Asianet News MalayalamAsianet News Malayalam
Thrikkakara by election Uma Thomas viral image Photographer Arun Chandra Bose
Gallery Icon

ആ വൈറല്‍ ചിത്രത്തിന് പിന്നില്‍... ; ഫോട്ടോഗ്രാഫര്‍ അരുണ്‍ ചന്ദ്രബോസ് സംസാരിക്കുന്നു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മാധ്യമങ്ങളുടെയും കൂടെ ഉല്‍സവമായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ ചലനങ്ങളും വിട്ടുപോവാതെ പകര്‍ത്താന്‍ മാധ്യമങ്ങള്‍ മല്‍സരിച്ച കാലം. ഒന്നിലേറെ ഫോട്ടോഗ്രാഫര്‍മാരുമായാണ് നമ്മുടെ പത്രങ്ങള്‍ ഈ തെരഞ്ഞെടുപ്പ് കവര്‍ ചെയ്തത്. എന്നിട്ടും, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നനാള്‍, നമ്മുടെ മിക്ക പത്രങ്ങളും ഒന്നാം പേജില്‍ ആഘോഷമായി പ്രസിദ്ധീകരിച്ചത് തങ്ങളുടെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത പടമായിരുന്നില്ല. തെരഞ്ഞെടുപ്പ് വിജയം നല്‍കിയ ആഘോഷാരവങ്ങള്‍ക്കിടയില്‍, വിജയിച്ച യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് സ്വന്തം വീടിന്‍റെ ഏകാന്തതയില്‍, ഇപ്പോള്‍ കൂടെയില്ലാത്ത ഭര്‍ത്താവ് പി ടി തോമസിന്‍റെ ചിത്രത്തിന് മുന്നില്‍ ഉള്ളുലഞ്ഞു നില്‍ക്കുന്ന ഒരു ഗംഭീര ചിത്രമായിരുന്നു. സ്വന്തം ഫോട്ടോഗ്രാഫര്‍മാര്‍ നിറഞ്ഞു നിന്ന് മികച്ച പടങ്ങള്‍ പകര്‍ത്തിയിട്ടും പല പത്രങ്ങളും, ആരാണ് പകര്‍ത്തിയത് എന്നു പോലും പറയാതെയാണ് ആ ഫോട്ടോഗ്രാഫ് ഗംഭീരമായി പ്രസിദ്ധീകരിച്ചത്. ആരായിരുന്നു ആ ഫോട്ടോഗ്രാഫര്‍? ഇത്രയേറെ ക്യാമറക്കണ്ണുകള്‍ ഒന്നിച്ചു കണ്‍തുറന്നിട്ടും, ആ തെരഞ്ഞെടുപ്പിന്‍റെ ഐക്കണ്‍ ചിത്രമായി മാറിയ ആ ഫോട്ടോ പകര്‍ത്തിയത് ആരായിരുന്നു?

ആ ചിത്രം പ്രസിദ്ധീകരിച്ച പത്രങ്ങളില്‍ മംഗളം മാത്രമാണ് ആരാണ് ആ ഫോട്ടോഗ്രാഫറെന്ന് അടയാളപ്പെടുത്തിയത്. അത് അരുണ്‍ ചന്ദ്രബോസ് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ പടമായിരുന്നു. അരുണ്‍ കൊച്ചിയിലെ വാര്‍ത്താചിത്ര മേഖലയില്‍ പുതിയ ആളല്ല.  22 വര്‍ഷം മനോരമയടക്കം കേരളത്തിലെ വിവിധ മാധ്യമങ്ങളില്‍ ന്യൂസ് ഫോട്ടോ ജേര്‍ണലിസ്റ്റ് കൂടിയായിരുന്ന അരുണ്‍ ചന്ദ്രബോസ് ഇപ്പോള്‍ വാര്‍ത്താ ഏജന്‍സികള്‍ക്ക് വേണ്ടി ചിത്രങ്ങളെടുക്കുകയാണ്. മറ്റൊരു കൗതുകം കൂടിയുണ്ട്.  പി ടി തോമസിന്‍റെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറായിരുന്നു അരുണ്‍. ഇപ്പോള്‍ ഉമാ തോമസിന്‍റെയും. 

എങ്ങനെയാണ് ആ ചിത്രം പിറന്നത്? ആ നിമിഷം ഉമ തോമസ് ഏതേത് വികാരനിര്‍ഭരമായ അവസ്ഥകളിലൂടെയാണ് കടന്നുപോയത്? അരുണ്‍ ചന്ദ്രബോസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് ആ കഥ പറയുകയാണ്: