ജനപ്രിയ കോംപാക്ട്  സെഡാന്‍ ഡിസയറിന്‍റെ ഇന്ധനക്ഷമത കൂടിയ പതിപ്പിനെ മാരുതി സുസുക്കി വിപണിയില്‍ അവതരിപ്പിച്ചു. ഏഴ് വേരിയന്റുകളുമായെത്തുന്ന ഈ വാഹനത്തിന് 5.89 ലക്ഷം രൂപ മുതല്‍ 8.80 ലക്ഷം രൂപ വരെയാണ് ദില്ലി എക്‌സ്‌ഷോറൂം വില. 

88.5 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ കെ12ബി പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് പുതിയ ഡിസയര്‍ എത്തിയത്. ഉയര്‍ന്ന ഇന്ധനക്ഷമതയാണ് പുതിയ ഡിസയറിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മാനുവല്‍ മോഡലിന് 23.26 കിലോമീറ്ററും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് 24.12 കിലോമീറ്ററുമാണ് കമ്പനി ഉറപ്പുനല്‍കുന്ന മൈലേജ്. 

LXi, VXi, ZXi, ZXi+ എന്നീ നാല് മാനുവല്‍ പതിപ്പുകളും VXi AGS, ZXI AGS, ZXI+AGS എന്നീ മൂന്ന് ഓട്ടോമാറ്റിക് മോഡലുകളും ചേര്‍ന്നാണ് ഏഴ് വേരിയന്റുകള്‍ പുറത്തിറക്കുന്നത്.  ഇതുകൂടാതെ മുമ്പുണ്ടായിരുന്ന നിറങ്ങള്‍ക്ക് പുറമെ, ഫിനിക്‌സ് റെഡ്, പ്രീമിയം സില്‍വല്‍ എന്നീ രണ്ട് നിറങ്ങളില്‍ കൂടി ഡിസയര്‍ എത്തുന്നുണ്ട്.

മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായ ഡിസൈനാണ് വാഹനത്തിന്. ഒന്നായി മാറിയ ഗ്രില്ലും എയര്‍ഡാമും, ഇതിനുചുറ്റിലും നീളുന്ന ക്രോമിയം സ്ട്രിപ്പ്, പുതിയ ഡിസൈനിലുള്ള ഫോഗ് ലാമ്പ്, പൂര്‍ണമായും പുതുക്കി പണിതിരിക്കുന്ന ബമ്പര്‍ എന്നിവ ചേര്‍ന്നാണ് ഡിസയറിന്റെ ഈ വരവിന് പുതുമ ഒരുക്കിയിട്ടുള്ളത്. 

വുഡന്‍ വുഡന്‍ ഫിനീഷിങ്ങ് ഇന്റീരിയറിന് ആഡംബരഭാവം നല്‍കുന്നു. സ്റ്റിയറിങ്ങിലും ഡാഷ്‌ബോര്‍ഡിലും സെന്റര്‍ കണ്‍സോളിലും വുഡന്‍ പാനലിങ്ങുണ്ട്. സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ്, ടിഎഫ്ടി മിഡ് ഡിസ്‌പ്ലേ എന്നിവയും ഇന്റീരിയറിനെ ആകര്‍ഷകമാക്കുന്നു.

12 വര്‍ഷങ്ങള്‍ക്കു മുമ്പ് 2008ലാണ് സ്വിഫ്റ്റ് എന്ന ഹാച്ച്ബാക്കിൽ നിന്ന് ജന്മം കൊണ്ട സെഡാനായ ഡിസയർ ആദ്യമായി വിപണിയിലെത്തിയത്. സ്വിഫ്റ്റ് ഡിസയര്‍ എന്നായിരുന്നു അന്ന് വാഹനത്തിന്‍റെ പേര്. സ്വിഫ്റ്റിന്റെ രൂപകല്പനയിൽ നിന്ന് പ്രചോദനമുള്‍ക്കൊണ്ട സെഡാൻ സെഗ്മെന്റിലെ വാഹനമായിരുന്നു ഡിസയർ. 2012-ല്‍ ടാക്‌സി സെഗ്മെന്റിൽ ടൂര്‍ എന്ന പേരില്‍ കോംപാക്ട് സെഡാൻ പതിപ്പിന്‍റെ അവതരണം. അപ്പോഴും മികച്ച പ്രകടനം തന്നെ ഡിസയർ കാഴ്ച വച്ചു. 

മൂന്നാം തലമുറയിൽപ്പെട്ട ഡിസയറാണ് 2017 മെയില്‍ പുറത്തിറങ്ങിയത്. ഈ ഡിസയറാണ് ഇപ്പോള്‍ വിപണിയിലുള്ളത്. അപ്പോഴാണ് പേരില്‍ നിന്നും സ്വിഫ്റ്റ് എടുത്തുമാറ്റി ഡിസയര്‍ എന്നു മാത്രമാക്കിയത്. 2018ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാര്‍ എന്ന റെക്കോര്‍ഡ് ഡിസയറിനായിരുന്നു. യഥാർഥ സെഡാൻ ശൈലിയിലുള്ള രൂപകൽപ്പനയും കാഴ്ചപ്പകിട്ടും ഡ്രൈവിങ് സുഖവും മികച്ച സീറ്റുകളുമൊക്കെയാണു ‘ഡിസയറി’നു മികച്ച വിൽപ്പന നേടിക്കൊടുക്കുന്നതെന്നും സ്ഥലസൗകര്യമുള്ള അകത്തളവുമൊക്കെയായാണു വാഹനത്തിനു നേട്ടമാകുന്നത്.