എത്രമാത്രം അപകടകരമാണ് ഈ യാത്ര എന്ന് എല്ലാ രക്ഷകര്‍ത്താക്കളെയും ബോധ്യപ്പെടുത്താന്‍ വേണ്ടി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു
അഹമ്മദാബാദ്: ഓട്ടോറിക്ഷയില്‍ എത്രപേര്‍ക്ക് യാത്ര ചെയ്യാനാകും, മൂന്ന് എന്നാകും ഉത്തരം. എന്നാല്‍ ഗുജറാത്തിലെ സൂറത്ത് നഗരത്തില്‍ നിന്നുള്ള കാഴ്ച ഏവരെയും ഞെട്ടിക്കുന്നതാണ്. മൂന്നും നാലുമൊന്നുമല്ല 20 കുട്ടികളാണ് ഓട്ടോയ്ക്കകത്തുണ്ടായിരുന്നത്. പൊലീസിന്‍റെ പരിശോധനയ്ക്കിടയിലാണ് ഓട്ടോ ഡ്രൈവര്‍ പിടിക്കപ്പെട്ടത്. സൂറത്ത് ചൗക് ബസാര്‍ മേമോന്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്.
സൂറത്തിലെ പൊലീസ് ഇന്‍സ്പെക്ടര്‍ ആലാവുദ്ദീന്‍ സന്ദിയാണ് ഓട്ടോ ഡ്രൈവറെ കയ്യോടെ പിടികൂടിയത്. ഓട്ടോറിക്ഷയില്‍ നിന്ന് കുട്ടികളുടെ എണ്ണമെടുത്താണ് സന്ദി പുറത്തിറക്കിയത്. ഇതിന്‍റെ വീഡിയോ അദ്ദേഹം തന്നെ പുറത്തുവിട്ടിട്ടുണ്ട്. എത്രമാത്രം അപകടകരമാണ് ഈ യാത്ര എന്ന് എല്ലാ രക്ഷകര്‍ത്താക്കളെയും ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്നും അദ്ദേഹം വിവരിച്ചിട്ടുണ്ട്.
ഓട്ടോ ഡ്രൈവര്‍ക്ക് പിഴ ശിക്ഷ നല്‍കാനും എസ് ഐ മറന്നില്ല. ആദ്യ തവണയായതിനാല്‍ 500 രൂപയുടെ പിഴയാണ് ഓട്ടോ ഡ്രൈവര്‍ക്ക് ശിക്ഷയായി നല്‍കിയത്. ഇതൊരു ബോധവത്കരണം മാത്രമാണെന്നും ഇത്തരത്തില്‍ കുട്ടികളെ കുത്തിനിറച്ചുള്ള യാത്രയ്ക്ക് പിടിക്കപ്പെട്ടാല്‍ വലിയ പിഴ നല്‍കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
