Asianet News MalayalamAsianet News Malayalam

'ടൂ ഹോട്ട്, അടിവസ്ത്രം കാണുന്നു'; മരിലിൻ മൺറോയുടെ കൂറ്റൻ പ്രതിമയ്‍ക്കെതിരെ പ്രതിഷേധം

മണ്‍റോയുടെ യഥാർത്ഥ പേര് നോർമ ജീൻ ബേക്കർ എന്നാണ്. പതിനൊന്നാമത്തെ വയസ്സിൽ ബലാത്സംഗം നേരിടേണ്ടി വന്ന അവൾ ജീവിതത്തിലുടനീളം ലൈംഗിക പീഡനത്തെ അതിജീവിക്കേണ്ടി വന്നു. 

Marilyn Monroe statue Palm Springs faces widespread criticism
Author
California, First Published Jun 24, 2021, 10:37 AM IST

അമേരിക്കൻ നടിയും ഗായികയും മോഡലും പോപ്പ് ഐക്കണും ആയിരുന്നു മരിലിൻ മൺറോ. അവളുടെ വശ്യസൗന്ദര്യവും ഹാസ്യാഭിനയത്തിനുള്ള കഴിവും എക്കാലവും പുകഴ്ത്തപ്പെടുന്ന ഒന്നാണ്. എന്നാൽ, ഇപ്പോഴിതാ മരിലിന്‍ മണ്‍റോയുടെ ഒരു ശില്‍പം നീക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് വലിയ തരത്തിലുള്ള പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയാണ് കാലിഫോര്‍ണിയ. മരിച്ചു കഴിഞ്ഞിട്ടും മരിലിൻ മൺറോയെ ചൂഷണം ചെയ്യുകയാണ് എന്നാണ് പ്രതിമയ്ക്കെതിരെയുള്ള പ്രധാന ആരോപണം.  

Marilyn Monroe statue Palm Springs faces widespread criticism

ഞായറാഴ്ചയാണ് പാം സ്പ്രിങ് ആര്‍ട്ട് മ്യൂസിയത്തിന് സമീപം മണ്‍റോയുടെ 26 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തത്. ചടങ്ങില്‍ നിരവധിപ്പേര്‍ പ്രതിഷേധവുമായി എത്തി. 'ഫോര്‍എവര്‍ മരിലിന്‍' എന്ന ഈ ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത് ആര്‍ട്ടിസ്റ്റായ സെവാര്‍ഡ് ജോണ്‍സണ്‍ ആണ്. 2011 -ൽ നിര്‍മ്മിച്ച പ്രതിമ ഈ ഹോളിവുഡ് താരത്തിന്റെ അടിഭാഗവും അടിവസ്ത്രങ്ങളും തുറന്നുകാട്ടുന്നതാണ് എന്നാണ് പ്രധാന ആരോപണം. ഇത് യുഎസിലെ നിരവധി സ്ഥലങ്ങളിൽ പര്യടനം നടത്തി, ന്യൂജേഴ്‌സിയിലെ ഹാമിൽട്ടണിലേക്ക് മാറ്റുന്നതിനുമുമ്പ് 2012 -ലാണ് പാം സ്പ്രിംഗ്സിൽ പ്രദർശിപ്പിക്കുന്നത്. 

2018 -ൽ കണക്റ്റിക്കട്ടിൽ സ്ഥാപിക്കുന്നതിനായി യുഎസിലേക്ക് മടങ്ങുന്നതിന് മുമ്പ് ഓസ്‌ട്രേലിയൻ നഗരമായ ബെൻഡിഗോയിലും പ്രതിമ പ്രദർശിപ്പിച്ചു. 2019 -ൽ പാം സ്പ്രിംഗ്സ് മേയർ ആ പ്രതിമ മടങ്ങിവരുമെന്നും സ്ഥിരമായി അത് അവിടെ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചതോടെയാണ് പ്രദേശവാസികളുടെയും കലാരംഗത്തുള്ളവരുടെയും എതിര്‍പ്പുണ്ടാകുന്നത്. ഈ ശില്പം സ്ഥാപിക്കുന്നതിന് അനുകൂലമായി സിറ്റി കൗൺസിൽ ഐക്യകണ്ഠേന വോട്ടുചെയ്തപ്പോൾ, ആർട്ട് മ്യൂസിയത്തിന്റെ അവസാന നാല് ഡയറക്ടർമാർ പ്രതിമ സ്ഥാപിക്കുന്നതിനെ പരസ്യമായി എതിർത്തു. പരസ്യമായ ലൈംഗികത പ്രദര്‍ശിപ്പിക്കുന്നു എന്ന് ആരോപിച്ചായിരുന്നു എതിര്‍പ്പ്. 

Marilyn Monroe statue Palm Springs faces widespread criticism

ഏറ്റവും പുതിയ ഡയറക്ടര്‍ ലൂയിസ് ഗ്രാച്ചോ കഴിഞ്ഞ വർഷം ആർട്ട് ന്യൂസ്‌പേപ്പറിനോട് പറഞ്ഞത്: 'നിങ്ങൾ മ്യൂസിയത്തിൽ നിന്ന് പുറത്തുവരികയാണ്, നിങ്ങൾ ആദ്യം കാണാൻ പോകുന്നത് 26 അടി ഉയരമുള്ള മെർലിൻ മൺറോയുടെ പുറകുവശവും അടിവസ്ത്രങ്ങളും തുറന്നുകാണിക്കുന്നതാണ്' എന്നാണ്. 'ഓരോ വര്‍ഷവും ഒരു ലക്ഷത്തോളം സ്കൂളില്‍ പഠിക്കുന്ന പ്രായത്തിലുള്ള കുട്ടികള്‍ നമ്മുടെ മ്യൂസിയത്തില്‍ വരുന്നുണ്ട്. അവര്‍ക്ക് ഇതിലൂടെ എന്ത് സന്ദേശമാണ് നിങ്ങള്‍ കൊടുക്കാനുദ്ദേശിക്കുന്നത്. സ്ത്രീകളെ വെറും വസ്തുക്കളാക്കി കാണിക്കുന്ന, അവരോട് അനാദരവ് കാണിക്കുന്ന ശില്‍പമാണിത്' എന്നും അദ്ദേഹം പറയുന്നു. 

Marilyn Monroe statue Palm Springs faces widespread criticism

മുൻ മ്യൂസിയം ഡയറക്ടർമാരും ക്യൂറേറ്റർമാരും സംയുക്തമായി ചേർന്ന് പ്രസിദ്ധീകരിച്ച ഒരു കത്ത് നഗരത്തിന്റെ തീരുമാനത്തെ 'മ്യൂസിയത്തിന്‍റെ വൈവിധ്യങ്ങളെ തിരിച്ചറിയാനാവാത്തത്' എന്നാണ് വിശേഷിപ്പിച്ചത്. മ്യൂസിയത്തില്‍ കലാരംഗവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭാഷണങ്ങള്‍ തിരിച്ചറിയാനാവത്തത് എന്നും കത്തില്‍ പറയുന്നു. ചില പ്രതിഷേധക്കാരാവട്ടെ 'മീടൂ മൂവ്മെന്‍റി'ന്‍റെ കാലത്ത് തികച്ചും അനുചിതമാണ് ഈ പ്രതിമ എന്നാണ് പറഞ്ഞത്. ഇത് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ലൈംഗിക പീഡനം തുറന്നുകാട്ടുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നതാണ് എന്നും അവര്‍ ആരോപിക്കുന്നു. 

ഒരു ആക്ടിവിസ്റ്റ് ഗ്രൂപ്പ് #MeTooMrallyn എന്ന പേരില്‍ നിവേദനം എഴുതിയ സമയത്ത് 41,700 ലധികം ഒപ്പുകൾ ശേഖരിച്ചിട്ടുണ്ടായിരുന്നു. 1962 ഓഗസ്റ്റിൽ അന്തരിച്ച മൺറോയെ, ഒരു മികച്ച കാലാകാരിയെന്ന തരത്തിലാണ് ഉള്‍ക്കൊള്ളേണ്ടത് അല്ലാതെ വെറുമൊരു ലൈംഗികവസ്തുവായിട്ടല്ല, അവളുടെ ഓര്‍മ്മകളെ നഗരം അശുദ്ധമാക്കരുത് എന്നും നിവേദനത്തില്‍ പറയുന്നു. 

മണ്‍റോയുടെ യഥാർത്ഥ പേര് നോർമ ജീൻ ബേക്കർ എന്നാണ്. പതിനൊന്നാമത്തെ വയസ്സിൽ ബലാത്സംഗം നേരിടേണ്ടി വന്ന അവൾ ജീവിതത്തിലുടനീളം ലൈംഗിക പീഡനത്തെ അതിജീവിക്കേണ്ടി വന്നു. 1950 -കളിൽ സ്റ്റുഡിയോ മേധാവികളിൽ നിന്നുള്ള ദുരുപയോഗത്തെക്കുറിച്ച് സംസാരിച്ച അവർ 'ചെന്നായ്ക്കളെ സൂക്ഷിക്കണം' എന്നാണ് വരാനിരിക്കുന്ന നടിമാര്‍ക്ക് മുന്നറിയിപ്പ് നൽകിയത്.

Marilyn Monroe statue Palm Springs faces widespread criticism

നഗരധനസഹായമുള്ള ടൂറിസം ഏജൻസിയായ പി‌എസ് റിസോർട്ടാണ് ഈ പ്രതിമ വാങ്ങിയത്. എന്നാല്‍, വിവാദങ്ങളെല്ലാം ഉണ്ടാകുമ്പോഴും ഏജൻസി ചെയർമാൻ അഫ്താബ് ദാദ പറയുന്നത്, '2012 മുതൽ 2014 വരെ പാം സ്പ്രിംഗ്സിലെ പ്രതിമയുടെ പര്യടനം നഗരത്തിനായി മില്ല്യണ്‍ കണക്കിന് ഡോളർ കൊണ്ടുവന്നു. പാം സ്പ്രിംഗ്സിലെ എല്ലാ ബിസിനസുകളെയും വളരെയധികം സഹായിച്ചിട്ടുണ്ട് അത്' എന്നുമാണ്.  

Follow Us:
Download App:
  • android
  • ios