പുത്തന്‍ CBR 600RR ജാപ്പനീസ് വിപണിയില്‍ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട. 1,606,000 യെന്‍ (ഏകദേശം 11.40 ലക്ഷം രൂപ) ആണ് വിപണിയില്‍ ബൈക്കിന്റെ വില. വിപണിയില്‍ അവതരിപ്പിച്ചെങ്കിലും 2020 സെപ്റ്റംബര്‍ 25 മുതല്‍ മാത്രമേ ബൈക്കിന്റെ ഡെലിവറി ആരംഭിക്കുകയുള്ളു. 

599 സിസി, ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഈ ബൈക്കിന്റെ ഹൃദയം . 14,000 rpm -ല്‍ 119.3 bhp കരുത്തും 11,500 rpm -ല്‍ 64 Nm ടോർക്കും ഈ എഞ്ചിന്‍ സൃഷ്ടിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ഈ ട്രാന്‍സ്മിഷനില്‍ ഒരു അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ച് സവിശേഷതയും നല്‍കിയിട്ടുണ്ട്. ഒരു ഓപ്ഷണല്‍ ക്വിക് ഷിഫ്റ്ററും ഹോണ്ട നല്‍കുന്നു.

എബിഎസ്, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (HSTC), എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍ (പെട്ടെന്നുള്ള ബ്രേക്കിംഗ് ഉണ്ടെങ്കില്‍ ഓട്ടോ ഹസാര്‍ഡ് ലൈറ്റ്) എന്നിവയും സുരക്ഷയ്ക്കായി നൽകി. മുന്‍വശത്ത് ഇരട്ട ഡിസ്‌കുകള്‍, ഡയമണ്ട് ഫ്രെയിം, പിന്നില്‍ സിംഗിള്‍ റോട്ടര്‍, ഇന്‍വേര്‍ട്ട് ബിഗ് പിസ്റ്റണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, പിന്‍ഭാഗത്ത് ഒരു മോണോ ഷോക്ക് എന്നിവയാണ് മറ്റ് സവിശേഷതകള്‍. 

കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫുള്‍-എല്‍ഇഡി ലൈറ്റിംഗ്, വിംഗ്ലെറ്റുകളുള്ള ഫുള്‍-ഫെയറിംഗ് ഡിസൈന്‍, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സീറ്റുകള്‍, അണ്ടര്‍ സീറ്റ് എക്സ്ഹോസ്റ്റ് എന്നിവയാണ് ബൈക്കിലെ ഫീച്ചറുകൾ. ത്രിവര്‍ണ്ണ ഗ്രാന്‍ഡ് പ്രിക്‌സ് റെഡ് കളര്‍ ഓപ്ഷനിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഈ ബൈക്ക് വില്‍പ്പനയ്ക്ക് എത്തുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.