ലാഹോറിലെ ഒരൂകൂട്ടം യുവാക്കളുടെ നാടകസംഘം രാജ്യത്ത് നിലനിന്നുപോരുന്ന മതപരമായ അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യുകയാണ്. കലയാണ് എല്ലാക്കാലത്തും വളരെ ശക്തമായി അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അനീതിക്കുമെതിരെ പോരടാനുപയോഗിക്കുന്ന ഒരായുധം. മനുഷ്യരുടെയുള്ളിലേക്ക് എളുപ്പത്തില്‍ പുരോഗമനചിന്താഗതികള്‍ക്കെത്തിച്ചേരാന്‍ കലയിലൂടെ കഴിഞ്ഞു. കലയും ഒരുതരത്തില്‍ കലാപമാണ്. സര്‍ഗാത്മകമായ വഴികളാണ് അതിന്‍റേത് എന്നുമാത്രം... അത്തരത്തിലൊരു തിയേറ്റര്‍ ഗ്രൂപ്പാണിതും. Surkha Ghar/ Mad Mask Theater എന്ന് പേരിട്ടിരിക്കുന്ന സംഘം 2014 -ല്‍ ഉസാമ ലോധി ഔള്‍ എന്ന തിയേറ്റര്‍ ആര്‍ട്ടിസ്റ്റിന്‍റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. 

120 ദേശീയ അന്തര്‍ദേശീയ വേദികളില്‍ സംഘം നാടകമവതരിപ്പിച്ചുകഴിഞ്ഞു. സമൂഹത്തില്‍ നിലനിന്നുപോരുന്ന തെറ്റായ ചിന്താഗതികളെയും ആശയത്തെയും കലയിലൂടെ ചോദ്യം ചെയ്യുക എന്നതാണ് തിയേറ്റര്‍ ഗ്രൂപ്പിന്‍റെ ലക്ഷ്യം. നൃത്തം, സംഗീതം, അഭിനയം എന്നതിലൂടെ സമൂഹത്തെ ബോധവല്‍ക്കരിക്കാനാണ് ഇവരുടെ ശ്രമങ്ങള്‍. അതിനായി സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്കിടയിലും മറ്റും നാടകം അവതരിപ്പിക്കപ്പെടുന്നു. 

തന്‍റെ അമ്മാവനുമായി അടുത്ത സൗഹൃദമുണ്ടാകുന്നതിന് മുമ്പ് വരെ താനും പല തെറ്റായ ധാരണകളും വച്ചുപുലര്‍ത്തിയിരുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന മതത്തിന്‍റെ പേരിലുള്ള ദുരാചാരങ്ങള്‍ക്കെതിരെ സംസാരിച്ചുകൊണ്ടിരിക്കുന്ന ആളായിരുന്നു അമ്മാവന്‍. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭ്രഷ്‍ടുകള്‍, മതത്തിന്‍റെ പേരിലുള്ള തെറ്റായ വിശ്വാസങ്ങള്‍ തുടങ്ങി സാമൂഹികവും സാംസ്‍കാരികവുമായ നിരവധി കാര്യങ്ങള്‍ തങ്ങള്‍ സംസാരിക്കുമായിരുന്നു -എന്ന് ഉസാമ പറയുന്നു. 

തിയേറ്ററുമായി മുന്നോട്ട് പോയ ആദ്യവര്‍ഷങ്ങളില്‍ കനത്ത പ്രതികരണങ്ങളാണ് സമൂഹത്തിന്‍റെ ഭാഗത്തുനിന്നും ഉസാമയ്ക്കും സംഘത്തിനും നേരിടേണ്ടി വന്നത്.  അടഞ്ഞ വാതിലുകള്‍ക്കകത്തുപോലും ആളുകള്‍ സംസാരിക്കാന്‍ ഭയക്കുന്ന കാര്യങ്ങളെ കുറിച്ച് ശക്തമായി സംസാരിക്കണം എന്ന് തോന്നിയതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഉസാമയുടെ പ്രവര്‍ത്തനങ്ങള്‍. 

''രഹസ്യസംഘത്തെ പോലെയായിരുന്നു ഞങ്ങള്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. അവിടെ എന്‍റെ ചിന്തകളുമായി പൊരുത്തപ്പെടുന്ന ആളുകളുമായി വിവേകപൂർവ്വം പ്രവർത്തിച്ചു. പ്രഭാഷണങ്ങൾ നടത്തുക, നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ ചരിത്രം വായിക്കുക, നാടകലോകത്തേക്ക് നമ്മെത്തന്നെ ചേര്‍ക്കുക'' എന്നിങ്ങനെയായിരുന്നു തുടക്കമെന്ന് ഉസാമ ഓർമ്മിക്കുന്നു. 

അതുവരെ ജനങ്ങള്‍ ചിന്തിക്കാതിരുന്ന കാര്യങ്ങള്‍ സമൂഹത്തിനു മുന്നിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ് തങ്ങള്‍ ചെയ്‍തത് എന്ന് ഉസാമ പറയുന്നു. രൂക്ഷപ്രതികരണങ്ങളുമായി പലരും അവരെ അക്രമിച്ചു. ട്രാന്‍സ്‍ജെന്‍ഡര്‍ പ്രശ്‍നങ്ങളവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ ദുരനുഭവത്തെപ്പറ്റിയുമെല്ലാം ഉസാമ ഓര്‍ക്കുന്നു. നാടകപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിന്‍റെ ഭാഗമായി അറസ്റ്റ് വരെ ചെയ്യപ്പെട്ടേനെ അവര്‍. നാടകസംഘം അടച്ചുപൂട്ടുന്നതിന്‍റെ വക്കില്‍വരെ ചെന്നെത്തി പലപ്പോഴും കാര്യങ്ങള്‍. സമൂഹത്തിലെ തെറ്റായ കാര്യങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക, പേടിക്കാതെ അധികാരികള്‍ക്കോ, സ്റ്റേറ്റിനോ, സൈന്യത്തിനോ നേരെ വിരല്‍ ചൂണ്ടാനാവുക ഇത്രയുമാണ് ഉസാമയുടെയും സംഘത്തിന്‍റെയും മനസിലുണ്ടായിരുന്നത്. 

25 പേരടങ്ങുന്ന സംഘത്തില്‍ മൂന്നുപേര്‍ മാത്രമാണ് സ്ത്രീകളായിട്ടുള്ളത്. അതിലൊരു യുവതി ഇത്തരമൊരു സംഘത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ സമൂഹത്തില്‍നിന്നും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറയുന്നു. മിക്കപ്പോഴും സ്ത്രീകളുടെ ചുമലിലായിരിക്കും സാമൂഹ്യവും മതപരവുമായ ഭാരമേറെയും. അവര്‍ക്ക് പുരുഷന്മാരേക്കാള്‍ സദാചാരം സൂക്ഷിക്കേണ്ടിവരും. പരിശീലനത്തിന് പോയി വൈകിവരുന്നത് വീട്ടിലുണ്ടാക്കിയ പ്രശ്നങ്ങള്‍ തന്നെ വളരെ വലുതായിരുന്നുവെന്നും അവര്‍ പറയുന്നു. 

ആദ്യത്തെ സ്റ്റേജ് പെര്‍ഫോര്‍മന്‍സ് കാണാന്‍ മാതാപിതാക്കള്‍ വന്നിട്ടുണ്ടായിരുന്നു. അവകാശത്തിന് വേണ്ടി സംസാരിക്കുന്ന ഒരു ട്രാന്‍സ്ജെന്‍ഡറായിട്ടാണ് അഭിനയിച്ചത്. അത് കണ്ടതോടെ വീട്ടുകാര്‍ എന്നേക്കുമായി തന്നെ അഭിനയിക്കുന്നതില്‍നിന്നും ഈ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്നും തടഞ്ഞു. രഹസ്യമായിട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതെന്നും ഒരാള്‍ പറയുന്നു. പക്ഷേ, മാറ്റം വേണമെന്നുണ്ടെങ്കില്‍ അത് തങ്ങള്‍ തന്നെ തുടങ്ങിവെക്കേണ്ടതുണ്ട് എന്നും അവള്‍ക്കറിയാം. 

ഏതായാലും ഉസാമയുടെയും തിയേറ്റര്‍ ഗ്രൂപ്പിന്‍റെയും പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് വെളിച്ചം പകരുന്ന ഒന്നുതന്നെയാണ് എന്നതില്‍ തര്‍ക്കമില്ല. കലാകാരന്മാരെന്ന തരത്തില്‍ തങ്ങളുടെ സാമൂഹ്യഉത്തരവാദിത്വം നിറവേറ്റുക തന്നെയാണവര്‍.