ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സന്‍റെ 2020 മോഡല്‍ ലോ റൈഡര്‍ മോട്ടോര്‍സൈക്കിളിന്റെ വില പ്രഖ്യാപിച്ചു. 13,75,000 രൂപയാണ് എക്‌സ് ഷോറൂം വില. മുന്‍ഗാമിയുടെ എക്‌സ് ഷോറൂം വില 13,59,000 രൂപയായിരുന്നു. 16,000 രൂപ വര്‍ധിച്ചു.

സോഫ്‌റ്റെയ്ല്‍ ഫ്രെയിം, ഇന്ധന ടാങ്കിന് മുകളില്‍ സ്ഥാപിച്ച ഗേജുകള്‍, ഹെഡ്‌ലൈറ്റ് വൈസര്‍, 1970 കളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട ടാങ്ക് ഗ്രാഫിക്‌സ്, കാസ്റ്റ് വീലുകള്‍ എന്നിവ തുടരും. ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ സഹിതം നാല് ഇഞ്ച് അനലോഗ് ടാക്കോമീറ്റര്‍, ഓഡോമീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഇന്ധന നില, ട്രിപ്പ്, റേഞ്ച് ഇന്‍ഡിക്കേറ്റര്‍, ക്ലോക്ക് എന്നിവ കാണാം. മോട്ടോര്‍സൈക്കിളിന്റെ നിരവധി പാര്‍ട്ടുകളില്‍ ക്രോം ഫിനിഷ് നല്‍കിയിരിക്കുന്നു. ഇത് വാഹന ത്തിന്‍റെ മൊത്തത്തിലുള്ള ലുക്ക് വര്‍ധിപ്പിക്കും.

1,745 സിസി, വി ട്വിന്‍, മില്‍വൗക്കീ ഏയ്റ്റ് 107 എന്‍ജിനാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ലോ റൈഡര്‍ മോട്ടോര്‍സൈക്കിളിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 3,000 ആര്‍പിഎമ്മില്‍ 144 എന്‍എം പരമാവധി ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും. മുന്നില്‍ 4 പിസ്റ്റണ്‍ ഫിക്‌സ്ഡ് കാലിപര്‍ സഹിതം സിംഗിള്‍ ഡിസ്‌ക്കും പിന്നില്‍ ഡുവല്‍ പിസ്റ്റണ്‍ ഫ്‌ളോട്ടിംഗ് കാലിപര്‍ സഹിതം സിംഗിള്‍ ഡിസ്‌ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. വിവിഡ് ബ്ലാക്ക്, ബില്യാര്‍ഡ് ബ്ലൂ, ബില്യാര്‍ഡ് റെഡ്, സ്റ്റോണ്‍ വാഷ്ഡ് വൈറ്റ് പേള്‍ എന്നീ നാല് കളര്‍ ഓപ്ഷനുകളിലൊന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.