മോട്ടോർ വാഹന വകുപ്പിന്‍റെ വാഹന പരിശോധനക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയ മൂന്നുപേർക്ക് വീട്ടിലെത്തി പിഴ ചുമത്തി ഉദ്യോഗസ്ഥര്‍. തൃശൂര്‍ ഇരിങ്ങാലക്കുടയിലാണ് സംഭവം.

പിടിയിലായവരിൽ ഒരാൾ സ്കൂൾ വിദ്യാർത്ഥിയാണ്. സുഹൃത്തിന്റെ അമ്മയുടെ സ്‍കൂട്ടറിലാണ് ഇയാൾ അമിത വേഗത്തിൽ പാഞ്ഞത്. ഹെൽമെറ്റ് ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും ഇവർ വാഹനം നിർത്താതെ ഓടിച്ച് പോവുകയായിരുന്നു

ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് 5000 രൂപ, ലൈസൻസ് ഇല്ലാത്ത ആൾക്ക് വാഹനം കൊടുത്തതിന് വാഹന ഉടമയ്ക്ക് 5000 രൂപ, വാഹനം നിർത്താതെ പോയതിന് 2000 രൂപ, ഹെൽമറ്റ് വയ്ക്കാത്തതിന് 500 രൂപ അടക്കം 12,500 രൂപയാണ് പിഴയായി ഈടാക്കിയത്. 

ഈ മാസം  ഹെൽമറ്റില്ലാത്തതിന് ജോയിന്റ് ആർടി ഓഫീസിലെ സ്പെഷൽ സ്ക്വ‌ാഡിന്റെ പിടിയിലായത് 110 പേരാണ്. ഇവരിൽ സർക്കാർ ഉദ്യോഗസ്ഥനടക്കം 10 പേർക്ക് ലൈസൻസും ഉണ്ടായിരുന്നില്ലെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. വെറും 6 ദിവസത്തിനുള്ളിലാണ് ഇത്രയും പേര്‍ പിടിയിലായത്.