ബെംഗളൂരു തെരുവിൽ നിന്നുള്ള സ്റ്റാറി നൈറ്റ് വരച്ചു ചേർത്ത ഈ കാർ കാണാൻ ഒരു കാൻവാസ് പോലെയുണ്ട് എന്നതിൽ തർക്കമില്ല. ചിത്രത്തിൽ രാത്രിയുടെ മഞ്ഞവെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന കാർ കാണാം.
വളരെ രസകരമായ ഒരുപാട് വീഡിയോകളും ചിത്രങ്ങളും ബെംഗളൂരുവിൽ നിന്നും വൈറലായി മാറാറുണ്ട്. എന്നാൽ, രസകരമായത് മാത്രമല്ല. അതിശയം തോന്നിപ്പിക്കുന്നതും മനോഹരമായതുമായ വീഡിയോകളും ചിത്രങ്ങളും ഇവിടെ നിന്നും സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്. അതുപോലെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നത്.
ചിത്രം ഷെയർ ചെയ്തിരിക്കുന്നത് തന്നെ, 'ഇന്നലെ വൈകുന്നേരം ഇന്ദിരാനഗറിലാണ് ഈ സുന്ദരിയെ കണ്ടത്! ബെംഗളൂരു ഒരിക്കലും സർപ്രൈസ് തരുന്നതിൽ പരാജയപ്പെടാറില്ല' എന്ന് പറഞ്ഞുകൊണ്ടാണ്. വിഖ്യാത കലാകാരനായ വിൻസെന്റ് വാൻഗോഗിന്റെ ഏറെ പ്രശസ്തമായ 'ദ സ്റ്റാറി നൈറ്റ്' എന്ന ചിത്രം പെയിന്റ് ചെയ്തിരിക്കുന്ന ഒരു കാറാണ് ഈ ചിത്രത്തിൽ കാണുന്നത്.
വാൻഗോഗിന്റെ മാസ്റ്റർപീസായി അറിയപ്പെടുന്ന ചിത്രമാണ് 'ദ സ്റ്റാറി നൈറ്റ്'. 1889 ജൂണിലാണ് ഈ ചിത്രം വാൻഗോഗ് വരച്ചത്. സൂര്യോദയത്തിന് തൊട്ടുമുമ്പ് അന്ന് വാൻഗോഗ് കഴിഞ്ഞിരുന്ന മുറിയിൽ നിന്നുമുള്ള കാഴ്ചയാണ് ഇത്.
എന്തായാലും, ബെംഗളൂരു തെരുവിൽ നിന്നുള്ള സ്റ്റാറി നൈറ്റ് വരച്ചു ചേർത്ത ഈ കാർ കാണാൻ ഒരു കാൻവാസ് പോലെയുണ്ട് എന്നതിൽ തർക്കമില്ല. ചിത്രത്തിൽ രാത്രിയുടെ മഞ്ഞവെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന കാർ കാണാം. വഴിയരികിൽ നിർത്തിയിട്ടിരിക്കുകയാണ് കാർ. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.
നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. അതേ കാറിന്റെ ചിത്രം തന്നെ പകൽ പകർത്തിയതാണ് ഒരാൾ കമന്റായി നൽകിയിരിക്കുന്നത്. മറ്റ് ചിലരെല്ലാം ഇത് മനോഹരം തന്നെ എന്നാണ് കമന്റ് നൽകിയത്. അതേസമയം, ഉദ്യോഗസ്ഥർ ഇത് തടയില്ലേ എന്ന് സംശയം ചോദിച്ചവരും ഉണ്ട്.


