പിക്കപ്പ് ട്രക്കുകളോട് അമേരിക്കന്‍ ജനതയ്‍ക്കുള്ള അടങ്ങാത്ത അഭിനിവേശം വാഹനലോകത്ത് ഏറെ പ്രസിദ്ധമാണ്. അടുത്തിടെ നടന്ന ഒരു പിക്കപ്പ് ട്രക്കിന്‍റെ ലിമിറ്റിഡ് എഡിഷന്‍ മോഡലിനു വേണ്ടിയുള്ള ബുക്കിംഗ് ഈ അഭിനിവേശത്തിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ്.

ലോകത്തിലെ ഏറ്റവും ശക്തമായ പിക്കപ്പ് ട്രക്ക് എന്ന അവകാശവാദവുമായി എത്തിയ 2021 റാം TRX പിക്കപ്പിന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾക്കായുള്ള ബുക്കിംഗ് തുടങ്ങി വെറും മൂന്ന് മണിക്കൂറിനുള്ളിലാണ് വാഹനത്തിന്റെ എല്ലാ യൂണിറ്റുകളും വിറ്റു തീര്‍ന്നത്. ഇതിന്‍റെ അമ്പരപ്പിലാണ് ഇപ്പോഴും വാഹനലോകം. 

90,000 ഡോളറിനും 100,000 ഡോളറിനും ഇടയില്‍ വില പ്രതീക്ഷിക്കപ്പെടുന്ന പിക്കപ്പിന്റെ 702 യൂണിറ്റുകളാണ് കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചത്. പിക്കപ്പ് ട്രക്കുകളെ സംബന്ധിച്ച് ഇതൊട്ടും താങ്ങാവുന്ന വിലയുമല്ല. പക്ഷേ എന്നിട്ടും ബുക്കിംഗ് തുറന്ന് മൂന്ന് മണിക്കൂറിനുള്ളിൽ ഇതു മുഴുവനും വിറ്റഴിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.  

പ്രസിദ്ധമായ ഡോഡ്‍ജ് ചലഞ്ചർ SRT ഹെൽ‌കാറ്റിൽ നിന്ന് എടുത്ത സൂപ്പർചാർജ്‍ഡ് 6.2 ലിറ്റർ V8 എഞ്ചിനാണ് ഈ പിക്കപ്പ് ട്രക്കിന്‍റെ ഹൃദയം. 692 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട് ഈ എഞ്ചിന്. 35 ഇഞ്ച് ഓൾ-ടെറൈൻ ടയറുകളാണ് ഇതിൽ. ഇത് 11.8 ഇഞ്ച് ഗ്രൗണ്ട് ക്ലിയറൻസും നൽകുന്നു.

160 കിലോമീറ്റർ വേഗതയിൽ പോലും പിക്കപ്പിന് ഏത് ഭൂപ്രദേശവും താണ്ടാൻ കഴിയുമെന്നാണ് റാം അവകാശപ്പെടുന്നത്. ഫ്ലാറ്റ് ടാർമാക്കിൽ വെറും 4.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും റാം TRX-ന് സാധിക്കും. എന്നാല്‍ ഉയർന്ന വേഗത190 കിലോമീറ്റർ വേഗതയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു.

വൈവിധ്യമാർന്ന വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ വാഹനത്തിനു സാധിക്കുമെന്നും ഉയർന്ന പ്രകടനമുള്ള ഓഫ്-റോഡർ ജമ്പുകൾ നടത്തുന്നതിന് ഉള്‍പ്പെടെ അപ്‌ഗ്രേഡുചെയ്‌താണ് 2021 മോഡല്‍ എത്തുന്നതെന്നും ഫിയറ്റ് ക്രൈസ്‍ലറിന്റെ കീഴിലുള്ള കമ്പനി അവകാശപ്പെടുന്നു.  160 കിലോമീറ്റർ വേഗതയിൽ കൂടുതൽ വേഗതയിൽ പോലും പിക്കപ്പിന് എവിടെയും താണ്ടാനാകുമെന്നും പരമ്പരാഗത റോഡുകളുള്ള പ്രദേശങ്ങളിലൂടെപ്പോലും എളുപ്പം യാത്ര ചെയ്യാമെന്നും കമ്പനി പറയുന്നു.