റോയല്‍ എന്‍ഫീല്‍ഡിന്‍റെ ജനപ്രിയ മോഡലായ ബുള്ളറ്റ് 350-യുടെ ബിഎസ്6 പതിപ്പ് വിപണിയിലെത്തി. ബുള്ളറ്റ് എക്‌സിന് 1.21 ലക്ഷം രൂപയും ബുള്ളറ്റ് സ്റ്റാന്‍ഡേഡിന് 1.27 രൂപയും ബുള്ളറ്റ് എക്‌സ് ഇഎസിന് 1.37 രൂപയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. 

നിലവിലെ ബിഎസ്4 ബുള്ളറ്റ് 350-നെ ചലിപ്പിക്കുന്ന 346 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിൻ തന്നെയാണ് 2020 ബുള്ളറ്റ് 350യുടെയും ഹൃദയം. അതെ സമയം കാർബുറേറ്ററിന് പകരം ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്താണ് ബിഎസ്6 മാനദണ്ഡങ്ങൾക്കനുസരിച്ച് ഈ എൻജിൻ പരിഷ്കരിച്ചിരിക്കുന്നത്.

ബിഎസ് ആറ് 346 സിസി എന്‍ജിന് 19.1 എച്ച് പി കരുത്തും 28 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കും. ബിഎസ് നാലു നിലവാരത്തില്‍ ഇതേ എന്‍ജിന്‍ 19.8 ബി എച്ച് പി കരുത്തും 28 എന്‍ എം ടോര്‍ക്കുമാണു സൃഷ്ടിച്ചിരുന്നത്. 

ക്രോമിയത്തിനു പകരം കറുപ്പിന്റെ അതിപ്രസരമാണ് ബുള്ളറ്റ് എക്‌സ് വകഭേദങ്ങളെ സ്റ്റാന്‍ഡേഡ് 350 ബൈക്കുകളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. ബുള്ളറ്റ് 350 എക്‌സ് ഇ എസിലാവട്ടെ എന്‍ജിന്‍ ബ്ലോക്കിനും ക്രാങ്ക് കേസിനും കറുപ്പ് ഫിനിഷാണ്. ഒപ്പം എന്‍ജിനു മുകള്‍ ഭാഗത്തും ക്രാങ്ക് കേസിലും സില്‍വര്‍ ഫിനിഷും ഇടംപിടിക്കുന്നുണ്ട്. ഇന്ധന ടാങ്കിലെ ലളിതവും വ്യത്യസ്ത രൂപകല്‍പ്പനയുള്ളതുമായ ലോഗോയാണ് എക്‌സ് വകഭേദത്തിലെ മറ്റൊരു സവിശേഷത. സ്റ്റാന്‍ഡേഡിലെ ത്രിമാന എംബ്ലത്തിനു പകരമാണ് ഈ ഗ്രാഫിക്‌സ് ഇടംപിടിക്കുന്നത്.

ബുള്ളറ്റ് 350-യുടെ സൈക്കിൾ പാര്‍ട്‍സുകളിൽ മാറ്റമുണ്ടാവില്ല. ഫ്രെയിം, സസ്പെൻഷൻ, ബ്രേക്ക്, മറ്റ് ഘടകങ്ങൾ എന്നിവ ഇപ്പോൾ മാറ്റമില്ലാതെ തുടരും. പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്ക്, ട്വിൻ റിയർ ഷോക്ക് അബ്സോർബറുകൾ എന്നിവ റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിൽ സജ്ജീകരിച്ചിരിക്കുന്നു. 280 mm ഫ്രണ്ട് ഡിസ്കും 153 mm റിയർ ഡ്രമ്മുമാണ് ബ്രേക്കിംഗ്. സിംഗിൾ-ചാനൽ എബിഎസ് ഒരു സ്റ്റാൻഡേർഡ് ഫിറ്റ്മെന്റാണ്. 3.75 x 19 ടയറുകളാൽ പൊതിഞ്ഞ സ്‌പോക്ക്ഡ് വീലുകളിലാണ് മോട്ടോർസൈക്കിളിൽ ലഭ്യമാകുന്നത്.