ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ ഇതുവരെ വിറ്റത് ബി എസ്6 നിലവാരമുള്ള 10 ലക്ഷത്തോളം വാഹനങ്ങള്‍. കൊവിഡ് 19 വൈറസ് ബാധ പ്രതിസന്ധി സൃഷ്ടിക്കുന്നതിനു മുമ്പുള്ള കണക്കാണ് ഇത്.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തന്നെയാണ് ഇതുവരെയുള്ള ബിഎസ് 6 നിലവാരമുള്ള മോഡലുകളുടെ വില്‍പനയിലും മുന്നില്‍. ബിഎസ്6 നിലവാരമുള്ള എന്‍ജിന്‍ ഘടിപ്പിച്ച ഏഴര ലക്ഷത്തോളം കാറുകളാണ് മാരുതി സുസുക്കി വിറ്റത്. ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിനാണ് രണ്ടാം സ്ഥാനം. ബിഎസ്6 നിലവാരമുള്ള 1.23 ലക്ഷത്തോളം കാറുകളാണ് ഹ്യുണ്ടായി ഇതുവരെ വിറ്റത്. 

ഇന്ത്യയിലെ കന്നിക്കാരായ കിയ മോട്ടോഴ്‍സ് 84,971 വാഹനങ്ങളാണു വിറ്റത്. കമ്പനിയുടെ ഇന്ത്യയിലെ തുടക്കം തന്നെ ബിഎസ്6ഉം ആയിട്ടായിരുന്നു. മറ്റൊരു തുടക്കക്കാരന്‍ ചൈനീസ് കമ്പനി എം ജി മോട്ടോര്‍ നാലായിരത്തോളം ബി എസ്6 മോഡലുകള്‍ വിറ്റു. ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും(ടി കെ എം) ബി എസ് ആറ് നിലവാരമുള്ള 39,000 വാഹനങ്ങള്‍ വിറ്റിട്ടുണ്ട്. ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ടാറ്റ മോട്ടോഴ്‌സും ചേര്‍ന്ന് ബി എസ് ആറ് നിലവാരത്തിലുള്ള 7000 ഓളം യൂണിറ്റുകളും വിറ്റിട്ടുണ്ട്. 

2020 ഏപ്രില്‍ ഒന്നിനാണു രാജ്യത്ത് ബി എസ് ആറ് നിലവാരം പ്രാബല്യത്തിലെത്തിയത്. പല നിര്‍മാതാക്കളുടെ ബിഎസ്ആറ് നിലവാരമുള്ള  മോഡലുകള്‍ വില്‍പനയ്ക്ക് എത്തിച്ചിട്ടില്ല. എന്നാല്‍ ചില പ്രമുഖ നിര്‍മാതാക്കള്‍ ഒരു വര്‍ഷത്തോളം മുമ്പേ ബി എസ് ആറ് മോഡലുകളുടെ വില്‍പന തുടങ്ങിയിരുന്നു.