പൊലീസ് ഡ്രൈവര്‍മാര്‍ക്ക് പുറമേ എല്ലാ പോലീസുകാര്‍ക്കും ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. കഴിഞ്ഞദിവസം ഡിജിപി നീലാമണി രാജു പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പോലീസ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ കൂടിയതിനെത്തുടര്‍ന്നാണ് കര്‍ശന നടപടിയെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനങ്ങള്‍ ഓടിക്കാനാവശ്യമായ എല്ലാ രേഖകളും പോലീസുകാര്‍ക്ക് ഉണ്ടാകണമെന്നാണ് ഡിജിപിയുടെ ഉത്തരവ്. ലൈസന്‍സ് ലഭിക്കുന്നതുവരെ ഒദ്യോഗിക വാഹനം ഉപയോഗിക്കരുതെന്നും ഉത്തരവിലുണ്ട്. 

ഡ്രൈവര്‍ക്ക് ലൈസന്‍സില്ലാത്തതിനാല്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നഷ്ടമായിട്ടുണ്ടെന്നും ഇത് പോലീസ് വകുപ്പിന് ബാധ്യതകൂട്ടുകയാണെന്നും  നിയമസംരക്ഷകര്‍തന്നെ നിയമം ലംഘിക്കുന്നത് അനുവദിക്കില്ലെന്നും ഡി.ജി.പി. വ്യക്തമാക്കിയാതായണ് റിപ്പോര്‍ട്ട്. 

നിലവില്‍ ലൈസന്‍സ് ഇല്ലാത്തവര്‍ എത്രയും വേഗം ലൈസന്‍സെടുക്കണമെന്നും എല്ലാ പോലീസുകാര്‍ക്കും ഡ്രൈവിങ് ലൈസന്‍സുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉര്രപുവരുത്തണമെന്നും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.