കേരള പൊലീസിന്‍റെ വാഹന വ്യൂഹത്തിലേക്ക് 202 പുതിയ ബൊലേറൊ എസ്‌യുവികള്‍ കൂടി ചേര്‍ന്നു. മഹീന്ദ്ര ബൊലേറൊയുടെ ടൂ വീല്‍ ഡ്രൈവ് എസ്‌യുവികളാണ് പൊലീസ് വാഹന വ്യൂഹത്തിലേക്ക് എത്തിയിരിക്കുന്നത്. സ്റ്റേറ്റ് പ്ലാന്‍ സ്‌കീമില്‍ സര്‍ക്കാര്‍ അനുവദിച്ച 16.05 കോടി രൂപ ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയിട്ടുള്ളത്. ഒരു പൊലീസ് സ്‌റ്റേഷനില്‍ രണ്ട് വാഹനങ്ങള്‍ വേണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് 202 വാഹനങ്ങള്‍ വാങ്ങിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വാഹനങ്ങളെ നിരത്തിലിറക്കി. എസ് ആന്‍ഡ് എസ് മഹീന്ദ്രയുടെ സര്‍വീസ് ജനറല്‍ മാനേജര്‍ ജി. സുരേഷ്, എച്ച്ആര്‍ മാനേജര്‍ ബി.വേണുഗോപാല്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് താക്കോല്‍ കൈമാറി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വാഹനങ്ങളുടെ താക്കോല്‍ നല്‍കി. 

പത്ത് വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള വാഹനങ്ങള്‍ എല്ലാ സ്റ്റേഷനുകളില്‍ നിന്നും പിന്‍വലിക്കണമെന്നും പകരം ഈ സ്റ്റേഷനുകള്‍ക്ക് പുതിയ വാഹനം നല്‍കണമെന്നുമാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഇതനുസരിച്ചാണ് പുത്തന്‍ ബൊലേറോകള്‍ എത്തിയത്. 

സ്‍പോര്‍ടസ് യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ബൊലേറോ. തൊണ്ണൂറുകളില്‍ മഹീന്ദ്രയുടെ ഹിറ്റ് വാഹനമായിരുന്ന അര്‍മ്മദ പരിഷ്‍കരിച്ചാണ് 2000ത്തിന്‍റെ ആദ്യത്തില്‍ കമ്പനി ബൊലേറോ എസ്‍യുവിക്ക് രൂപം കൊടുക്കുന്നത്.

ഒടുവില്‍ 2019 ഒക്ടോബറിലാണ്  ബൊലേറൊ പവർ പ്ലസിന്‍റെ പ്രത്യേക പതിപ്പിനെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവതരിപ്പിച്ചത്. അകത്തും പുറത്തും പരിഷ്‍കാരങ്ങളോടെ എത്തുന്ന ബൊലേറൊ പവർ പ്ലസ് സ്പെഷൽ എഡീഷന്റെ 1,000 യൂണിറ്റുകള്‍ മാത്രമാണ് വിൽപനയ്ക്കെത്തിച്ചത്. 

സ്പെഷൽ എഡീഷൻ വിളിച്ചോതുന്ന ഗ്രാഫിക്സ്, മുൻ – പിൻ സ്‍കഫ് പ്ലേറ്റുകൾ, ഫോഗ് ലാംപ്, സ്റ്റോപ് ലൈറ്റ് സഹിതം പിൻ സ്പോയിലർ, പുത്തൻ അലോയ് വീൽ തുടങ്ങിയവയാണ് എക്സ്റ്റീരിയറിലെ പ്രത്യേകതകള്‍. പുതിയ സ്പെഷൽ എഡീഷൻ സീറ്റും സ്റ്റീയറിങ് വീൽ കവറും കാർപ്പറ്റ് മാറ്റും ഉള്‍പ്പെടുന്നതാണ് വാഹനത്തിന്‍റെ ഇന്‍റീരിയര്‍. 

1.5 ലീറ്റർ, മൂന്നു സിലിണ്ടർ, ടർബോ ഡീസൽ ബിഎസ് 4 എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 71 ബി എച്ച് പി കരുത്തും 195 എൻ എം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും.