ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഫോര്‍ച്യൂണറിന്റെ 2020 ഫെയ്‌സ്‌ലിഫ്റ്റ് തായ്‌ലൻഡിൽ അവതരിപ്പിച്ചു. വാഹനത്തിന്‍റെ മിഡ് ലൈഫ് അപ്ഡേറ്റ് ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

ഇപ്പോൾ വില്പനയിലുള്ള മോഡലിനേക്കാൾ കൂടുതൽ ഷാർപ്, സ്‌പോർട്ടി ലുക്ക് ആണ് 2020 ഫോർച്യൂണറിന്.  അല്പം പരിഷ്കരിച്ച വിലകളോടെ ഈ വർഷാവസാനം  ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം ബെംഗളൂരുവിന് അടുത്തുള്ള ബിദാദിയിലെ ടൊയോട്ട ഫാക്ടറിയിൽ നിർമ്മിക്കും.

പുതിയ വാഹനത്തിന് പുതുക്കിയ ഹെഡ്‌ലാമ്പ് ഡിസൈനും ബമ്പറും ഉള്ള ഒരു പുതിയ മുൻഭാഗം ലഭിക്കുന്നു. വശങ്ങളിൽ, അലോയ് വീലുകൾക്ക് പുതിയ ഡിസൈൻ നൽകിയിരിക്കുന്നു. പിന്നിൽ  എൽഇഡി ടെയിൽ ലാമ്പുകൾക്കും ഒരു പുതിയ ഡിസൈൻ ആണ്. അപ്‌ഡേറ്റുചെയ്‌ത ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ആപ്പിൾ കാർ പ്ലേ ആൻഡ്രോയ്ഡ് ഓട്ടോ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതൊഴിച്ചാൽ ഇന്റീരിയറിൽ മറ്റു മാറ്റങ്ങളൊന്നുമില്ല. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ. ലെതർ അപ്ഹോൾസ്റ്ററി, പവർ ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ്  ഓഡിയോ കൺട്രോൾ എന്നിവയും നൽകിയിട്ടുണ്ട്.

2.4 ലിറ്റർ ഡീസൽ,  2.8 ലിറ്റർ ഡീസൽ എന്നീ രണ്ട് എൻജിൻ ഓപ്ഷനുകളിൽ തായ്‌ലൻഡ് മാർക്കറ്റിൽ ഈ വാഹനം ലഭിക്കും. ആദ്യത്തേത് 148bhp / 343Nm ഉൽ‌പാദിപ്പിക്കുമ്പോൾ , രണ്ടാമത്തേത് 174bhp / 420Nm നൽകുന്നു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സ് ആണ് ട്രാന്‍സ്‍മിഷന്‍.

കൂടാതെ ഓപ്ഷണൽ ആയി ഓൾ വീൽ ഡ്രൈവ് ലഭിക്കും. ഇന്ത്യൻ വിപണിയിൽ 2.4 ലിറ്റർ ഡീസലും 157bhp / 245Nm ഉത്പാദിപ്പിക്കുന്ന 2.7 ലിറ്റർ പെട്രോളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് എഞ്ചിനുകൾക്കും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് എടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഡീസലിന് ഓൾ വീൽ ഡ്രൈവ് ഓപ്ഷൻ ലഭിക്കും.

ഫോർഡ് എൻ‌ഡവർ, ഹോണ്ട സി‌ആർ‌വി, മഹീന്ദ്ര ആൾട്യൂറസ്  ജി 4 തുടങ്ങിയവരാണ് പുത്തന്‍ ഫോര്‍ച്യൂണറിന്‍റെ മുഖ്യ എതിരാളികള്‍.