ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയുടെ ആഗോള സ്കൂട്ടർ നിരയിലെ പ്രീമിയം മോഡൽ ഫോഴ്‌സ 300ന്‍റെ 2020 മോഡല്‍ അനാവരണം ചെയ്തു. പുതുതായി ഗ്രേ & ബ്ലാക്ക് പെയിന്റ് സ്‌കീമില്‍ ലിമിറ്റഡ് എഡിഷന്‍ വേരിയന്റ് കൂടി പുറത്തിറക്കി. ലിമിറ്റഡ് എഡിഷന്‍ വേരിയന്റ് നൂറ് യൂണിറ്റ് മാത്രമായിരിക്കും വില്‍ക്കുന്നത്.

279 സിസി, ലിക്വിഡ് കൂള്‍ഡ്, 4 വാല്‍വ്, 4 സ്‌ട്രോക്ക്, എസ്ഒഎച്ച്‌സി, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ് ഹോണ്ട ഫോഴ്‌സ 300 സ്‌കൂട്ടറിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 7,000 ആര്‍പിഎമ്മില്‍ 24.8 ബിഎച്ച്പി കരുത്തും 5,750 ആര്‍പിഎമ്മില്‍ 27.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

ചുവന്ന തുന്നലുകളോടെ തുകല്‍ സീറ്റ്, ചുവന്ന റിം ടേപ്പ്, ചാര നിറത്തിലുള്ള ടോപ് ബോക്‌സ് എന്ന ലിമിറ്റഡ് എഡിഷന്റെ പ്രത്യേകതകളാണ്. ടോപ് ബോക്‌സിന് 45 ലിറ്ററാണ് സ്‌റ്റോറേജ് ശേഷി. ഇവ കൂടാതെ മറ്റ് മാറ്റങ്ങളില്ല. ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ്, സ്മാര്‍ട്ട് കീ, പകുതി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഫീച്ചറുകളാണ്.

മാക്‌സി സ്‌കൂട്ടര്‍ ആയതിനാല്‍ സീറ്റിനടിയില്‍ വലിയ സ്റ്റോറേജ് നല്‍കി. രണ്ട് ഫുള്‍ ഫേസ് ഹെല്‍മറ്റുകള്‍ എളുപ്പം സൂക്ഷിക്കാന്‍ കഴിയും. 12 വോള്‍ട്ട് ചാര്‍ജിംഗ് സോക്കറ്റ് മറ്റൊരു ഫീച്ചറാണ്. ഹോണ്ടയുടെ ‘എച്ച്എസ്ടിസി’ സുരക്ഷാ ഫീച്ചറാണ്. മുന്‍, പിന്‍ ചക്രങ്ങളുടെ വേഗതയിലെ വ്യത്യാസം മനസ്സിലാക്കി പിന്‍ ചക്രത്തിന്റെ ട്രാക്ഷന്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്നതാണ് എച്ച്എസ്ടിസി.

ഹോണ്ട ഇതുവരെ ഫോഴ്‌സ 300-നെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ കഴിഞ്ഞ മാസം നാല് യൂണിറ്റ് ഹോണ്ട ഫോഴ്‌സ 300 ഡെലിവറി ചെയ്തിരുന്നു. പ്രീ-ബുക്കിംഗ് വഴി പ്രത്യേക ഓര്‍ഡര്‍ നടത്തിയാണ് ഉപയോക്താക്കള്‍ പ്രീമിയം സ്‌കൂട്ടര്‍ വാങ്ങിയത്. വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് നാല് യൂണിറ്റ് ഫോഴ്‌സ 300-നെ ഇറക്കുമതി ചെയ്യുക മാത്രമാണ് ഹോണ്ട ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യ 4 മോഡലിന്റെ ഡെലിവറിയാണ് ഹോണ്ട ബിഗ്-വിഗ് ഡീലർഷിപ്പ് വഴി നടന്നത്. ഇതോടെ ഇന്ത്യയില്‍ മിഡ് സൈസ് പ്രീമിയം സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ പ്രവേശിച്ച ആദ്യ കമ്പനിയായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) മാറിയിരുന്നു.  ഇന്ത്യയില്‍ ഹോണ്ടയുടെ ആദ്യ മാക്‌സി സ്‌കൂട്ടറാണ് ഫോഴ്‌സ 300.

2021 സാമ്പത്തിക വര്‍ഷത്തില്‍ ഹോണ്ട ഫോഴ്‌സ 300 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 2.5 ലക്ഷം മുതല്‍ 3.25 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം.