നിരവധി പ്രമുഖര്‍ യൂലിയയെ പിന്തുണച്ചുകൊണ്ട് മുന്നോട്ട് വന്നു. റഷ്യയിലുടനീളം ആക്ടിവിസ്റ്റുകള്‍ യൂലിയക്കെതിരെ നടക്കുന്ന വിചാരണയില്‍ പ്രതിഷേധിച്ചു. 

റഷ്യയിലെ ഒരു ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണത്തില്‍ വിചാരണ നേടുകയാണ്. സ്ത്രീശരീരവുമായി ബന്ധപ്പെട്ട ചിത്രം ഓണ്‍ലൈനില്‍ പങ്കുവച്ചു എന്നതാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. പരമ്പരാഗത കുടുംബമൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട് എന്ന ക്രെംലിനിലെ നിലപാടിന് എതിരാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഈ ചിത്രകാരിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 

27 -കാരിയായ യൂലിയ സ്വെറ്റ്കോവ വിദൂര കിഴക്കൻ നഗരമായ കൊംസോമോൾസ്ക്-ഓൺ-അമുറിൽ നിന്നുള്ള കലാകാരിയാണ്. ആറ് വർഷം വരെ തടവാണ് ഇവര്‍ക്ക് ഇപ്പോൾ വിധിച്ചിരുന്നത്. ജനപ്രിയ സോഷ്യൽ നെറ്റ്‌വർക്കായ വി.കോണ്ടാക്റ്റെയിലെ അവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പില്‍ യോനിയുടെ ചിത്രം പോസ്റ്റ് ചെയ്തു എന്നതാണ് യൂലിയക്കെതിരെയുള്ള കുറ്റം. എന്നാല്‍, വിചാരണയെ കുറിച്ച് കൂടുതലെന്തെങ്കിലും പറയാന്‍ യൂലിയ വിസമ്മതിച്ചു. 

തിങ്കളാഴ്ച കൊംസോമോൾസ്ക്-അമുർ കോടതിയിലാണ് കേസില്‍ ആദ്യത്തെ വാദം കേട്ടത്. ഇത് യൂലിയയെ തടങ്കലിലാക്കിയതിന് ഒന്നര വർഷത്തിന് ശേഷമാണ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സ്വവർഗ വിവാഹം നിരോധിച്ചുകൊണ്ടുള്ള ഭരണഘടനാ ഭേദഗതികളിൽ ഒപ്പുവെച്ചതിന് എട്ട് മാസത്തിന് ശേഷവുമാണ് എന്നതും ശ്രദ്ധേയമാണ്. 'പരമ്പരാ​ഗതമായ കുടുംബമൂല്യങ്ങൾക്ക് എതിരാണ്' എന്നത് തന്നെയാണ് സ്വവർ​ഗവിവാഹം നിരോധിക്കാനുള്ള കാരണമായും പറഞ്ഞത്.

യൂലിയ നിരപരാധിയാണ് എന്നും അത് കോടതിയില്‍ തെളിയിക്കും എന്നും അവളുടെ അഭിഭാഷകയായ ഐറിന റുച്കോ പറഞ്ഞു. യൂലിയ കുട്ടികള്‍ക്കായി ഒരു ചില്‍ഡ്രന്‍സ് തിയേറ്റര്‍ നടത്തുന്നുണ്ട്. ഒപ്പം തന്നെ സ്ത്രീകളുടെയും എല്‍ജിബിടിക്യു മനുഷ്യരുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഫെമിനിസ്റ്റ് ആക്ടിവിസ്റ്റും കൂടിയാണ്. 'ജൈന മോണലോഗ്സ്' എന്ന പേരില്‍ അവര്‍ ഒരു ഓണ്‍ലൈന്‍ ഗ്രൂപ്പ് തുടങ്ങിയിരുന്നു. സ്ത്രീകളുടെ ശരീരത്തെ ചൊല്ലി സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകളെയും അതിനുമേലുള്ള അതിക്രമങ്ങളെയും എടുത്തു കാണിക്കുന്ന നിരവധി കലാസൃഷ്ടികള്‍ ഇതില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ പല ആര്‍ട്ടിസ്റ്റുകളുടെയും സൃഷ്ടികള്‍ ഉള്‍പ്പെടുന്നു. 

ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ കഴിഞ്ഞ ആഴ്ച യൂലിയയുടെ കേസില്‍ പ്രതികരിക്കുകയുണ്ടായി. 'തന്‍റെ ചിന്തകള്‍ കലയിലൂടെ പ്രകടിപ്പിക്കുക മാത്രമാണ് യൂലിയ ചെയ്തത്. അതിനാല്‍ അവള്‍ക്ക് മേലുള്ള എല്ലാ കുറ്റങ്ങളും പിന്‍വലിച്ച് അവളെ സ്വതന്ത്രയാക്കണം' എന്നാണ് ആംനെസ്റ്റി ആവശ്യപ്പെട്ടത്. മകളുടെ കേസ് കോടതി തള്ളണം എന്ന് യൂലിയയുടെ അമ്മയും ആവശ്യപ്പെട്ടു. 

'യൂലിയ ഒരു ഫെമിനിസ്റ്റാണ്. അവൾ എപ്പോഴും പോണോഗ്രഫിക്ക് എതിരാണ്. അത് സ്ത്രീകളുടെ ശരീരത്തെ ചൂഷണം ചെയ്യുന്നതാണ്. അതിനെ പിന്തുണക്കാന്‍ ഫെമിനിസ്റ്റുകള്‍ക്ക് കഴിയില്ല' എന്നും അവര്‍ പറഞ്ഞു. 2019 നവംബറിലാണ് യൂലിയ തടങ്കലിലാവുന്നത്. ആദ്യത്തെ നാല് മാസം വീട്ടുതടങ്കലിലായിരുന്നു അവള്‍. അവളുടെ വീടും അവളുടെ അമ്മ കുട്ടികള്‍ക്കായി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനം റെയ്ഡ് ചെയ്യുകയും ചെയ്തു. 

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കിടയില്‍ സ്വവര്‍ഗാനുരാഗ പ്രചരണം നടത്തുന്നതിനെതിരെയുള്ള നിയമം ലംഘിച്ചു എന്ന് ആരോപിച്ച് നേരത്തെ രണ്ട് തവണ യൂലിയക്കെതിരെ പിഴ ചുമത്തിയിട്ടുണ്ട്. എൽ‌ജിബിടി പ്രമേയമുള്ള ഒരു ഓൺലൈൻ ഗ്രൂപ്പ് പ്രവർത്തിപ്പിച്ചതിന് 2019 ഡിസംബറിൽ 50,000 റൂബിൾസ് (ഏകദേശം 50,000 രൂപ) പിഴ ചുമത്തി. എല്‍ജിബിടിക്കാരെ പിന്തുണച്ചതിന് 2020 ജൂലൈയിൽ 75,000 റുബിൾ പിഴ അടക്കാനും കോടതി ഉത്തരവിടുകയായിരുന്നു. രണ്ടാമത്തെ പിഴ പിന്നീട് 50,000 റൂബിൾസ് ആയി കുറച്ചു. 

നിരവധി പ്രമുഖര്‍ യൂലിയയെ പിന്തുണച്ചുകൊണ്ട് മുന്നോട്ട് വന്നു. റഷ്യയിലുടനീളം ആക്ടിവിസ്റ്റുകള്‍ യൂലിയക്കെതിരെ നടക്കുന്ന വിചാരണയില്‍ പ്രതിഷേധിച്ചു. അവള്‍ക്ക് വേണ്ടി നിരവധി കലാപ്രകടനങ്ങള്‍ നടന്നു. അവളുടെ മേല്‍ ചുമത്തിയ കുറ്റങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് 250,000 പേര്‍ ഒപ്പുവച്ച ഒരു നിവേദനവും സമര്‍പ്പിക്കുകയുണ്ടായി. യൂറോപ്യന്‍ യൂണിയന്‍റെ റഷ്യയിലെ പ്രതിനിധി സംഘം ഒരു ട്വീറ്റില്‍ പറഞ്ഞത്, 'അവള്‍ക്കെതിരെ നടക്കുന്ന നടപടികള്‍ അറിയുന്നുണ്ട്. അവള്‍ക്കെതിരെയുള്ള നടപടിക്ക് കാരണമായിട്ടുണ്ടാവുക സമൂഹത്തിനു മുന്നില്‍ എല്‍ജിബിടിക്യു ആക്ടിവിസ്റ്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനമായിരിക്കാം' എന്നാണ്. അവള്‍ക്കെതിരെയുള്ള നടഡപടി നിര്‍ത്തിവയ്ക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. 

കഴിഞ്ഞ രണ്ട് വര്‍ഷമായി യൂലിയയും അവളുടെ അമ്മയും അധികാരികളില്‍ നിന്നുമുള്ള ഈ അഗ്നിപരീക്ഷ നേരിടാന്‍ തുടങ്ങിയിട്ട്. ഇതിനെല്ലാം പുറമെ വധഭീഷണികളും അജ്ഞാതരില്‍ നിന്നുള്ള ഭീഷണികളും ഇവര്‍ക്ക് നേരിടേണ്ടി വന്നു. നിരന്തരം ഉദ്യോഗസ്ഥര്‍ കയറിയിറങ്ങുന്നത് കുട്ടികളെ ഭയപ്പെടുത്തിയതിനെ തുടര്‍ന്ന് കുട്ടികള്‍ക്കുള്ള തിയേറ്റര്‍ ഗ്രൂപ്പും അടച്ചു പൂട്ടേണ്ടി വന്നു. 'എപ്പോഴും അച്ചിട്ട ആ വാതിലിലേക്ക് നോക്കിയിരിക്കുകയാണ്. തങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ കുട്ടികള്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരരുത് അതിനാലാണ് അത് അടച്ചിട്ടത്' എന്ന് യൂലിയയുടെ അമ്മ പറയുന്നു. 

റഷ്യക്ക് അകത്തും പുറത്തും യൂലിയയുടെ മോചനത്തിന് വേണ്ടിയുള്ള ശബ്ദം ശക്തമായി തന്നെ മുഴങ്ങുന്നുണ്ട്.