ഭൂമിയില്‍നിന്ന് മീറ്ററുകളുയരത്തില്‍ ഒരു വിവാഹം നടന്നു, ജര്‍മ്മന്‍ നഗരമായ ബ്രയിസാഹില്‍ വെച്ചായിരുന്നു അത്. വലിച്ചുകെട്ടിയ കയറിന്മേല്‍ ഇരുന്ന വധു അന്ന ട്രബര്‍ എന്ന മുപ്പത്തിമൂന്നുകാരി. ആര്‍ട്ടിസ്റ്റുകളുടെ കുടുംബമായ ട്രബര്‍ കുടുംബത്തില്‍ പിറന്ന അന്നയും സ്വെന്‍ ലയറും തമ്മിലുള്ള വിവാഹം നടന്നത് മുകളില്‍ വലിച്ചുകെട്ടിയ ഞാണിന്മേലായിരുന്നു.

 

ഞാണിന്മേല്‍ കളിക്കാരിയാണ് അന്ന. തന്‍റെ കലയുമായി ബന്ധപ്പെട്ടുള്ളതാവണം വിവാഹമെന്ന് അവള്‍ക്ക് തോന്നിയതോടെയാണ് വിവാഹം വായുവിലായത്. അന്നയുടെ അച്ഛന്‍ ജോനാന്‍ ട്രബര്‍ വലിച്ചുകെട്ടിയ ഞാണിന്മേലെ ബൈക്കിലൂടെയെത്തിയാണ് വധൂവരന്മാരെ അനുഗ്രഹിച്ചത്. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വലിച്ചുമുറുക്കിക്കെട്ടിയ കയറിലിരിക്കുന്ന വധൂവരന്മാരുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് താഴെനിന്ന് ചടങ്ങ് വീക്ഷിച്ചത്. 

ഞാണിന്മേല്‍ക്കളി എന്ന കല അന്നയുടെ ജീവിതത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. അന്നയുടെയും കുടുംബത്തിന്‍റെയും ജീവിതം ആ കലയിലാണ്. അതുകൊണ്ട് തന്നെ വിവാഹത്തെ ഏറെ സര്‍ഗാത്മകമായാണ് അവര്‍ സമീപിച്ചതും. എല്ലാ വിവാഹങ്ങളും ഒരു ഞാണിന്മേല്‍ക്കളിയാണ്. ഞങ്ങളുടെ വിവാഹം നടത്താവുന്ന ഏറ്റവും മികച്ചയിടം ഈ ഞാണിന്‍റെ മുകളില്‍ തന്നെയായിരുന്നുവെന്ന് അന്ന ട്രബര്‍ പറഞ്ഞു.