നമുക്ക് നമ്മുടെ സ്വന്തം മുഖം എങ്ങനെയാണെന്നറിയില്ല, അഥവാ അത് ഓര്‍മ്മിക്കാനോ തിരിച്ചറിയാനോ സാധിക്കില്ല. കണ്ണാടിയില്‍ നോക്കിയാലും ഒന്നും കാണാനോ അതാരാണെന്നോ വേര്‍തിരിച്ചറിയാന്‍ പറ്റുന്നില്ല. സ്വന്തം മുഖം മാത്രമല്ല, നമ്മുടെ അച്ഛന്‍റെ, അമ്മയുടെ, സഹോദരങ്ങളുടെ, ബന്ധുക്കളുടെ, കൂട്ടുകാരുടെ, അധ്യാപകരുടെ ആരുടെയും മുഖം തിരിച്ചറിയാനാവുന്നില്ല. ഓര്‍ത്തുനോക്കൂ, നമ്മുടെ ജീവിതം എന്ത് ദുരിതം നിറഞ്ഞതായിരിക്കും. നമ്മുടെ ആ അവസ്ഥ മറ്റുള്ളവര്‍ക്ക് മനസിലാവാതെ കൂടിയിരുന്നാലോ? ആ അവസ്ഥ സ്വന്തം ജീവിതത്തിലുടനീളം അനുഭവിക്കേണ്ടി വന്ന ഒരാളാണ് കര്‍ലോറ്റ. 

മുഖം തിരിച്ചറിയാന്‍ സാധിക്കാത്തത് ഒരവസ്ഥയാണ്, ഫേസ് ബ്ലൈന്‍ഡ്‍നെസ്സ് (face blindness) എന്നാണ് അത് അറിയപ്പെടുന്നത്. എന്നാല്‍, കാര്‍ലോറ്റയോ ചുറ്റുമുള്ളവരോ അത് തിരിച്ചറിഞ്ഞിരുന്നില്ല.

കര്‍ലോറ്റയ്ക്ക് സ്വന്തം മുഖം തിരിച്ചറിയാനാവില്ല. അവള്‍ കാണുന്ന ഒരാളുടെയും മുഖം തിരിച്ചറിയാനാവില്ല. കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ പോലും അവള്‍ ഇങ്ങനെ കരുതും, 'എന്‍റെ നൈറ്റിയിട്ട്, എന്‍റെ ഫ്ലാറ്റില്‍ നില്‍ക്കുന്ന സ്ത്രീ... അത് ഞാന്‍ തന്നെയായിരിക്കണം.' അതിനാല്‍ അവരിപ്പോള്‍ ചെയ്യുന്നത് സെല്‍ഫ് പോര്‍ട്രെയ്റ്റ് ചെയ്യുക എന്നതാണ്. ഒരു കൈകൊണ്ട് സ്വന്തം മുഖം തടവിനോക്കി മറുകൈ കൊണ്ട് അവരത് കടലാസിലേക്ക് പകര്‍ത്തുന്നു. അവരുടെ ഫ്ലാറ്റില്‍ 1000 സെല്‍ഫ് പോര്‍ട്രെയ്റ്റുകളെങ്കിലും ഇന്നുണ്ട്... 

പക്ഷേ, ആ ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല. എല്ലായിടത്തുനിന്നും മുഖം തിരിച്ചറിയാനാവുന്നില്ല എന്ന കാരണം കൊണ്ട് അവഗണിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്‍ത ബാല്യവും കൗമാരവും യൗവ്വനവുമായിരുന്നു അവളുടേത്. 

കുട്ടിക്കാലത്തെ അവഗണന

1960 -കളില്‍ മ്യൂണിച്ചിലായിരുന്നു കാര്‍ലോറ്റയുടെ ബാല്യം. വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ കാണുന്ന മുഖങ്ങളൊന്നും തിരിച്ചറിയാനാവാത്ത അവസ്ഥ അവള്‍ക്കുണ്ടായിരുന്നു. പക്ഷേ, അവള്‍ക്കും ചുറ്റുമുള്ളവര്‍ക്കും അത് തിരിച്ചറിയാനായിരുന്നില്ല. അമ്മയുടെ കൂടെ ഷോപ്പിംഗിന് പോകുമ്പോഴാണ് അവള്‍ മുഖം തിരിച്ചറിയാനാവാത്തതിനെ കുറിച്ച് ആദ്യം മനസിലാക്കുന്നത്. അവളുടെ അമ്മ പരിചയക്കാരോടെല്ലാം സംസാരിക്കുമ്പോള്‍ അവള്‍ അന്തംവിട്ടു നില്‍ക്കും. 'ഈ അമ്മയ്ക്കെങ്ങനെയാണ് ഈ ആള്വോളെ ഒക്കെ തിരിച്ചറിയാന്‍ കഴിയണേ? അമ്മക്കെന്തോ ഭയങ്കര കഴിവുണ്ട്' എന്നാണ് അന്ന് കുട്ടി കാര്‍ലോറ്റ ചിന്തിച്ചു വച്ചിരുന്നത്. അവിടെയും തീര്‍ന്നില്ല, അമ്മയുടെ മുഖം പോലും അവള്‍ തിരിച്ചറിയുകയോ ഓര്‍ത്തെടുക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. ഒരു തവണ ഷോപ്പിംഗ് നടത്തുന്ന അമ്മയെ കാത്ത് പുറത്തിരിക്കുകയായിരുന്ന കാര്‍ലോറ്റ വേറെ ആരുടെയോ കൂടെ ഇറങ്ങിപ്പോകുന്ന അവസ്ഥയുമുണ്ടായി. അപ്പോഴും അവളോ വീട്ടുകാരോ അവളുടെയീ അവസ്ഥയ്ക്ക് കാരണമെന്താണെന്ന് മനസിലാക്കിയേ ഇല്ല. പകരം കാര്‍ലോറ്റ ആളുകള്‍ ധരിച്ചിരിക്കുന്ന വസ്ത്രം, അവര്‍ക്ക് താടിയുണ്ടോ, അവരെങ്ങനെയാണ് പെരുമാറുന്നത്, അവരെങ്ങനെയാണ് ചലിക്കുന്നത് എന്നൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി. 

യഥാര്‍ത്ഥ പ്രശ്‍നങ്ങള്‍ പക്ഷേ ആരംഭിക്കുന്നത് അപ്പോഴൊന്നുമായിരുന്നില്ല. സ്‍കൂളില്‍ പോയിത്തുടങ്ങിയപ്പോഴാണ്. കൂടെ പഠിക്കുന്ന കുട്ടികളെയോ പഠിപ്പിക്കുന്ന അധ്യാപകരെയോ ഒന്നും തന്നെ അവള്‍ക്ക് തിരിച്ചറിയാനായില്ല. ആ മുഖമൊന്നും അവളുടെ മനസില്‍ പതിഞ്ഞതുമില്ല. കൂട്ടുകാരൊക്കെ എല്ലാവരെയും ഓര്‍ത്തുവയ്ക്കുമ്പോള്‍ കാര്‍ലോറ്റ മനസില്‍ വിചാരിച്ചു, 'ഇവരും എന്‍റെ അമ്മയെപ്പോലെ തന്നെ, എല്ലാവരെയും ഓര്‍ത്തുവയ്ക്കാന്‍ എന്തോ ഒരു കഴിവ് ഇവര്‍ക്കെല്ലാമുണ്ട്'. 

ഒരിക്കല്‍ അവളോട് ക്ലാസില്‍ നിന്നും ഷൂള്‍ട്‍സ് എന്ന അധ്യാപകനെ സ്റ്റാഫ്‍മുറിയില്‍ ചെന്ന് വിളിച്ചുകൊണ്ടുവരാനേല്‍പ്പിച്ചു. സ്റ്റാഫ് റൂമില്‍ ചെന്ന് ആദ്യം കണ്ട മനുഷ്യനോട് അവള്‍ ഇങ്ങനെ പറഞ്ഞു, 'ഞാന്‍ മിസ്റ്റര്‍ ഷൂള്‍ട്‍സിനെ അന്വേഷിച്ചു വന്നതാണ്. അദ്ദേഹം എവിടെ.?' അയാള്‍ ഒന്നും പ്രതികരിക്കാതെ നിന്നപ്പോള്‍ അവള്‍ രണ്ടും മൂന്നും തവണ അത് തന്നെ ആവര്‍ത്തിച്ചു. അയാള്‍ ഒടുവില്‍ പൊട്ടിത്തെറിച്ചു, 'നിനക്ക് കണ്ണ് കാണുന്നില്ലേ? ഞാനാണ് മിസ്റ്റര്‍ ഷൂള്‍ട്‍സ്.' അയാള്‍ അവളുടെ ആദ്യത്തെ ക്ലാസ് അധ്യാപകനായിരുന്നു. അദ്ദേഹത്തെയും അവള്‍ തിരിച്ചറിഞ്ഞിരുന്നില്ല. 

അതുപോലെ, പ്ലേഗ്രൗണ്ടില്‍ നിന്ന് തിരികെ വരുമ്പോള്‍ കുഞ്ഞു കാര്‍ലോറ്റയ്ക്ക് ക്ലാസ് മാറിപ്പോവും. കാരണം, അവള്‍ക്ക് സഹപാഠികളെയോ അധ്യാപകരെയോ തിരിച്ചറിയാനാവുന്നില്ലല്ലോ. സ്വന്തം ക്ലാസിലെ കുട്ടികളെ തിരിച്ചറിയാനാവാത്ത പെണ്‍കുട്ടി ഒരു മണ്ടിയല്ലാതെ വേറെന്താണ്? എല്ലാവരും അവളെ മണ്ടിയാക്കി എഴുതിത്തള്ളി. ഒരിക്കല്‍ ക്ലാസ് മുറി മാറിപ്പോയ കാര്‍ലോറ്റിനെ ടീച്ചര്‍ ക്ലാസില്‍വെച്ച് ശകാരിച്ചു, അപമാനിച്ചു. ഒന്നും പ്രതികരിക്കാതെ നിന്ന അവളെ കണ്ട ടീച്ചര്‍ കലികൊണ്ട് അലറി, 'കല്ലുപോലെ നില്‍ക്കുന്നത് കണ്ടില്ലേ?'

അധ്യാപകര്‍ മാത്രമല്ല, കൂടെ പഠിക്കുന്നവരും അവളെ ഒറ്റപ്പെടുത്തി, അവഗണിച്ചു. കാര്‍ലോറ്റ പതിയെപ്പതിയെ എല്ലാവരില്‍ നിന്നും അകന്നു തുടങ്ങി. ആരോടും ഒന്നും മിണ്ടാതെ... എഴുതാന്‍ പറഞ്ഞവയെല്ലാം അവള്‍ നിശബ്‍ദമായി എഴുതും. മറ്റൊന്നിലും അവള്‍ പങ്കുകൊണ്ടില്ല. സ്‍കൂളിലെ എല്ലാവരും കരുതിയത് അവള്‍ക്കെന്തോ പഠനവൈകല്യമുണ്ട് എന്നായിരുന്നു. അധ്യാപകര്‍ അവളുടെ മാതാപിതാക്കള്‍ക്ക് കത്തെഴുതി 'മകളെ വല്ല സ്‍പെഷ്യല്‍ സ്‍കൂളിലും അയക്കണം' എന്നായിരുന്നു എഴുത്തുകളുടെയെല്ലാം ഉള്ളടക്കം. പക്ഷേ, മാതാപിതാക്കള്‍ ആ കത്തുകളെല്ലാം അവഗണിച്ചു. 

സ്‍കൂള്‍ദിനങ്ങളവസാനിച്ചത് കാര്‍ലോറ്റയെ സംബന്ധിച്ച് ഏറ്റവും വലിയ സമാധാനമായിരുന്നു. അവള്‍ വായിക്കാവുന്നിടത്തോളം വായിച്ചു. പുസ്‍തകങ്ങള്‍ അവള്‍ക്ക് ആശ്വാസമായി. പ്രകൃതിയെ കുറിച്ചായിരുന്നു അവളേറ്റവുമധികം വായിച്ചത്. എല്ലാവരില്‍ നിന്നും അകന്ന് ദൂരെ പോവണം, ഒറ്റയ്ക്കാവണം എന്ന ചിന്ത അവളുടെ മനസില്‍ അപ്പോഴേക്കും ആഴത്തില്‍ വേരുറച്ചിരുന്നു. ഏതെങ്കിലും ഒരു കാട്ടിലേക്ക് ഓടിമറയണമെന്നായിരുന്നു അവളുടെ ആഗ്രഹം. അവിടെ ഗുഹകളുണ്ടാക്കി അതില്‍ തന്‍റെ പുസ്‍തകങ്ങള്‍വെച്ച്, അടുക്കളയൊക്കെ ഉണ്ടാക്കി അവിടെ കഴിയണമെന്ന് അവള്‍ ആശിച്ചു. ഭൂമിക്കടിയിലെ ഇരുട്ടില്‍ കഴിയാനായെങ്കില്‍ എന്നവള്‍ കൊതിച്ചു. മറ്റ് മനുഷ്യര്‍ക്കൊപ്പം കഴിയുക എന്നത് അവളെ സംബന്ധിച്ച് അങ്ങേയറ്റം ബുദ്ധിമുട്ടായിരുന്നു. പ്രകൃതിയില്‍ തനിച്ചു കഴിയാന്‍ അവള്‍ തന്നെത്തന്നെ ഒരുക്കിയിരുന്നു. അതിലാവും തനിക്ക് ആശ്വാസം കണ്ടെത്താനാവുക എന്നും അവളുറപ്പിച്ചിരുന്നു. 

പതിനേഴാമത്തെ വയസ്സില്‍ സ്‍കൂള്‍ വിട്ടശേഷം മനുഷ്യരുമായി അധികം ഇടപെടേണ്ടതില്ലാത്ത ജോലിക്ക് വേണ്ടിയായി അവളുടെ അലച്ചില്‍. അവള്‍ക്ക് കുതിരകളെ ഇഷ്‍ടമായിരുന്നു. കുതിരകളെ മെരുക്കിയെടുക്കുന്ന ജോലിയാണ് അവള്‍ കുറച്ചുകാലം ചെയ്‍തത്. പിന്നീട്, ട്രക്ക് ഡ്രൈവറായും സിമന്‍റ് മിക്സറായും ജോലി നോക്കി. പിന്നീട്, ഒരു പ്രൊജക്ഷനിസ്റ്റായിട്ടാണ് അവള്‍ ജോലി നോക്കിയത്. അത് മിക്കവാറും അവള്‍ തനിച്ചായിരിക്കുന്ന ജോലി ആയിരുന്നു. അതവള്‍ക്ക് ഒരുപാടിഷ്‍ടമായി. സിനിമ കാണാനിഷ്‍ടമുള്ള കാര്‍ലോറ്റ മിക്കപ്പോഴും സയന്‍സ് ഫിക്ഷന്‍ സിനിമകളാണ് തെരഞ്ഞെടുത്തത്. മനുഷ്യരെ തിരിച്ചറിയാനാവില്ലെങ്കിലും മൃഗങ്ങളെയും അന്യഗ്രഹ ജീവികളെയും തിരിച്ചറിയാന്‍ അവള്‍ക്ക് സാധിക്കും. ചിമ്പാന്‍സികളെ പക്ഷെ തിരിച്ചറിയാനായിരുന്നില്ല. ഒരുപക്ഷേ മനുഷ്യനോട് ഏറ്റവും സാദൃശ്യമുള്ള മൃഗമായതിനാലാവാം. 

ഏതായാലും ഇരുപതാമത്തെ വയസ്സില്‍ തന്നെ കാര്‍ലോറ്റ കുട്ടിക്കാലത്ത് താന്‍ മനസിലൊളിപ്പിച്ചിരുന്ന ആ സ്വപ്‍നം സാക്ഷാത്കരിച്ചു. അവള്‍ മുഴുവനായും ആളുകളില്‍ നിന്നും ഒഴിഞ്ഞുനിന്നു. ഒരു ബോട്ട് വാങ്ങി ഒരു വര്‍ഷത്തോളം ഓസ്‍ട്രേലിയന്‍ തീരത്തൂടെ തനിച്ച് അലഞ്ഞു. ഇഷ്‍ടം പോലെ പുസ്‍തകം വായിച്ചു. ഭക്ഷണം കഴിക്കാന്‍ കടലില്‍ നിന്നും എന്തെങ്കിലും കണ്ടെത്തി. 

സ്വന്തം അവസ്ഥയെ കുറിച്ച് മനസിലാക്കുന്നു

ഇതെല്ലാം കഴിഞ്ഞ് മ്യൂണിച്ചിലേക്ക് തിരികെ വന്ന് നാല്‍പതാമത്തെ വയസാവുമ്പോഴൊക്കെയാണ് കാര്‍ലോറ്റയ്ക്ക് തന്‍റെ അവസ്ഥ എന്താണെന്ന് മനസിലാക്കുന്നത്. ഒരു ഫാര്‍മസിയില്‍ വച്ചിരിക്കുന്ന ആരോഗ്യമാസിക മറിച്ചുനോക്കിയതാണവള്‍. പരിചയമില്ലാത്ത പേരുകളോട് പണ്ടേ കൗതുകമുണ്ടായിരുന്നു കാര്‍ലോറ്റയ്ക്ക്. അതുകൊണ്ട് തന്നെ 'prosopagnosia' എന്ന് എഴുതിക്കണ്ടപ്പോള്‍ അതെന്താണെന്ന് നോക്കാനുള്ള ത്വരയും അവള്‍ക്കുണ്ടായി. തുടര്‍ന്നുള്ള വായനയിലാണ് കുട്ടിക്കാലം മുതല്‍ ഒരു ഭാരമായി തന്‍റെ കൂടെയുണ്ടായിരുന്ന പ്രശ്‍നം തന്‍റെ തെറ്റല്ലെന്നും അതൊരു അവസ്ഥയാണെന്നും അവള്‍ തിരിച്ചറിയുന്നത്. 'ഫേസ് ബ്ലൈന്‍ഡ്‍നെസ്' എന്ന ആ അവസ്ഥ ബാധിച്ചിരിക്കുന്നവര്‍ക്ക് ഒരു മുഖവും തിരിച്ചറിയാനാവില്ല. കാര്‍ലോറ്റയെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമായിരുന്നു അത്. അവസാനം തന്‍റെയീ അവസ്ഥയ്ക്ക് ഒരു വിശദീകരണം കിട്ടിയിരിക്കുന്നു, അതിനൊരു പേരുണ്ട്, അതൊന്നും തന്‍റെ കുറ്റമായിരുന്നില്ല, താനൊരു വിഡ്ഢിയായിരുന്നില്ല, തന്‍റേത് ഒരു ജനിതക അവസ്ഥയാണ്, തന്നെക്കൊണ്ട് അതിലൊന്നും ചെയ്യാനാവില്ല എന്നെല്ലാം ബോധ്യപ്പെട്ട നിമിഷം. 

ഇതെല്ലാം തിരിച്ചറിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോള്‍ അവള്‍ക്ക് എല്ലാവരോടും ദേഷ്യം തോന്നി. ഒരാളുപോലും തന്‍റെ അവസ്ഥ തിരിച്ചറിഞ്ഞില്ലല്ലോ എന്ന് അവളെ നിരാശ കീഴടക്കി. സ്‍കൂളില്‍ വെച്ച് കുഞ്ഞുങ്ങളെ മനസിലാക്കുന്ന ഒരധ്യാപകന്‍ അല്ലെങ്കില്‍ അധ്യാപിക എങ്കിലും ഉണ്ടായിരുന്നുവെങ്കില്‍, ഒരേയൊരാളെങ്കിലും തന്‍റെ അവസ്ഥ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ തന്‍റെ ജീവിതം തന്നെ മാറിപ്പോയെനെ എന്നവര്‍ സങ്കടപ്പെട്ടു. 

ഏതായാലും തന്‍റെ അവസ്ഥയെ കുറിച്ച് കാര്‍ലോറ്റ തിരിച്ചറിയുമ്പോഴേക്കും അവളുടെ മാതാപിതാക്കള്‍ മരിച്ചുപോയിരുന്നു. അതവളെ ദത്തെടുത്ത അച്ഛനും അമ്മയുമായിരുന്നു. താന്‍ ഒരു ദത്തുപുത്രിയാണെന്നും തന്‍റെ യഥാര്‍ത്ഥ അമ്മ താന്‍ ആന്‍റി എന്ന് വിളിക്കുന്ന സൂസന്നെ ആണെന്നും കാര്‍ലോറ്റെയ്ക്ക് പതിനെട്ടാമത്തെ വയസ്സില്‍ കിട്ടിയ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്നും തന്നെ അറിയാമായിരുന്നു. സൂസന്നെയ്ക്ക് പതിനഞ്ചാമത്തെ വയസിലുണ്ടായിരുന്ന മകളായിരുന്നു കാര്‍ലോറ്റ. ഏതായാലും തന്‍റെ അവസ്ഥ മനസിലായ കാര്‍ലോറ്റ അമ്മയെ കണ്ടു. അപ്പോഴാണ് അവര്‍ അവളോട് പറയുന്നത്, അവര്‍ക്കും ഈ അവസ്ഥയുണ്ട്. പക്ഷേ, കാര്‍ലോറ്റയുടെ അത്രത്തോളം അളവില്‍ ഇല്ലെന്ന് മാത്രം. ഇന്ന് അമ്മയും അവളും 500 കിലോമീറ്റര്‍ ദൂരത്താണ് താമസിക്കുന്നത്. വര്‍ഷത്തില്‍ ചിലപ്പൊഴൊക്കെ അവര്‍ തമ്മില്‍ കാണും. 

തന്‍റെ അവസ്ഥയെ തിരിച്ചറിഞ്ഞപ്പോഴാണ് അവള്‍ വരയ്ക്കാന്‍ തുടങ്ങിയത്. മുഖം തൊട്ടറിഞ്ഞ് തന്‍റെതന്നെ ചിത്രങ്ങള്‍ വരച്ചു തുടങ്ങിയപ്പോള്‍ അവള്‍ക്ക് ഒരുപാട് ആശ്വാസം കണ്ടെത്താനായി. അതൊട്ടും എളുപ്പമായിരുന്നില്ല. കാരണം, അവര്‍ വരയ്ക്കുന്നതെന്താണെന്ന് പോലും അവള്‍ക്ക് കാണാനോ തിരിച്ചറിയാനോ കഴിയുന്നില്ല. കുഞ്ഞുനാളില്‍ നേരിട്ട അവഗണനകളും മറ്റും അവര്‍ വരച്ചിരുന്നു. പക്ഷേ, പിന്നീട് അവള്‍ തന്നെ അത് നശിപ്പിച്ചു കളഞ്ഞു. ആ ഓര്‍മ്മകളെ കൂടെക്കൊണ്ടുനടക്കാന്‍ ഒട്ടും ഇഷ്‍ടപ്പെടുന്നില്ല എന്നാണ് കാര്‍ലോറ്റ പറയുന്നത്. 

കാര്‍ലോറ്റയുടെ ചിത്രങ്ങള്‍ ജര്‍മ്മനിയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് ബ്രെയിന്‍ സയന്‍റിസ്റ്റായ വാലന്‍റിന്‍ റിയേഡിലിന്‍റെ ശ്രദ്ധയെ അത് ആകര്‍ഷിക്കുന്നത്. അങ്ങനെ അദ്ദേഹം കാര്‍ലോറ്റയെക്കുറിച്ച് ഒരു സിനിമയെടുക്കാന്‍ തീരുമാനിച്ചു. 2015 -ല്‍ തുടങ്ങിയ 'ലോസ്റ്റ് ഇന്‍ ഫേസ്' എന്ന ഡോക്യുമെന്‍ററി സിനിമ കഴിഞ്ഞ വര്‍ഷമാണ് പൂര്‍ത്തിയായത്. 

ഇന്ന് അവര്‍ക്ക് തന്‍റെ അവസ്ഥയെ കുറിച്ച് പൂര്‍ണബോധ്യമുണ്ട്. എല്ലാക്കാര്യങ്ങളും എല്ലാവരോടും തുറന്നു പറഞ്ഞത് അവരുടെ വേദനകളെ ലഘൂകരിച്ചിട്ടുണ്ട്. കാര്‍ലോറ്റ അനേകരില്‍ ഒരുവരാണ്. നാം തിരിച്ചറിയാത്ത പലതരം അവസ്ഥകളിലൂടെ കടന്നുപോകുന്ന അനേകരില്‍ ഒരാള്‍. അവഗണിക്കും മുമ്പ് മറ്റുള്ളവരുടെ അവസ്ഥകളെ കുറിച്ച് ഒരുവട്ടമെങ്കിലും ചിന്തിക്കണമെന്നാണ് അത് നമ്മോട് പറയുന്നത്.