25.3 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ പ്രാരംഭ വില. 

പൊതുമേഖല സ്ഥാപനമായ എനര്‍ജി എഫിഷന്‍സി സര്‍വീസ് ലിമിറ്റഡിലെ (ഇഇഎസ്എല്‍) ഉപയോഗങ്ങള്‍ക്കായി 100 ഹ്യുണ്ടായി കോന ഇലക്ട്രിക് എസ്‌യുവികള്‍ വാങ്ങുന്നു. ക്ലീന്‍ മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി 2019-ല്‍ ഇഇഎസ്എല്‍ 10 കോന എസ്‌യുവികള്‍ വാങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാനൊരുങ്ങുന്നത്. രാജ്യത്തിലെ ഇലക്ട്രിക് മൊബിലിറ്റി പദ്ധതിയുടെ തുടക്കം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് 100 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. 

Add Asianetnews as a Preferred SourcegooglePreferred

2018 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ച വാഹനം 2019 ജൂലൈ ആദ്യമാണ് വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്. കണക്റ്റഡ് സാങ്കേതികവിദ്യയുടെയും അതിവേഗ ചാർജിങ് സംവിധാനത്തിന്റെയും പിൻബലത്തോടെയെത്തുന്ന അഞ്ചു സീറ്റുള്ള കോംപാക്ട് എസ്‌യുവിയാണ് കോന. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുത എസ്‍യുവി എന്നറിയപ്പെടുന്ന ഹ്യൂണ്ടായ് കോന സ്​​റ്റാൻഡേർഡ്​, എക്​സ്​റ്റൻഡ്​ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളിലാണ് എത്തുന്നത്. 

സ്റ്റാൻഡേർഡ്​ വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടുമ്പോള്‍ എക്​സ്​റ്റൻഡ് 470 കിലോ മീറ്റർ ദൂരം​ ഒറ്റചാർജിൽ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാധാരണ എസ്​.യു.വികളുടെ രൂപഭാവങ്ങളാണ്​ കോനയും പിന്തുടരുന്നത്​. ​ഗ്രില്ലിന്‍റെ ഡിസൈൻ അൽപം വ്യത്യസ്​തമാണ്​. മുൻവശത്താണ്​ ചാർജിങ്​ സോക്കറ്റ്​ നൽകിയിരിക്കുന്നത്​. പ്രായോഗികമായ ഇ വിയെന്ന വിശേഷണത്തോടെ എത്തിയ കോനയ്ക്ക് ഇന്ത്യയിൽ ഇതുവരെ 400 യൂണിറ്റ് വിൽപനയാണു കൈവരിക്കാനായത്. 

സ്​​റ്റാൻഡേർഡ്​ കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത്​ സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ്​ മണിക്കുർ ​കൊണ്ട്​ സ്​റ്റാൻഡേർഡ്​ കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്​റ്റ്​ ചാർജറിൽ 54 മിനിട്ട്​ കൊണ്ട് 80 ശതമാനം ചാർജാകും.

കോന എക്​സ്​റ്റൻഡിനു​ 64kWh ബാറ്ററിയും 150 kW &nbsp ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. 25.3 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ പ്രാരംഭ വില. എന്നാല്‍ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ പുതിയ പദ്ധതികള്‍ പ്രകാരം വില 23.71 ലക്ഷം രൂപയായി കുറഞ്ഞിരുന്നു. അടുത്തിടെ കോനയുടെ ആഗോളതലത്തിലെ മൊത്തം വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടിരുന്നു. കഴിഞ്ഞ ജൂൺ 30ലെ കണക്കനുസരിച്ച് കോന വിൽപന 1,03,719 യൂണിറ്റ് പിന്നിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര വിപണിയായ ദക്ഷിണ കൊറിയയുടെ സംഭാവന മൊത്തം കോന വിൽപനയുടെ നാലിലൊന്നോളം വരുമെന്നാണു ഹ്യുണ്ടേയിയുടെ കണക്ക്. അവശേഷിക്കുന്ന 75 ശതമാനത്തോളം വിൽപനയും വിദേശ വിപണികളിൽ നിന്നായിരുന്നെന്ന് കമ്പനി വ്യക്തമാക്കുന്നു.