്ലാം നടരാണിതിൽ
നടനം തീർന്നാൽ...'