കൊടുചൂടില്‍ തന്റെ ഓട്ടോറിക്ഷയ്ക്ക് 'ഓലക്കുട' ചൂടി യാത്രക്കാരെ തണുപ്പിക്കുകയാണ് ഒരു ഓട്ടോ ഡ്രൈവര്‍
കൊടും ചൂടില്‍ വെന്തുരുകുകയാണ് നാട്. ഈ കൊടുചൂടില്‍ തന്റെ ഓട്ടോറിക്ഷയ്ക്ക് 'ഓലക്കുട' ചൂടി യാത്രക്കാരെ തണുപ്പിക്കുകയാണ് ഒരു ഓട്ടോ ഡ്രൈവര്‍. ആലപ്പുഴ തത്തംപള്ളി ആലിന്‍ചുവട് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ ജിനേഷാണ് മെടഞ്ഞ ഓല ഉപയോഗിച്ച് തന്‍റെ ഓട്ടോയില്‍ എയര്‍ കണ്ടീഷണര്‍ ഫിറ്റ് ചെയ്തിരിക്കുന്നത്.
ചൂടുകടുത്തതോടെ ഓട്ടം കുറഞ്ഞതോടെയാണ് ജിനേഷ് പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. മുമ്പൊരിക്കല്‍ രാമേശ്വരം യാത്രക്കിടയില്‍ കണ്ട മെടഞ്ഞ ഓലകൊണ്ടുമറച്ച ഓട്ടോയാണ് തനിക്ക് പ്രചോദനമായതെന്ന് ജിനേഷ് പറയുന്നു. അങ്ങനെയാണ് ഓട്ടോറിക്ഷയുടെ റെക്‌സിൻ മേല്‍ക്കൂരയില്‍ ചാക്കും അതിനുമുകളില്‍ മെടഞ്ഞ ഓലയും നിരത്തുന്നത്. ഓലയും ചാക്കും ഇടയ്ക്കിടെ നനയ്ക്കുകയും കൂടി ചെയ്തതോടെ ഓട്ടോ എസി റെഡി.
ഓട്ടോയുടെ ലുക്ക് അല്‍പ്പം കുറഞ്ഞെങ്കിലും അകത്തേക്ക് അരിച്ചിറങ്ങുന്ന തണുപ്പിലെ യാത്ര യാത്രക്കാര്‍ നെഞ്ചേറ്റിക്കഴിഞ്ഞു.
