ബിഎസ്6 എഞ്ചിന്‍ കരുത്തില്‍ 2020 അവസാനത്തോടെ ഈ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

2020 ദില്ലി ഓട്ടോ എക്സ്പോയിലാണ് ടാറ്റ മോട്ടോഴ്‍സ് ഹെക്‌സ എസ്‌യുവിയുടെ സഫാരി എഡിഷന്‍ അനാവരണം ചെയ്‍തത്. അടുത്തിടെ ഉല്‍പ്പാദനം അവസാനിപ്പിച്ച ടാറ്റ സഫാരി സ്‌റ്റോം എസ്‌യുവിയോടുള്ള ആദരസൂചകമായാണ് പ്രത്യേക പതിപ്പ് പ്രദര്‍ശിപ്പിച്ചത്.

ബിഎസ്6 എഞ്ചിന്‍ കരുത്തില്‍ 2020 അവസാനത്തോടെ ഈ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹെക്‌സയുടെ 4x4 പതിപ്പിനെ അടിസ്ഥാനമാക്കിയായിരിക്കും ഹെക്‌സ സഫാരി ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രൂപത്തില്‍ നിരത്തൊഴിയുന്ന ഹെക്‌സയോട് സാമ്യം തോന്നുമെങ്കിലും പരുക്കന്‍ ഭാവമായിരിക്കും ഹെക്‌സ സഫാരിയുടെ ഡിസൈന്‍ ഭാഷ്യം.

കാഴ്ച്ചയില്‍ നിലവിലെ മോഡലിന് സമാനമാണെങ്കിലും ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ ടാറ്റ വാഹനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഒരേ തട്ടില്‍ നല്‍കിയിരിക്കുന്ന ഡേ ടൈം റണിങ് ലാമ്പുകള്‍, ഫോഗ്‌ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബംപര്‍ എന്നിവ മുന്‍വശത്തെ സവിശേഷതകളാണ്.

ചുറ്റിലും നീളുന്ന ക്ലാഡിങ്ങ്, റൂഫ് റെയിലുകള്‍ എന്നിവയും മറ്റ് സവിശേഷതകളാണ്. അകത്തളത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. സഫാരി എഡിഷന്റെ ഡാഷ്ബോര്‍ഡ് നിലവിലെ മോഡലിന് സമാനമാണ്.

പുതിയ ബ്ലാക്ക്-ബീജ് കളര്‍ സ്‌കീമിലാണ് ഡാഷ്‌ബോര്‍ഡ് ഒരുങ്ങുന്നത്. ഡ്രൈവര്‍ സൈഡ് ഡാഷ്‌ബോര്‍ഡില്‍ സഫാരി ബാഡ്ജിങ്ങ് നല്‍കിയിട്ടുണ്ട്. പുതിയ ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ സവിശേഷതകളാണ്.

ബിഎസ്6 നിലവാരത്തിലുള്ള 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 154 bhp കരുത്തും 400 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ്, ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക്കുമാണ് ഗിയര്‍ബോക്‌സ്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മഹീന്ദ്ര മരാസോ എന്നീ മോഡലുകളാവും ഇന്ത്യന്‍ വിപണിയില്‍ പുതിയ വാഹനത്തിന്റെ എതിരാളികള്‍. 13.70 ലക്ഷം രൂപയോളമാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറും വില.

നിലവിലുള്ള റഗുലര്‍ ഹെക്സയുടെ പരിഷ്‍കരിച്ച പതിപ്പിനെ 2019 മാര്‍ച്ചിലാണ് ടാറ്റ അവതരിപ്പിക്കുന്നത്. നിലവില്‍ XM മോഡലിലാണ് ടാറ്റ ഹെക്‌സ നിര തുടങ്ങുന്നത്. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹെക്‌സയുടെ ഹൃദയം. വരിക്കോര്‍ 320, വരിക്കോര്‍ 400 എന്നിങ്ങനെ രണ്ടു ട്യൂണിങ് നിലകള്‍ എഞ്ചിന്‍ യൂണിറ്റുകള്‍ക്കുണ്ട്. 150 bhp കരുത്തും 320 Nm torque ഉം വരിക്കോര്‍ 320 എഞ്ചിന് പരമാവധി സൃഷ്ടിക്കുമ്പോള്‍ വരിക്കോര്‍ 400 എഞ്ചിന്‍ 156 bhp കരുത്തും 400 Nm torque ഉം സൃഷ്‍ടിക്കും.

ഇരട്ട വർണ റൂഫ് സാധ്യതകളും വ്യത്യസ്ത നിറത്തിലുള്ള അലോയ് വീലുമൊക്കെ ചേർന്ന് ഇംപാക്ട് ഡിസൈൻ ശൈലിയിലാണ് മാര്‍ച്ചില്‍ പുതിയ വാഹനത്തെ ടാറ്റ അവതരിപ്പിക്കുന്നത്. പരിഷ്‍കരിച്ച ഹെക്സയുടെ ഓട്ടമാറ്റിക് ട്രാൻസ്‍മിഷൻ, ഓൾ വീൽ ഡ്രൈവ് ലേ ഔട്ട് വകഭേദങ്ങളിൽ ഡയമണ്ട് കട്ട് അലോയ് വീലും ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുന്നു. മാനുവൽ ട്രാൻസ്മിഷൻ പതിപ്പുകളിലാവട്ടെ ചാർക്കോൾ ഗ്രേ നിറമുള്ള അലോയ് വീലുകളാണ്.

ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹെക്‌സയിലുണ്ട്. അതേസമയം 4x4 ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം മാനുവല്‍ ഗിയര്‍ബോക്‌സുള്ള വരിക്കോര്‍ 400 പതിപ്പില്‍ മാത്രമെയുള്ളൂ. എബിഎസ്, ഇബിഡി, എഞ്ചിന്‍ ഇമൊബിലൈസര്‍, സെന്‍ട്രല്‍ ലോക്കിംഗ്, ചൈല്‍ഡ് സേഫ്റ്റി ലോക്ക്, പവര്‍ ഡോര്‍ ലോക്ക്, ഹെഡ്ലാമ്പ് ബീം അഡ്‍ജസ്റ്റര്‍, സൈഡ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷാന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ ഹെക്‌സയുടെ പ്രത്യേകതകള്‍ നീളുന്നു.