അടുത്തകാലത്തായി ടാറ്റ കാറുകള്‍ ഉള്‍പ്പെട്ട നിരവധി അപകട കഥകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചെറിയ അപകടങ്ങൾ മുതൽ വമ്പന്‍ ക്രാഷുകൾ വരെയുള്ള  ഈ അപകട കഥകള്‍ക്കെല്ലാം ചില സമാനതകളുണ്ട്. അവ എന്തൊക്കെയെന്നു നോക്കാം. പലപ്പോഴും ഈ അപകടങ്ങളിലൊന്നും ടാറ്റയുടെ വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിക്കാറില്ല എന്നതാണ് അതിലൊന്ന്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം ഈ അപകടങ്ങളിലൊക്കെയും ഈ ടാറ്റ കാറുകളിലെ യാത്രക്കാര്‍ സുരക്ഷിതരായിരിക്കും എന്നതാണ്.

അത്തരത്തിലൊരു സംഭവത്തിന്‍റെ പുതിയ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ കഥയിലെ നായകന്‍ ടാറ്റയുടെ ചെറുഹാച്ച് ബാക്ക് ടിയാഗോയാണ്. 100 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്നതിനിടെ കൊടുംവളവില്‍ നിയന്ത്രണം നഷ്‍ടപ്പെട്ട് ഏഴ് തവണ കരണം മറിഞ്ഞിട്ടും ഈ ടിയാഗോയിലെ യാത്രികര്‍ എല്ലാവരും പൂര്‍ണമായും സുരക്ഷിതരായിരുന്നു!

ഒഡീഷയിലെ ദിയോഗറിൽ കഴിഞ്ഞദിവസമാണ് ഈ അപകടം. ടിയാഗോ ഉടമ ദേബി പ്രസാദ് എന്നയാള്‍ തന്‍റെ മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. ദേബി പ്രസാദിന്‍റെ സുഹൃത്തായിരുന്നു വണ്ടി ഓടിച്ചിരുന്നത്. 100 കി.മീ വേഗതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ തൊട്ടുമുന്നിലുള്ള വളവില്‍ എത്തിയപ്പോള്‍ ഡ്രൈവ്ര‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് വാഹനം ഏഴ് തവണയെങ്കിലും കരണം മറിഞ്ഞ് 100 മീറ്ററോളം ദൂരേക്ക് തെറിച്ചു വീണു. 

അപകടത്തിന്‍റെ ഭീകരത സംഭവസ്ഥലത്തു നിന്നും പകര്‍ത്തിയ ചിത്രങ്ങളിലും വീഡിയോകളിലും വ്യക്തമാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. വാഹനത്തിന്റെ പാസഞ്ചര്‍ സൈഡിലെഎ-പില്ലര്‍ പൂർണ്ണമായും തകർന്നിരിക്കുന്നു. കൂടാതെ വിൻഡ്‌ഷീൽഡും വിൻഡോകളുമെല്ലാം പൂർണ്ണമായും തകർന്ന നിലയിലാണ്. കാറിന്റെ മുകള്‍ഭാഗത്തും താഴയും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നിട്ടും യാത്രികര്‍ക്ക് ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്നെയും കൂട്ടുകാരെയും സുരക്ഷിതരായി സൂക്ഷിച്ചതിന് കാറിന്റെ നിർമ്മാണ ഗുണത്തെ പുകഴ്‍ത്തുകയാണ് ഉടമ . 

എന്തായാലും വാഹന ഉടമയുടെ ഈ വാദം വെറുതെയല്ല. കാരണം ഗ്ലോബല്‍ എന്‍കാപ് സുരക്ഷാ പരിശോധനയില്‍ അടുത്തിടെയാണ് ടാറ്റ ടിയാഗോ നാല് സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയത്. മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ച് ആകെയുള്ള 17 പോയിന്റില്‍ 12.72 പോയന്റ് ടിയാഗോ സ്വന്തമാക്കിയിരുന്നു. ആകെയുള്ള 49 പോയന്റില്‍ 34.15 പോയന്റും വാഹനം കരസ്ഥമാക്കി. എന്നാല്‍ കുട്ടികളുടെ സുരക്ഷയില്‍  3 സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് നേടിയത്. 

സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ്, രണ്ട് എയര്‍ബാഗുകള്‍ എന്നിവ ടിയാഗോയുടെ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്. സ്പീഡിംഗ് അലേർട്ട്, പ്രീ-ടെൻഷനർ, ലോഡ് ലിമിറ്ററുകളുള്ള സീറ്റ് ബെൽറ്റുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഇബിഡി തുടങ്ങിയ നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് വാഹനം എത്തുന്നത്. 

2016 ഏപ്രിലില്‍ ആണ് ടിയാഗോയെ ടാറ്റ ആദ്യമായി അവതരിപ്പിക്കുന്നത്. ഡീസൽ, പെട്രോൾ വകഭേദങ്ങളില്‍ നിരത്തിലിറങ്ങിയ വാഹനം പുറത്തിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വിപണി പിടിച്ചിരുന്നു. രണ്ട് എൻജിൻ സാധ്യതകളോടെയാണു ടിയാഗൊ എത്തുന്നത്. കാറിലെ 1.2 ലീറ്റർ,  മൂന്നു സിലിണ്ടർ റെവൊട്രോൺ  പെട്രോൾ എൻജിന് 85 പി എസ് വരെ കരുത്തും 114 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. കാറിലെ 1.05 ലീറ്റർ, മൂന്നു സിലിണ്ടർ റെവൊടോർക് ഡീസൽ എൻജിനാവട്ടെ 70 പി എസ് വരെ കരുത്തും 140 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ഡീസൽ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാണു ട്രാൻസ്മിഷൻ; അതേസമയം പെട്രോൾ എൻജിൻ അഞ്ചു സ്പീഡ് മാനുവൽ, എ എം ടി ഗീയർബോക്സുകളോടെ ലഭ്യമാണ്.

നിരത്തിലെത്തി നാല് പിന്നിടുമ്പോള്‍ ടിയാഗോയുടെ നിരവധി പതിപ്പുകള്‍ ടാറ്റ അവതരിപ്പിച്ചിരുന്നു. 
ടാറ്റയുടെ പുത്തൻ രൂപകൽപ്പനാ സിദ്ധാന്തമായ ഇംപാക്ട് ശൈലി പിന്തുടരുന്ന പുത്തന്‍ ടിയാഗോ നിലവില്‍ ഏഴു നിറങ്ങളിലും 22 വകഭേദങ്ങളിലുമാണു വിൽപ്പനയ്ക്കുള്ളത്.