Asianet News MalayalamAsianet News Malayalam

ജോലി രാജിവച്ച് വരയിലേക്ക്, താന്ത്രിക് ചിത്രരചനയിൽ വിസ്മയം തീർത്ത് രാജേഷ് ആചാര്യ

ഇതിനോടകം 250 -ലേറെ താന്ത്രിക് ചിത്രങ്ങളാണ് ഇദ്ദേഹം വരച്ചത്. കഴിഞ്ഞവർഷം രാജേഷ് ഇത്തരത്തിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനം തലസ്ഥാനത്ത് ഒരുക്കിയിരുന്നു.

tantric painting artist from Trivandrum Rajesh acharya
Author
First Published Jan 16, 2023, 1:12 PM IST

താന്ത്രിക് ചിത്രരചനയിൽ വിസ്മയം തീർത്ത് രാജേഷ് ആചാര്യ എന്ന മുപ്പതുകാരൻ. ഭാരതീയ സംസ്കാരത്തെ അടിസ്ഥാനമാക്കി 20 വർഷമായി ചിത്രം വരയ്ക്കുന്ന തിരുവനന്തപുരം മലയിൻകീഴ് മച്ചേൽ പൂവനാർ വീട്ടിൽ രാജേഷ് കഴിഞ്ഞ 10 വർഷമായി താന്ത്രിക് ചിത്രരചനയിലാണ് ശ്രദ്ധ ചെലുത്തുന്നത്. രണ്ടര വർഷമായി ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഇദ്ദേഹത്തിന്റെ ക്യാൻവാസിൽ വിരിയുന്നത്. 

തിരുവനന്തപുരം ടെക്നോപാർക്കിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ക്യാരക്ടർ ഡിസൈനർ ആയി നോക്കി വന്ന ജോലി ഉപേക്ഷിച്ചാണ് രാജേഷ് വരയ്ക്ക് വേണ്ടി പൂർണമായും സമയം നീക്കിവെച്ചത്. ഇന്ത്യയിൽ തന്നെ താന്ത്രിക് ചിത്രരചന ചെയ്യുന്നവർ വളരെ ചുരുക്കമാണ്. അതിനാൽ ഇതിൽ തന്റേതായുള്ള മുഖമുദ്ര പതിപ്പിക്കാൻ വേണ്ടിയാണ് രാജേഷ് താന്ത്രിക് ചിത്ര രചനയിലേക്ക് തിരിഞ്ഞതെന്ന് പറയുന്നു. വേദങ്ങളെ കുറിച്ചുള്ള അടിസ്ഥാന അറിവ് സിദ്ധിക്കുകയും ഓരോ കഥാപാത്രങ്ങളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്ത ശേഷമാണ് താന്ത്രിക് ചിത്രരചന രാജേഷ് തുടങ്ങിയത്. ആഴ്ചകളോളം എടുത്താണ് ഓരോ ചിത്രവും വരച്ച് തീർക്കുന്നത്. 

ഇതിനോടകം 250 -ലേറെ താന്ത്രിക് ചിത്രങ്ങളാണ് ഇദ്ദേഹം വരച്ചത്. കഴിഞ്ഞവർഷം രാജേഷ് ഇത്തരത്തിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനം തലസ്ഥാനത്ത് ഒരുക്കിയിരുന്നു. അതിന് ലഭിച്ച പിന്തുണയും അഭിനന്ദനവുമാണ് രാജേഷിനെ തുടർന്നും ഈ മേഖലയിൽ സജീവമാക്കുന്നത്. ഇതിനെ വിമർശിക്കുന്നവർ ഒരിക്കലും അത് വരച്ച കലാകാരന്റെ കഴിവിനെ അംഗീകരിക്കാറില്ല. എന്നാൽ, ചിത്രം വരയ്ക്കുന്ന കലാകാരന് അവൻ്റെ ഭാവനയിൽ അത് ശരി തന്നെയാണ് എന്ന് രാജേഷ് പറയുന്നു. 

താന്ത്രിക് ചിത്രരചനയ്ക്ക് പുറമേ ഇതുമായി ബന്ധപ്പെട്ട ടാറ്റൂ വർക്കുകളും രാജേഷ് ചെയ്യുന്നുണ്ട്. അത് കൂടാതെ ആവശ്യക്കാർക്ക് രാജേഷ് ചിത്രങ്ങൾ വരച്ചു നൽകുന്നുമുണ്ട്. മുന്നോട്ടുള്ള യാത്രയിൽ ഈ കല മറ്റുള്ളവർക്ക് കൂടി പകർന്നു നൽകാനാണ് രാജേഷിന്റെ ആഗ്രഹം. പോയ വർഷത്തെ പോലെ ഈ വർഷവും താന്ത്രിക് ചിത്രങ്ങളുടെ ഒരു പ്രദർശനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. 

Follow Us:
Download App:
  • android
  • ios