ഇന്ത്യയിൽ ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ രംഗത്ത് ആദ്യമായി റസ്റ്റ് പ്രോഗ്രാമിംഗ് ലാംഗ്വേജ് അവതരിപ്പിച്ച് കേരളം ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന മുൻനിര ആഗോള ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ കമ്പനിയായ ആക്സിയ ടെക്‌നോളജീസ്. 

ന്ത്യയിൽ ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ രംഗത്ത് ആദ്യമായി റസ്റ്റ് പ്രോഗ്രാമിംഗ് ലാംഗ്വേജ് അവതരിപ്പിച്ച് കേരളം ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന മുൻനിര ആഗോള ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ കമ്പനിയായ ആക്സിയ ടെക്‌നോളജീസ്. ഭാവിയുടെ പ്രോഗ്രാമിംഗ് ഭാഷ എന്നറിയപ്പെടുന്ന റസ്റ്റ് പ്രോഗ്രാമിംഗ് ലാംഗ്വേജ്, സബാറ്റണിന്റെ സ്രഷ്‍ടാവായ സബാറ്റൺ സിസ്റ്റംസ് എൽഎൽപിയുമായി സഹകരിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. റസ്റ്റിന്റെ വർദ്ധിച്ചുവരുന്ന ഉപയോഗം, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കിടയിലെ ഓട്ടോമോട്ടീവ് പ്രേമികൾക്ക് ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്. ആക്സിയയും സബാറ്റണും തമ്മിലുള്ള സഹകരണം രാജ്യത്തെ ഓട്ടോമോട്ടീവ് എൻജിനീയർമാർക്ക് പ്രയോജനകരമാകുമെന്ന് അധികൃത‍ർ വ്യക്തമാക്കി.

ടെക് ഭീമൻമാരായ മൈക്രോസോഫ്റ്റ്, ഗൂഗിൾ, എഡബ്ല്യൂഎസ്, ഹുവായ് ഉൾപ്പടെ ആഗോളതലത്തിൽ നിരവധി ഡവലപ്പർമാർ റസ്റ്റിനെയാണ് കൂടുതലായി തിരഞ്ഞെടുക്കുന്നത്. സി, സി++ പോലെയുള്ള പരമ്പരാഗത പ്രോഗ്രാമിംഗ് ലാംഗ്വേജുകളേക്കാൾ സുരക്ഷയും, വേഗതയും, കാര്യക്ഷമതയും റസ്റ്റ് ലാംഗ്വേജിനുണ്ട് എന്നതാണ് പ്രത്യേകത. ഓട്ടോമോട്ടീവ് ഓപ്പൺ സിസ്റ്റം ആർക്കിടെക്ചർ ഫൗണ്ടേഷനും, സൊസൈറ്റി ഫോർ ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗും, എയ്‌റോസ്‌പേസ് സോഫ്റ്റ്‌വെയറിലും, ഓട്ടോമോട്ടീവിലും റസ്റ്റ് ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.

വികസിച്ചുകൊണ്ടിരിക്കുന്ന ഓട്ടോമോട്ടീവ് സോഫ്‌റ്റ്‌വെയർ വ്യവസായത്തിൽ, റസ്റ്റിന്റെ പ്രസക്തിയും ഗുണങ്ങളും ത്വരിതപ്പെടുത്തിക്കൊണ്ട്, റസ്റ്റ് അധിഷ്‌ഠിത ഓട്ടോമോട്ടീവ് ഉൽപ്പന്നങ്ങളുടെ വികസനം വേഗത്തിലാക്കാൻ ആക്സിയയും സബാറ്റണും, സെന്റർ ഓഫ് എക്‌സലൻസ്എന്നൊരു കേന്ദ്രത്തിന് രൂപകൽപന നൽകിയിട്ടുണ്ട്. ഈ കേന്ദ്രം കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകൾക്കൊപ്പം പ്രവർത്തിക്കും. അതോടൊപ്പം മറ്റ് ഓട്ടോമോട്ടീവ് സംവിധാനങ്ങളുമായി സബാറ്റൺ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും പുതിയ ഡിസൈനുകൾ സൃഷ്ടിക്കുന്നതിനുമായി പരിശീലനം ലഭിച്ച ഡെവലപ്പർമാരെ ഉൾപ്പെടുത്തും.

ആഗോള ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ ഡിസൈനിംഗ് വിപണിയിൽ, ഇന്ത്യൻ ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ കമ്പനികൾക്ക് വളരെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബിഎംഡബ്ല്യുവിനായി വിപുലമായ ഇൻഫോടെയ്ൻമെന്റ് പ്രോഗ്രാം വികസിപ്പിച്ചെടുത്ത ആക്സിയ അവയിൽ പ്രധാന കമ്പനികളിലൊന്നാണ്. പ്രാഥമിക പ്രോഗ്രാമിംഗ് ലാംഗ്വേജായും, ഓട്ടോമോട്ടീവ്, ഐഒടി സ്‌പെയ്‌സിൽ ലിനക്‌സ് അധിഷ്‌ഠിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന ആധുനിക ടൂൾചെയിനായുമാണ് സബാറ്റൺ പ്ലാറ്റ്‌ഫോം റസ്റ്റിനെ പ്രയോജനപ്പെടുത്തുന്നത്.

ഓപ്പൺ സോഴ്‌സിന്റെ തത്വങ്ങളെ കേന്ദ്രീകരിച്ചുള്ള റസ്റ്റ്, കൂടുതൽ ഡവലപ്പർ-സൗഹൃദവുമാണ്. മെമ്മറി സുരക്ഷയും, സംശയാസ്പദമായ ഡാറ്റകളുടെ ഒഴിവാക്കലും ഉറപ്പാക്കുന്ന റസ്റ്റ്, ഭാവിയിൽ ഉയർന്നുവന്നേക്കാവുന്ന പുതിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡെവലപ്പറെ എല്ലാ തരത്തിലും സഹായിക്കുന്നതാണ്. ടാർഗെറ്റ് സോഫ്റ്റ്വെയറിന്റെ സുരക്ഷയും വിശ്വാസ്യതയും ഇത് ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു.

സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹനങ്ങൾക്ക് അത്രമാത്രം പ്രാധാന്യം നൽകുന്ന കാലഘട്ടമാണിതെങ്കിലും സങ്കീർണ്ണമായ സോഫ്റ്റ്‌വെയറുകൾ പല വെല്ലുവിളികളും സൃഷ്‍ടിക്കുന്നുണ്ട് എന്നും ഇതിന് പരിഹാരമാവുകയാണ് റസ്റ്റ് എന്ന പ്രോഗ്രാമിംഗ് ലാംഗ്വേജെന്നും ആക്സിയ ടെക്നോളജീസ് സ്ഥാപകനും സിഇഒ -യുമായ ജിജിമോൻ ചന്ദ്രൻ പറഞ്ഞു. ഇത് ബഗ് പരിഹരിക്കുന്നതിലും മെമ്മറിയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് വികസന ചെലവ് കുറയ്ക്കുന്നതിലും സഹായിക്കുന്നുവെന്നും അതേസമയം ഡെവലപ്പർക്ക് പ്രക്രിയ അനായാസമാക്കുകയും ചെയ്യുന്നുവെന്നും കാരണം യാത്രയും ലക്ഷ്യസ്ഥാനം പോലെ പ്രധാനമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 

ആശയവിനിമയത്തിനുള്ള അടിത്തറയായി ഡിഡിഎസും എസ്ഒഎംഇ/ഐപിയും ഉപയോഗിക്കുന്ന ഒരു നെറ്റ്‌വർക്ക് അധിഷ്‍ഠിത ആർക്കിടെക്ചർ സബാറ്റൺ പ്ലാറ്റ്‌ഫോമിലുണ്ട്. എസ്‍ഡികെ അടിസ്ഥാനമാക്കിയുള്ള ബിൽഡ് എൻവിയോൺമെന്‍റ്, ഒരു ബ്രൗസറിൽ നിന്ന് പോലും ഉപയോഗിക്കാനാകും. ഇത് ഡെവലപ്പർമാരെ എംബഡഡ് സോഫ്‌റ്റ്‌വെയർ നിർമ്മിക്കുന്നത് പോലെ എളുപ്പത്തിൽ ക്ലൗഡ് അല്ലെങ്കിൽ പിസി സോഫ്‌റ്റ്‌വെയർ നിർമ്മിക്കാനും സഹായിക്കുന്നു.

ഓട്ടോമോട്ടീവ്, ഐഒടി ഉപകരണങ്ങൾക്കായി റസ്റ്റ് അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം ഗവേഷണം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും തങ്ങൾ മുൻനിരയിലുണ്ടെന്ന് സബാറ്റൻ സിസ്റ്റംസ് എൽഎൽപി സ്ഥാപകൻ സോജൻ ജെയിംസ് പറഞ്ഞു. സി, സി++ ലാംഗ്വേജുകൾ ഉപയോഗിക്കുമ്പോൾ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങളുടെ ഏതാണ്ട് 60 മുതൽ 70 ശതമാനം വരെ റസ്റ്റ് പരിഹരിക്കുന്നുണ്ട്. ആക്സിയയുമായുള്ള പങ്കാളിത്തത്തിൽ ഏറെ സന്തോഷമുണ്ടെന്നും സോജൻ ജെയിംസ് വ്യക്തമാക്കി.