ജാപ്പനീസ് ബൈക്ക് നിർമ്മാതാക്കളായ  കാവസാക്കി ബിഎസ് 6 പാലിക്കുന്ന ഇസഡ് 650 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6.25 ലക്ഷം മുതല്‍ 6.50 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ ഇന്ത്യ എക്‌സ് ഷോറൂം വില.

നിലവില്‍ വിപണിയിലുള്ള ബിഎസ് 4 കാവസാക്കി ഇസഡ് 650 മോട്ടോര്‍സൈക്കിളിന് 5.69 ലക്ഷം രൂപയായിരുന്നു വില. ബിഎസ് 4 പതിപ്പിനേക്കാള്‍ 56,000 രൂപയോളം കൂടുതലാണ് പുതിയ മോഡലിന്. ബിഎസ് 6 പാലിക്കുന്നതിനൊപ്പം കാവസാക്കി ഇസഡ് 650 മോട്ടോര്‍സൈക്കിളില്‍ ചില ഫീച്ചറുകള്‍ കൂടി നല്‍കിയിരിക്കുന്നു. എന്നാല്‍ മെക്കാനിക്കല്‍ ഫീച്ചേഴ്‍സില്‍ മാറ്റങ്ങളില്ല.

മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക് നിറത്തില്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും.  നിലവിലെ മോട്ടോര്‍സൈക്കിളില്‍ കാണുന്നതുപോലെ പുതിയതിലും അതേ സുഗോമി സ്‌റ്റൈലിംഗ് കാണാനാകും. എന്നാല്‍ പുതിയ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, 4.3 ഇഞ്ച് ടിഎഫ്ടി സ്‌ക്രീനോടുകൂടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, റൈഡിയോളജി മൊബീല്‍ ആപ്പ് മുഖേന ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി എന്നിവ ലഭിച്ചു. സ്‌പോര്‍ട്ട്മാക്‌സ് ഡി214 ടയറുകള്‍ക്ക് പകരം ഡണ്‍ലപ് സ്‌പോര്‍ട്ട്മാക്‌സ് റോഡ്‌സ്‌പോര്‍ട്ട് 2 ടയറുകളിലാണ് മിഡില്‍വെയ്റ്റ് സ്ട്രീറ്റ് നേക്കഡ് മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ വരുന്നത്.

649 സിസി, ഇരട്ട സിലിണ്ടര്‍ എന്‍ജിനാണ് കാവസാക്കി ഇസഡ് 650 മോട്ടോര്‍സൈക്കിളിന്‍റെ ഹൃദയം. ബിഎസ് 6 പാലിക്കുന്ന എന്‍ജിന്‍ തുടര്‍ന്നും 67 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. എന്നാല്‍ ടോര്‍ക്ക് അല്‍പ്പം കുറഞ്ഞു. ഇപ്പോള്‍ 6,700 ആര്‍പിഎമ്മില്‍ 64 എന്‍എം. നേരത്തെ 6,500 ആര്‍പിഎമ്മില്‍ 65.7 ന്യൂട്ടണ്‍ മീറ്റര്‍. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. ബിഎസ് 4 മോഡലിനേക്കാള്‍ മോട്ടോര്‍സൈക്കിളിന്റെ ഭാരം മൂന്ന് കിലോഗ്രാം കുറഞ്ഞു. ഇപ്പോള്‍ 186 കിലോഗ്രാമാണ് കര്‍ബ് വെയ്റ്റ്.  സിഎഫ് മോട്ടോ 650 എന്‍കെ, ബെനല്ലി ടിഎന്‍ടി 600ഐ, ബെനല്ലി ലിയോണ്‍ചിനോ 500 എന്നിവയാണ് ഇന്ത്യന്‍ വിപണിയിലെ എതിരാളികള്‍.
പുതിയ MY20 കവാസാക്കി Z900 ബിഎസ് VI മോട്ടോർസൈക്കിന് 8.50 ലക്ഷം മുതൽ 9 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

നിലവില്‍ വില്‍പ്പനയിലുണ്ടായിരുന്ന മോഡലിന് 7.69 ലക്ഷം രൂപയായിരുന്നു വില. ഏകദേശം 81,000 രൂപയോളം വില വർധിച്ചിട്ടുണ്ട് പുത്തൻ കാവസാക്കി Z900ന്. 2020 ഏപ്രിൽ മുതൽ നിലവിൽ വരുന്ന BS6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ അനുസരിച്ച് പരിഷ്‍കരിച്ച എൻജിനാണ് 2020 Z900-ലെ പ്രധാന മാറ്റം. കാവാസാക്കിയിൽ നിന്ന് ഇന്ത്യയിലെ വില്പനക്കെത്തുന്ന ആദ്യ BS6 പരിഷ്‌കാരങ്ങൾ ചേർന്ന മോട്ടോർസൈക്കിളാണ് പുതിയ Z900. രാജ്യത്തെ ആദ്യത്തെ പ്രീമിയം ബിഎസ് 6 കംപ്ലയിന്റ് സൂപ്പർനേക്ക് മോട്ടോർസൈക്കിളും കവാസാക്കി Z900 ആണ്.

ഇതുവരെ വില്‍പ്പനയിലുണ്ടായിരുന്ന 948 സിസി, ഇൻലൈൻ 4 സിലിണ്ടർ എഞ്ചിൻ ആണ് പരിഷ്കരിച്ചിരിക്കുന്നത്. 124 എച്ച്പി പവറും 97 എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന എൻജിന് BS6 പരിഷ്കാരങ്ങൾക്കു ശേഷവും ഔട്പുട്ടിൽ വ്യത്യാസമുണ്ടാകില്ല. സ്ലിപ്പ് അസിസ്റ്റ് ക്ലച്ചുമായി ചേർന്ന് പ്രവർത്തിക്കുന്ന ആറ് സ്പീഡ് ഗിയർ ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

റെയിൻ, റോഡ്, സ്‌പോർട്ട്, മാനുവൽ എന്നിങ്ങനെ നാല് റൈഡിങ് മോഡുകൾ 2020 Z900-നുണ്ട്. ഇത് കൂടാതെ മൂന്ന് ലെവൽ ട്രാക്ഷൻ കണ്ട്രോളും രണ്ട് പവർ മോഡുകളും കാവസാക്കി പുത്തൻ Z900-ൽ ചേർത്തിട്ടുണ്ട്. ഓൾ എൽഇഡി ഹെഡ്‌ലാംപ് ആണ് പ്രകടമായ പ്രധാന വ്യത്യാസം. പുതിയ Z900-ൽ 10.9 ഇഞ്ച് കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. കവാസാക്കി റൈഡിയോളജി ആപ്പ് വഴി ഈ ഇന്റസ്ട്രുമെൻറ്റ് ക്ലസ്റ്ററും റൈഡറുടെ സ്മാർട്ട്‌ഫോണും കണക്റ്റ് ചെയ്യാം.

ഹെഡ്‌ലാമ്പുകൾക്കും ടെയ്‌ലൈറ്റുകൾക്കുമുള്ള പൂർണ്ണ എൽഇഡി ലൈറ്റിംഗുകളും, മുന്നിലും പിന്നിലും പരിഷ്കരിച്ച സസ്‌പെൻഷൻ ക്രമീകരണങ്ങളും റൈഡോളജി എന്ന ആപ്ലിക്കേഷൻ വഴി സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 4.3 ഇഞ്ച് പുതിയ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിനെ വേറിട്ടതാക്കുന്നു.

മറ്റ് റൈഡ് മോഡുകളുമായി സംയോജിപ്പിച്ച പുതിയ പവർ മോഡും വാഹനം ഉൾക്കൊള്ളുന്നു. അതോടൊപ്പം ട്രാക്ഷൻ കൺട്രോൾ, ശക്തമായ ഫ്രെയിം, ഡൺലോപ്പ് സ്പോർട്സ്മാക്സ് റോഡ്സ്പോർട്ട് 2 ടയറുകൾ എന്നിവയും വാഹനത്തിലുണ്ട്.

മുന്നില്‍ 41 mm അപ്പ് സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഒരു മോണോ ഷോക്കുമാണ് സസ്പെൻഷന്‍. മുൻവശത്ത് ഇരട്ട 300 mm പെറ്റൽ ഡിസ്കുകളും പിന്നിൽ 250 mm പെറ്റൽ ഡിസ്കുമാണ് ബ്രേക്ക്. ഇരട്ട ചാനൽ ABS ഉം പിന്തുണയ്ക്കുന്നുണ്ട്.

മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രേ / മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് & മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് / മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക് എന്നീ രണ്ട് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലാണ് പുതിയ Z900 ബിഎസ്6 കവാസാക്കി മോട്ടോർസൈക്കിൾ എത്തുന്നത്.  സുസുക്കി ജിഎസ്എക്സ്-എസ് 750, കെടിഎം 790 ഡ്യൂക്ക്, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ എസ് തുടങ്ങിയ മോഡലുകളാണ് 2020 കവാസാക്കി Z900-ന്റെ മുഖ്യ എതിരാളികൾ.

കാവസാക്കിയുടെ രണ്ടാമത്തെ ബിഎസ് 6 മോഡലാണ് ഇസഡ് 650. ബിഎസ് 6 പാലിക്കുന്ന ഇസഡ് 900 നേരത്തെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.