ഒറ്റനിമിഷം കൊണ്ട്, ഒരു ചെറിയ പ്രവൃത്തികൊണ്ട് ജീവിതം മാറിമറിഞ്ഞ ഒട്ടേറെപ്പേര്‍ നമുക്കിടയിലുണ്ട്. അതില്‍ ചിലരുടെ ജീവിതം നല്ല രീതിയിലാണ് മാറിയതെങ്കില്‍ ചിലരുടേത് വേദനിപ്പിക്കുന്ന തരത്തിലാവും. ഇരുപത്തിയൊന്നുകാരനായ അലക്‌സ് കൊളിന്‍സിന്റെ ജീവിതത്തിലും സംഭവിച്ചത് അതുതന്നെയാണ്. ഡാന്‍സറായ അലക്‌സ് ഒരു ആക്‌സിഡന്റിനെ തുടര്‍ന്ന് ശരീരം ഭാഗികമായി തളര്‍ന്നിരിക്കുകയാണ്. ശരീരത്തിന്റെ ചലനങ്ങള്‍ കൊണ്ട് കാണികളെ അമ്പരപ്പിച്ചിരുന്ന അലക്‌സിന് ഇപ്പോള്‍ പരസഹായമില്ലാതെ ഒന്നും ചെയ്യാനാവില്ല. 

ജൂണ്‍ 16 -നാണ് അത് സംഭവിച്ചത്. അന്ന് അലക്‌സിന്റെ ഗേള്‍ ഫ്രണ്ട് സോഫിയുടെ 23 -ാം ജന്മദിനമായിരുന്നു. കാംബ്രിഡ്ജിലുള്ള അലക്‌സിന്റെ വീട്ടില്‍വച്ച് അത് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും. ബാര്‍ബിക്യൂവും ഫ്രിസ്ബീ ഗെയിമുമായി പിറന്നാളാഘോഷിക്കാനുള്ള ഒരുക്കവും നടന്നു. അതിനിടയിലാണ് ഫ്‌ളൈയിംഗ് ഡിസ്‌ക്, കാം നദിയില്‍ വീണത്. അതെടുക്കാൻ ചെന്നതാണ് അലക്സ്. നദിക്കെത്ര ആഴമുണ്ട് എന്ന് മനസിലാക്കാതെയായിരുന്നു അലക്‌സ് നദിയിലേക്ക് എടുത്തു ചാടിയത്. ആഴം കൂടിയ നദിയിലേക്കുള്ള ചാട്ടം അവന്റെ കഴുത്തില്‍ പരിക്കേല്‍പ്പിച്ചു. 

അടുത്തുള്ള ഹോസ്പിറ്റലില്‍ അടിയന്തിര ശസ്ത്രക്രിയക്ക് അലക്‌സിനെ വിധേയനാക്കി. എന്നാല്‍, കഴുത്തിന് താഴേക്ക് തളര്‍ന്നുപോയിരുന്നു അവന്റെ ശരീരം. എത്രത്തോളം തന്റെ ശരീരത്തിന് ഭാവിയില്‍ ചലിക്കാനുള്ള കഴിവ് വര്‍ധിക്കുമെന്ന് അലക്‌സിനറിയില്ല. എന്നാല്‍, സഹനര്‍ത്തകി കൂടിയായ സോഫിയെ വിവാഹം കഴിക്കാനായി പള്ളിയിലൂടെ നടന്നുപോകുക എന്ന സ്വപ്‌നം ഉപേക്ഷിക്കില്ല എന്ന് അലക്‌സ് ശപഥം ചെയ്തിട്ടുണ്ട്. തന്റെ ജീവിതത്തിന്റെ വെളിച്ചത്തില്‍ മറ്റുള്ളവരോട് പറയാന്‍ അലക്‌സിനുള്ളത് ഇതാണ്, നീന്താന്‍ എടുത്തുചാടും മുമ്പ് പുഴയുടെ ആഴത്തേയും ഒഴുക്കിനെയും കുറിച്ച് ഒന്ന് ചിന്തിക്കണം എന്ന്. 

ഇപ്പോള്‍ അലക്‌സിന് തലയും, കഴുത്തും, കൈകളുടെ ഭാഗങ്ങളും മാത്രമാണ് അനക്കാനാവുന്നത്. ശരീരം എങ്ങനെ പൂര്‍വസ്ഥിതി പ്രാപിക്കുമെന്നറിയാന്‍ രണ്ട് വര്‍ഷമെങ്കിലും എടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പൂര്‍ണാരോഗ്യവാനായി മാറുന്നതിനെക്കുറിച്ചല്ലാതെ മറ്റൊന്നും താന്‍ ചിന്തിക്കുന്നില്ലെന്ന് അലക്‌സ് പറയുന്നു. തനിക്കും സോഫിക്കും അള്‍ത്താരയില്‍ നില്‍ക്കാനാവും വരെ വിവാഹം ചെയ്യില്ലെന്ന് തീരുമാനമെടുത്തതായും അലക്‌സ് പറഞ്ഞു. 2016 സപ്തംബറില്‍ കാംബ്രിഡ്ജിലുള്ള ബോഡിവര്‍ക്ക് കമ്പനിയില്‍ മൂന്ന് വര്‍ഷത്തെ പ്രൊഫഷണല്‍ ഡാന്‍സ് കോഴ്‌സിന് ചേര്‍ന്നപ്പോഴാണ് ഇരുവരും കണുന്നത്. 2017 ഡിസംബര്‍ വരെ അലക്‌സിന് സോഫിയോട് സംസാരിക്കാനുള്ള ധൈര്യമില്ലായിരുന്നു. പിന്നീട് ഇരുവരും ജോഡികളായി ബാലെ അവതരിപ്പിച്ചു. പിന്നീട് അലക്‌സ് തന്റെ പ്രണയം തുറന്നുപറയുകയും സോഫി സന്തോഷത്തോടെ അത് സ്വീകരിക്കുകയുമായിരുന്നു. പിന്നീട് ഇരുവരും ഒരുമിച്ച് പ്രാക്ടീസ് തുടരുകയും നൃത്തവേദിയിലെത്തുകയും ചെയ്തു.

അലക്‌സിന്റെ അപകടത്തിനുശേഷവും സോഫി അവന്റെ കൂടെത്തന്നെയുണ്ട്. വിവാഹദിവസം ഇരുവര്‍ക്കും 'സ്ലോ ഡാന്‍സ്' ചെയ്യാനാവും എന്ന പ്രതീക്ഷയിലാണിപ്പോള്‍ സോഫിയും അലക്‌സും.