Asianet News MalayalamAsianet News Malayalam

വാഹനമാമാങ്കം; വിട്ടുനില്‍ക്കാന്‍ ഈ ഇന്ത്യന്‍ കമ്പനികള്‍, താരമാകാന്‍ ചൈനാക്കാര്‍!

ദില്ലി ഓട്ടോ എക്സ്പോയുടെ 15-ാം പതിപ്പ് 2020 ഫെബ്രുവരി 7 മുതല്‍ 12 വരെ ഗ്രേറ്റർ നോയിഡയിലെ ഇന്ത്യാ എക്സ്പോ മാർട്ടിൽ നടക്കും. നിരവധി ചൈനീസ് ബ്രാന്‍ഡുകളുടെ പങ്കാളിത്തമാവും ഇത്തവണത്തെ എക്സ്പോയെ വേറിട്ടതാക്കുക

2020 Auto Expo theme Explored
Author
Delhi, First Published Dec 25, 2019, 5:48 PM IST

രാജ്യത്തെ ഏറ്റവും വലിയ വാഹന പ്രദർശനമായ ദില്ലി ഓട്ടോ എക്സ്പോയുടെ 15-ാം പതിപ്പ് 2020 ഫെബ്രുവരി 7 മുതല്‍ 12 വരെ ഗ്രേറ്റർ നോയിഡയിലെ ഇന്ത്യാ എക്സ്പോ മാർട്ടിൽ നടക്കാനിരിക്കുകയാണ്. ഈ ദ്വിവത്സര  വാഹന മാമാങ്കത്തിന്‍റെ തീം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘എക്സ്പ്ളോർ ദി വേൾഡ് ഓഫ് ഫ്യൂച്ചർ മൊബിലിറ്റി' എന്നതാണ് 15-ാം ഓട്ടോ എക്സ്പോയുടെ തീം.

2020 ഫെബ്രുവരി 6 നാണ് പരിപാടിയുടെ ഉദ്ഘാടനം. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM), ഓട്ടോമോട്ടീവ് കോമ്പോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ACMA), കോൺ‌ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) എന്നിവയുടെ സംയുക്ത സംഘാടനത്തിലാണ് പരിപാടി നടക്കുന്നത്.

2,35,000 ചതുരശ്ര മീറ്ററിൽ പരന്നു കിടക്കുന്ന പ്രദർശന മൈതാനത്ത് 51,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഇൻഡോർ ഏരിയയാണ് 2020 ഓട്ടോ എക്സ്പോക്കു വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. എക്‌സ്‌പോ വേദിയില്‍ അറുപതോളം പുതിയ വാഹന മോഡലുകളുടെ വിപണി അവതരണമോ അനാവരണമോ നടന്നേക്കും. 2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ മോഡലുകളും ബിഎസ് 6 പാലിക്കുന്നതും പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായിരിക്കും.

മലിനീകരണ വിമുക്തവും, സുരക്ഷിതം, കണക്റ്റഡുമായ ഗതാഗത മാർഗ്ഗങ്ങൾ ഈ പ്രവിശ്യത്തെ മേളയെ വ്യത്യസ്തമാക്കും. വൈദ്യുത വാഹനങ്ങള്‍, സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങൾ, വിപ്ലവകരമായ സാങ്കേതികവിദ്യകൾ എന്നിവയെല്ലാം ഇത്തവണ മേളയിൽ കാണാം. ഇവയിൽ നല്ലൊരു ഭാഗം ബി‌എസ് 6 കംപ്ലയിന്റ് മാസ്-മാർക്കറ്റ് പാസഞ്ചർ വാഹനങ്ങളായിരിക്കും. നിരവധി ഓട്ടോമോട്ടീവ് സ്റ്റാർട്ടപ്പുകൾ മേളയിൽ മാറ്റുരക്കുന്നതും ഈ വർഷത്തെ പ്രത്യേകതയാണ്.

ഇത്തവണ കൂടുതല്‍ പേര്‍ ഓട്ടോ ഷോ കാണാനെത്തുമെന്ന് സിയാം പ്രതീക്ഷിക്കുന്നു. വിവിധ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതോടെ ഓട്ടോ എക്‌സ്‌പോക്കുശേഷം വില്‍പ്പന വര്‍ധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സിയാം. ഓട്ടോ എക്‌സ്‌പോ തങ്ങളുടെ കാര്‍ വാങ്ങല്‍ തീരുമാനത്തെ സ്വാധീനിക്കുന്നതായി 26 ശതമാനത്തോളം സന്ദര്‍ശകര്‍ പറഞ്ഞതായി അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. മാത്രമല്ല, ഒരു കാറോ ബൈക്കോ വാങ്ങാന്‍ തീരുമാനിച്ചശേഷം ഓട്ടോ എക്‌സ്‌പോ കാണാനെത്തിയവരില്‍ 48 ശതമാനത്തോളം പേര്‍ പിന്നീട് ബ്രാന്‍ഡ് മാറ്റിയതായും പഠനത്തില്‍ പറയുന്നു.

എന്നാല്‍ ഇത്തവണ പല വാഹന ബ്രാന്‍ഡുകളും ഓട്ടോ എസ്‌പോയില്‍ പങ്കെടുക്കുന്നില്ല.  നിസാന്‍, ജീപ്പ്, ഔഡി, ബിഎംഡബ്ല്യു, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, ഹാര്‍ലി ഡേവിഡ്‌സണ്‍ തുടങ്ങിയ വാഹന നിര്‍മാതാക്കളാണ് 2020 ഓട്ടോ എക്‌സ്‌പോയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. എന്നാല്‍ അതൊന്നും മോട്ടോര്‍ ഷോയുടെ വിജയത്തെ ബാധിക്കില്ലെന്ന കണക്കുകൂട്ടലിലാണ് സിയാം.

അതേസമയം ഇന്ത്യന്‍ വാഹന വിപണിയിലെ നവാഗതരായ കിയ മോട്ടോഴ്‌സ്, എംജി മോട്ടോര്‍, ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ്, ഒലെക്ട്ര തുടങ്ങിയ ബ്രാന്‍ഡുകള്‍ സജീവമായി രംഗത്തുണ്ടാകും. നിരവധി ചൈനീസ് ബ്രാന്‍ഡുകളുടെ പങ്കാളിത്തമാവും ഇത്തവണത്തെ എക്സ്പോയെ വേറിട്ടതാക്കുക. മാരുതി സുസുക്കി, ഹ്യുണ്ടായ്, മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് ഉള്‍പ്പെടെ വന്‍ വിപണി വിഹിതമുള്ള എല്ലാ കമ്പനികളും ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കുമെന്ന് സിയാം വ്യക്തമാക്കി.

എന്‍റർപ്രൈസ് ഡേ, ഗുഡ്‌വിൽ ഡേ, ഫാമിലി ഡേ, വിമൻ പവർ ഡേ, ഗ്രീൻ ഡേ, ഡ്രൈവിംഗ് എക്സ്പീരിയൻസ് ഡേ എന്നിങ്ങനെ ആറ് ദിവസങ്ങളിലായി ആറ് പ്രത്യേക ആശയങ്ങൾ അനുസരിച്ചാവും ഓട്ടോ എക്‌സ്‌പോ 2020 നടക്കുക. 2020 ഓട്ടോ എക്സ്പോയ്ക്ക് ഫെബ്രുവരി 6 -ന് തിരശ്ശീല ഉയരും. ഏഴാം തീയതി (എന്റർപ്രൈസ് ദിനം) രാവിലെ 11 മുതൽ വൈകുന്നേരം 7 വരെ സന്ദർശകർക്കായി ഇത് തുറന്നിരിക്കും. 8 മുതൽ 12 വരെ പൊതു സന്ദർശന ദിവസമായിരിക്കും. ഈ ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 8 വരെ എക്സ്പോ തുറന്നിരിക്കും. ഷോയിലേക്കുള്ള ടിക്കറ്റുകൾ പ്രദര്‍ശന നഗരി, ബുക്ക് മൈഷോ, ദില്ലി NCR -ലെ തെരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയിടങ്ങളില്‍ നിന്നും ലഭിക്കും. 

Follow Us:
Download App:
  • android
  • ios