വയൽ വാടകയ്‌ക്കെടുക്കാനും നടാനും പരിപാലിക്കാനുമായി ഗ്രാമത്തിന് പ്രതിവർഷം വെറും 35,000 ഡോളർ മാത്രമേ ചിലവുണ്ടായിരുന്നുള്ളു. എന്നാൽ, ഇത് കാണാൻ നിരവധി ആളുകൾ ഇവിടേയ്ക്ക് വരുന്നു.
ആവശ്യകതയാണ് സൃഷ്ടിയുടെ മാതാവ് എന്ന് പറയാറുണ്ട്. ജപ്പാനിലെ ഒരു ഗ്രാമമായ ഇനാകഡേറ്റിലെ കർഷകരും അവരുടെ വയലുകളിൽ ഇതുവരെ ആരും പരീക്ഷിക്കാത്ത ഒരു പുതിയ ഇനം കലാസൃഷ്ടിക്ക് രൂപം നൽകുകയുണ്ടായി. അതിനെ അവർ പാഡി ആർട്ട് എന്ന് വിളിച്ചു. 1993 -ൽ കർഷകർ വ്യത്യസ്ത നിറങ്ങളിലുള്ള നെല്ല് ചെടികൾ ഉപയോഗിച്ച് പാടത്ത് ഇവാകി പർവതത്തിന്റെ വലിയൊരു പകർപ്പ് സൃഷ്ടിച്ചു. അതോടെ ഒരു പുതിയ കലാരൂപം പിറക്കുകയായിരുന്നു. എന്നാൽ, ഇത്തരമൊരു പരീക്ഷണത്തിന് പിന്നിൽ വ്യക്തമായ ഒരു കാരണമുണ്ടായിരുന്നു.
90 -കളുടെ തുടക്കത്തിൽ, ഗ്രാമത്തിലെ ജനസംഖ്യ നല്ല രീതിയിൽ കുറയാൻ തുടങ്ങി. ഒട്ടുമിക്കവരും നഗരങ്ങളിലേക്ക് നീങ്ങി. അങ്ങനെ ഗ്രാമത്തിന്റെ വരുമാനം കുറഞ്ഞു. ഒടുവിൽ പ്രാദേശിക കൗൺസിൽ ഗ്രാമത്തെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് തലപുകയ്ക്കാൻ തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് 1981 -ൽ 2,000 വർഷം പഴക്കമുള്ള നെൽവയലുകളുടെ പുരാവസ്തു അവശിഷ്ടങ്ങൾ ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയത്. ഇത് വടക്കൻ ജപ്പാനിലെ നെല്ല് വളർത്തുന്ന ഏറ്റവും പഴക്കം ചെന്ന പ്രദേശങ്ങളിലൊന്നായി ഇനാകഡേറ്റിനെ മാറ്റി. ഒരു നിയോലിത്തിക്ക് പ്രമേയമുള്ള അമ്യൂസ്മെന്റ് പാർക്ക് നിർമ്മിച്ചുകൊണ്ട് ഗ്രാമം ഈ കണ്ടെത്തൽ മുതലാക്കാൻ ശ്രമിച്ചു. എന്നാൽ, പാർക്ക് ഒരു വലിയ പരാജയമായി എന്ന് മാത്രമല്ല, 106 മില്യൺ ഡോളർ കടത്തിലുമായി ഗ്രാമം. ഇത് മൊത്തം വാർഷിക ബജറ്റിന്റെ മൂന്നിരട്ടി വലുതായിരുന്നു. ഒടുവിൽ ഇതിൽ നിന്ന് കരകയറാൻ അവർ കണ്ടുപിടിച്ച ഒരു മാർഗ്ഗമായിരുന്നു നെൽവയലുകൾ ക്യാൻവാസാക്കി വലിയ ചിത്രങ്ങൾ ഉണ്ടാക്കി എടുക്കുക എന്നത്. അത് നല്ല രീതിയിൽ വിജയം കണ്ടു.
വയൽ വാടകയ്‌ക്കെടുക്കാനും നടാനും പരിപാലിക്കാനുമായി ഗ്രാമത്തിന് പ്രതിവർഷം വെറും 35,000 ഡോളർ മാത്രമേ ചിലവുണ്ടായിരുന്നുള്ളു. എന്നാൽ, ഇത് കാണാൻ നിരവധി ആളുകൾ ഇവിടേയ്ക്ക് വരുന്നു. അവരിൽ നിന്ന് 70,000 ഡോളർ വരുമാനം ലഭിക്കുന്നു. പാഡി ആർട്ട് കാണാൻ സന്ദർശകരിൽ നിന്ന് നിരക്ക് ഈടാക്കാത്തതിനാൽ ഗ്രാമത്തിന് ലഭിക്കുന്ന വരുമാനം പൂർണമായും സംഭാവനയിൽ നിന്നാണ്.
പാടത്ത് വ്യത്യസ്ത നിറങ്ങളിലുള്ള നെല്ല് അവർ നട്ടുപിടിപ്പിക്കുന്നു. കഴിക്കാൻ ഉപയോഗിക്കുന്ന നെല്ലിന്റെയും, പുരാതനകാലം മുതലുള്ള അലങ്കാര ഇനങ്ങളുടെയും സംയോജനമാണ് ഈ വിത്തുകൾ. പച്ച, മഞ്ഞ കലർന്ന പച്ച, മഞ്ഞ, ആഴത്തിലുള്ള വയലറ്റ്, വെള്ള, ഓറഞ്ച്, ചുവപ്പ് എന്നീ ഏഴ് നിറങ്ങളിലാണ് പ്രധാനമായും വിത്തുകൾ ലഭ്യമാകുന്നത്. വരക്കാനുള്ള ചിത്രം തീരുമാനിച്ചു കഴിഞ്ഞാൽ, ആദ്യം തന്നെ ഒരു പരുക്കൻ സ്കെച്ച് നിർമ്മിക്കുന്നു. അന്തിമ രൂപകൽപ്പനയെ അടിസ്ഥാനമാക്കി, ആവശ്യമായ നിറങ്ങളിലുള്ള നെൽവിത്തുകൾ ശേഖരിച്ച് നടുന്നു. ഇവ വളർന്ന് കഴിഞ്ഞാൽ മനോഹരമായ ചിത്രങ്ങളായി അത് മാറുന്നു.
തുടർന്ന് ഉയരമുള്ള ഒരു പ്ലാറ്റ്ഫോം സ്ഥാപിക്കുകയും ജപ്പാനിലുടനീളം ലക്ഷക്കണക്കിന് സന്ദർശകർക്ക് അവിടെനിന്ന് ഈ ചിത്രങ്ങൾ കാണാൻ സൗകര്യം ഒരുക്കുകയും ചെയ്തു. ഇന്ന്, ഇനാകഡേറ്റിന്റെ ഈ പാഡി ആർട്ട് പ്രതിവർഷം 200,000 സന്ദർശകരെ ആകർഷിക്കുന്നു. 8,000 മാത്രം ജനസംഖ്യയുള്ള ചെറിയ ഗ്രാമത്തിലേക്ക് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഒഴുകി എത്തുന്നു. ഇതിന്റെ സമയം ജൂൺ മുതൽ ഒക്ടോബർ വരെയാണെങ്കിലും, കടുത്ത നിറങ്ങൾ കാണാൻ ഏറ്റവും നല്ല സമയം ജൂലൈ മുതൽ ഓഗസ്റ്റ് വരെയാണ്. ഇന്നത് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. നിരവധി ആളുകളാണ് ഈ വയലുകളിൽ വിരിയുന്ന ചിത്രങ്ങൾ കാണാൻ ഇവിടെ എത്തുന്നത്.
(ചിത്രം: വിക്കിപീഡിയ, Yonezawa-Shi Yamagata, Captain76, Inakadate)
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 14, 2020, 1:01 PM IST
Post your Comments