Asianet News MalayalamAsianet News Malayalam

സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കിയും കയറ്റിയുമുള്ള സേവനം വേണ്ട ; ടൂറിസ്റ്റ് ബസുകൾക്കെതിരെ കടുപ്പിച്ച് മന്ത്രി

നവമാധ്യമങ്ങളിലൂടെ റൂട്ടും സമയവും സംബന്ധിച്ച പരസ്യം നൽകി സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

Action against contract carriages serving as stage carriage tourist buses btb
Author
First Published Nov 17, 2023, 3:25 AM IST

തിരുവനന്തപുരം: അഖിലേന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് പെർമിറ്റ് റൂൾസ്  ദുർവ്യാഖ്യാനിച്ച് കോൺട്രാക്ട് ക്യാരിയേജ് ബസുകൾ സ്റ്റേജ് ക്യാരിയേജായി സർവീസ് നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. ടൂറിസം വികസനത്തിനായി നൽകുന്ന അഖിലേന്ത്യാ പെർമിറ്റിന്റെ മറവിൽ നവമാധ്യമങ്ങളിലൂടെ റൂട്ടും സമയവും സംബന്ധിച്ച പരസ്യം നൽകി സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

വിവിധ സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കിയും കയറ്റിയും സർവീസ് നടത്തുവാൻ കോൺട്രാക്ട് വാഹനങ്ങൾക്ക് അനുവാദമില്ല. റീജിയണൽ  ട്രാൻസ്‌പോർട്ട് അതോറിറ്റി നിർദ്ദേശിക്കുന്ന നിശ്ചിത ബസ് റൂട്ടുകളിൽ സർക്കാർ നിശ്ചയിക്കുന്ന  ബസ് ചാർജ് ഈടാക്കി  സർവീസ് നടത്തുവാൻ സ്റ്റേജ് കാരിയേജ് പെർമിറ്റുള്ള വാഹനങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂ. ഒരു സ്ഥലത്തുനിന്ന് യാത്ര ആരംഭിച്ച്  നിശ്ചിത സ്ഥലത്ത് യാത്ര അവസാനിപ്പിക്കുന്നതിനാണ് കോൺട്രാക്ട് ക്യാരിയേജുകൾക്ക് പെർമിറ്റ് നൽകുന്നത്. 

ടൂറിസം വികസനം ലക്ഷ്യമാക്കി നൽകുന്ന അഖിലേന്ത്യാ പെർമിറ്റിന്റെ മറവിൽ യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ നിന്ന് കയറ്റിയും ഇറക്കിയും അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. കെ.എസ്.ആർ.ടി.സിയേയും ആയിരക്കണക്കിന് സ്വകാര്യ ബസുകളെയും അവയിലെ ജീവനക്കാരെയും പ്രതിസന്ധിയിലാക്കുന്ന വിധത്തിൽ ചില കോൺട്രാക്ട് കാരിയേജുകൾ സ്റ്റേജ് ക്യാരിയേജുകളായി സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. 

സവാരിക്കിടയിൽ വാഹനം പിടിച്ചെടുത്ത്  യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ യാത്ര തുടങ്ങുന്ന സ്ഥലത്തും അവസാനിക്കുന്ന സ്ഥലത്തും പരിശോധന നടത്തി നിയമപ്രകാരം സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുവാനാണ് നിർദ്ദേശം. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതുൾപ്പെടെയുള്ള   ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുന്നവർക്കെതിരെ ഐ.പി.സി. പ്രകാരം കേസെടുക്കുവാൻ പോലീസിൽ പരാതി നൽകുവാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ നേരിട്ടും സംസ്ഥാനത്തെ എല്ലാ ആർ.ടി.ഒമാരും ഡി.റ്റി.സിമാരും ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.

3 വ‌ർഷമായി ഭാഗ്യം തേടിയുള്ള പരിശ്രമം; അടിച്ചപ്പോൾ ചെറുതല്ല, നല്ല കനത്തില്‍ തന്നെ! കോടീശ്വരനായി മലയാളി യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios