മോണാലിസ മുതൽ വിട്രൂവിയൻ മാൻ വരെ, ലിയനാർഡോ ഡാവിഞ്ചിയുടെ കലാസൃഷ്ടികളിൽ ഭൂരിഭാഗവും പ്രതിരൂപമാണ്. ഒരു യഥാർത്ഥ നവോത്ഥാന കലാകാരനായിരുന്നു അദ്ദേഹം. ലിയനാർഡോ ഒരു ചിത്രകാരൻ മാത്രമല്ല, ശാസ്ത്രജ്ഞൻ, സംഗീതജ്ഞൻ, എഞ്ചിനീയർ, ഗണിതശാസ്ത്രജ്ഞൻ എല്ലാമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ചിത്രങ്ങൾ കലാചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. ലിയനാർഡോ ഇറ്റാലിയൻ നവോത്ഥാനത്തിന്റെ മുഖങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 1452 -ൽ ജനിച്ച അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകൾ നോക്കാം.

“ഡാവിഞ്ചി” എന്ന് പലപ്പോഴും അദ്ദേഹത്തെ വിളിക്കാറുണ്ടെങ്കിലും, ലിയനാർഡോയ്ക്ക് അവസാന നാമം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഡാവിഞ്ചിയെന്നാൽ “വിൻസിയുടെ” എന്നാണ് അർത്ഥം. വിൻസി അദ്ദേഹത്തിന്റെ ജന്മനാടായിരുന്നു. അക്കാലത്ത് ഇത് സാധാരണമായിരുന്നു. ലിയനാർഡോയുടെ കാലത്ത്, പാരമ്പര്യ കുടുംബപ്പേരുകൾ സവർണർക്കിടയിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടാണ് മിക്ക മ്യൂസിയങ്ങളും അക്കാദമിക് പുസ്തകങ്ങളും അദ്ദേഹത്തെ ലിയനാർഡോ എന്ന് വിളിക്കുന്നത്.  

സമ്പന്നനായ ഫ്ലോറൻറൈൻ നോട്ടറിയായ സെർ പിയേറോയും കാറ്റെറിന എന്ന കർഷകയുടെയും അവിഹിത ബന്ധത്തിലെ മകനാണ് ലിയനാർഡോ. ലിയനാർഡോയുടെ ജനനത്തിന് ശേഷം കാറ്റെറിന ഒരു കരകൗശലക്കാരനെ വിവാഹം കഴിച്ചു. എന്നാൽ, സെർ പിയേറോ ലിയോനാർഡോയെ നിയമാനുസൃത പുത്രനായി കണക്കാക്കുകയും, സെറിന്റെ കുടുംബ എസ്റ്റേറ്റിൽ അദ്ദേഹത്തെ വളരാൻ അനുവദിക്കുകയും ചെയ്തു. 12 അർദ്ധസഹോദരന്മാരുണ്ടായിരുന്നു അദ്ദേഹത്തിന്. തന്നെക്കാൾ പ്രായം കുറഞ്ഞ ആ സഹോദരങ്ങളുമായി വലിയ അടുപ്പമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.  

അതുപോലെ തന്നെ അദ്ദേഹത്തെ സംബന്ധിക്കുന്ന മറ്റൊരു കാര്യം, അദ്ദേഹത്തിന് ഔപചാരിക വിദ്യാഭ്യാസം ഒന്നും ലഭിച്ചില്ല എന്നതാണ്. വായന, എഴുത്ത്, ഗണിതം എന്നിവയുടെ അടിസ്ഥാനകാര്യങ്ങൾ അദ്ദേഹം പഠിച്ചു. എന്നാൽ, കൂടുതൽ ആഴത്തിലുള്ള പഠനം നടന്നത് പിന്നീടുള്ള ജീവിതത്തിലാണ്. അക്കാലത്തെ അക്കാദമിക് ഭാഷയായിരുന്ന ലാറ്റിൻ, അദ്ദേഹം സ്വയം പഠിച്ചെടുക്കുകയായിരുന്നു. നൂതന ഗണിതശാസ്ത്രം, അദ്ദേഹത്തിന് താൽപ്പര്യമുള്ള വിഷയമായിരുന്നു. മുപ്പതുകളിൽ അദ്ദേഹം ഈ വിഷയം സ്വയം പഠിച്ചെടുക്കുകയും ചെയ്തു.  

എക്കാലത്തെയും മികച്ച കലാകാരന്മാരിൽ ഒരാളായി ലിയനാർഡോ കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സൃഷ്ടികളുടെ എണ്ണം താരതമ്യേന കുറവായിരുന്നു. വാസ്തവത്തിൽ അദ്ദേഹത്തിന്റെ പതിനേഴോളം ചിത്രങ്ങൾ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. ശാസ്ത്രീയ ഗവേഷണത്തിലും എഞ്ചിനീയറിംഗ് കാര്യങ്ങളിലും വ്യാപൃതനായിരുന്ന അദ്ദേഹം. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചില കൃതികൾ, ദി ബാറ്റിൽ ഓഫ് ആംഗിയാരി, ലെഡ എന്നിവ അറിയപ്പെടുന്നത് പ്രിപ്പറേറ്ററി സ്കെച്ചുകളിലൂടെയോ അല്ലെങ്കിൽ മറ്റ് ചിത്രകാരന്മാർ പകർത്തിയ പകർപ്പുകളിലൂടെയോ ആണ്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത പ്രശസ്തി അദ്ദേഹത്തിന്റെ കലയുടെ താല്പര്യത്തെ തുറന്ന് കാണിക്കുന്നു.  

കൗമാരപ്രായത്തിൽ തന്നെ ലിയനാർഡോയ്ക്ക് കലാപരമായ പരിശീലനം ലഭിച്ചിരുന്നു. പിതാവിന്റെ സ്വാധീനം മൂലം, ബഹുമാനപ്പെട്ട കലാകാരൻ ആൻഡ്രിയ ഡെൽ വെറോച്ചിയോയുടെ സ്റ്റുഡിയോയിൽ 15 -ാം വയസിൽ അദ്ദേഹത്തിന് പ്രവേശനം ലഭിച്ചു. ചിത്രകലയുടെയും ശില്പകലയുടെയും അടിസ്ഥാനകാര്യങ്ങൾ മാത്രമല്ല, എഞ്ചിനീയറിംഗ്, സാങ്കേതിക കലകളും അദ്ദേഹം പഠിച്ചു. രസതന്ത്രം, ഡ്രാഫ്റ്റിംഗ്, മെറ്റലർജി, മെറ്റൽ വർക്കിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, അന്റോണിയോ പൊള്ളുവോളോയുടെ വർക്ക് ഷോപ്പിലും അദ്ദേഹം പ്രവർത്തിച്ചു, ഇരുപതാം വയസ്സിൽ അദ്ദേഹം ചിത്രകാരന്റെ കൂടെക്കൂടി. എന്നാൽ, പിന്നീടുള്ള അഞ്ച് വർഷം വെറോച്ചിയോയുടെ കീഴിൽ തന്നെ അദ്ദേഹം പരിശീലനം തുടർന്നു.  

ലിയനാർഡോയ്ക്ക് മനുഷ്യശരീരത്തെ കുറിച്ചറിയാൻ ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം മിലൻ, ഫ്ലോറൻസ്, റോം എന്നിവിടങ്ങളിലെ ആശുപത്രികളിൽ മുപ്പതോളം മനുഷ്യശരീരങ്ങൾ കീറിമുറിച്ച് അതിനെ കുറിച്ച് പഠിച്ചു. ശരീരഘടനയോടുള്ള വെറും താൽപര്യം മാത്രമല്ല, ഫിസിയോളജിക്കൽ ഗവേഷണവും അദ്ദേഹം നടത്തി. മസ്തിഷ്കം, ഹൃദയം, ശ്വാസകോശം എന്നിവ ശരീരത്തിന്റെ കാമ്പായി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇപ്പോഴും ശാസ്ത്രത്തിലെ ഒരു വലിയ നേട്ടമായി അറിയപ്പെടുന്നു. വാസ്തവത്തിൽ, അദ്ദേഹത്തിന്റെ ശരീരഘടനാ ചിത്രങ്ങൾ ആധുനിക ശാസ്ത്രീയ ചിത്രീകരണത്തിന് അടിസ്ഥാനമായി.

അദ്ദേഹം ഒരു എഴുത്തുകാരൻ കൂടിയായിരുന്നു. ലിയോനാർഡോയുടെ പല നോട്ട്ബുക്കുകളും ബ്രിട്ടീഷ് ലൈബ്രറി, വിക്ടോറിയ & ആൽബർട്ട് മ്യൂസിയം പോലുള്ള പ്രമുഖ സ്ഥാപനങ്ങളിലുണ്ട്. എന്നാൽ ഒന്ന്, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ കൈയിലാണ്.  
ലിയനാർഡോയുടെ കോഡെക്സ് ഹാമരെന്നും, കോഡെക്സ് ലീസസ്റ്റരെന്നും അറിയപ്പെടുന്ന ആ നോട്ടുബുക്ക് ബിൽ ഗേറ്റ്സ് 1994 -ൽ 30.8 ദശലക്ഷം ഡോളറിന് വാങ്ങി. 1506 -നും 1510 -നും ഇടയിലാണ് 72 പേജുള്ള നോട്ട്ബുക്ക് അദ്ദേഹം ഉപയോഗിച്ചിരുന്നത്. ആകാശം നീലയായിരിക്കുന്നതിന്റെ കാരണങ്ങൾ മുതൽ ചന്ദ്രന്റെ തിളക്കം വരെ, ജലത്തിന്റെ ചലനം, ഫോസിലുകൾ എങ്ങനെ ഉത്ഭവിച്ചു എന്നതുവരെയുള്ള എല്ലാ ശാസ്ത്രീയ ചിന്താശകലങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

മോണാലിസ, ദ ലാസ്റ്റ് സപ്പർ തുടങ്ങിയവയാണ് ലിയനാർഡോയുടെ പ്രശസ്തമായ കലാസൃഷ്ടികൾ. പക്ഷേ, നിർഭാഗ്യവശാൽ, അദ്ദേഹത്തിന്റെ ഏറ്റവും വലിയ സൃഷ്ടി ഒരിക്കലും വെളിച്ചം കണ്ടില്ല. 1482 -ൽ ലിയനാർഡോ ഫ്ലോറൻസിൽ നിന്ന് മിലാനിലേക്ക് പോയി. ഫ്രാൻസെസ്കോ സ്‌ഫോർസയെ ബഹുമാനിക്കുന്ന ഒരു വലിയ പ്രതിമ ചെയ്യാനായിട്ടായിരുന്നു അത്. ലിയനാർഡോയുടെ പഴയ ഉപദേഷ്ടാവായ വെറോച്ചിയോ ചെയ്ത പ്രതിമകളേക്കാൾ വലുതായിരുന്നു ഇത്. ഇതിന് 16 അടിയിലധികം ഉയരമുണ്ടാകുമായിരുന്നു. ഗ്രാൻ കവല്ലോ എന്ന വിളിപ്പേര് നൽകിയ ഈ പദ്ധതിയിൽ ലിയനാർഡോ 17 വർഷത്തോളം അധ്വാനിച്ചു. 12 വർഷത്തിനുശേഷം, 1493 -ൽ, ശില്പത്തിന്റെ കളിമൺ മാതൃക പ്രദർശിപ്പിക്കുകയും ലിയനാർഡോ വെങ്കലത്തിൽ പ്രതിമ ചെയ്യാനുള്ള ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു. നിർഭാഗ്യവശാൽ, ഫ്രഞ്ച് അധിനിവേശ ഭീഷണിയെ തുടർന്ന് ശില്പത്തിന് ഉപയോഗിക്കേണ്ട ലോഹം പീരങ്കികൾക്കായി ഉപയോഗിച്ചു. 1499 -ൽ ആ നഗരം അട്ടിമറിക്കപ്പെട്ടു.   ഫ്രഞ്ച് സൈന്യം നഗരം ആക്രമിച്ചതോടെ കളിമൺ മാതൃക നശിപ്പിക്കപ്പെട്ടു. നവോത്ഥാനത്തിന്റെ മഹത്തായ സ്മാരകങ്ങളിലൊന്നായിരുന്നു അത്.    

പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം കുപ്രസിദ്ധമായ സിസേർ ബോർജിയയുമായി ലിയനാർഡോ ഒരു കരാറിൽ ഏർപ്പെട്ടു. അലക്സാണ്ടർ ആറാമൻ പോപ്പിന്റെ പുത്രൻ, പോപ്പിന്റെ സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫ് ആയിരുന്നു. ക്രൂരമായ രീതിയിൽ അയാൾ അധികാരം നിലനിർത്തുകയും വിവിധ ഇറ്റാലിയൻ രാജ്യങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു. അപ്പോഴാണ് ലിയനാർഡോ “സീനിയർ മിലിട്ടറി ആർക്കിടെക്റ്റ്, ജനറൽ എഞ്ചിനീയർ” ആയി 10 മാസം ചെലവഴിച്ചത്. ബോർജിയയുടെ വിവിധ പ്രദേശങ്ങളിൽ സർവേ നടത്താൻ അദ്ദേഹം യാത്ര ചെയ്തു. നിരവധി നഗര പദ്ധതികളും ടോപ്പോഗ്രാഫിക് മാപ്പുകളും അദ്ദേഹം സൃഷ്ടിച്ചു.

60 വയസ്സുള്ളപ്പോൾ രാഷ്ട്രീയ പ്രക്ഷോഭത്തെത്തുടർന്ന് മിലാനിൽ നിന്ന് ലിയനാർഡോയ്ക്ക് പുറത്തുപോകേണ്ടിവന്നു. പലയിടത്തും സഞ്ചരിച്ച അദ്ദേഹം ഒടുവിൽ ഫ്രാൻസ് രാജാവിന്റെ സഹായം സ്വീകരിച്ചു. 1516 -ൽ 65 -ാം വയസ്സിൽ അദ്ദേഹം ഫ്രാൻസിലേക്ക് പോയി. അവിടെവച്ചാണ്  അദ്ദേഹം കൂടുതലും വരച്ചതെങ്കിലും, തന്റെ ശാസ്ത്രീയ പ്രൊജക്ടുകളിലും അദ്ദേഹം ധാരാളം സമയം ചെലവഴിച്ചു. ഫ്രാൻസിലെത്തി ഏതാനും വർഷങ്ങൾക്കുശേഷം അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തെ കൊളീജിയറ്റ് ചർച്ച് ഓഫ് സെന്റ് ഫ്ലോറന്റിൻ ചാറ്റോ ഡി അംബോയിസിലെ സംസ്കരിച്ചു. നിർഭാഗ്യവശാൽ, 1802 -ൽ ഫ്രഞ്ച് വിപ്ലവകാലത്ത് പള്ളി തകർന്നു. ചില ശവകുടീരങ്ങളും നശിപ്പിക്കപ്പെട്ടതിനാൽ, അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ എവിടെയാണെന്ന് ചരിത്രകാരന്മാർക്ക് അറിയാൻ സാധിക്കാതായി.