ശബരിമല സ്വര്‍ണ കൊള്ളയിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ തന്‍റെ അനുജനാണെന്ന സോഷ്യല്‍ മീഡിയ പ്രചാരണം കോൺഗ്രസ് നേതാവ് വി എസ് ശിവകുമാർ നിഷേധിച്ചു. വ്യാജപ്രചാരണമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ളയിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ തന്‍റെ അനുജനാണെന്നുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഎസ് ശിവകുമാര്‍. ശബരിമല സ്വർണ കൊള്ള കേസിൽ സിപിഎം നേതാക്കളും അവരുമായി ബന്ധമുള്ളവരും ഒന്നിന് പുറകെ ഒന്നൊന്നായി ജയിലിലേക്ക് മാർച്ച് ചെയ്യുന്നതിന്‍റെ നാണക്കേട് മറയ്ക്കാൻ അറസ്റ്റിലാകുന്ന ഓരോരുത്തരെയും തന്‍റെ സഹോദരനാക്കി വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന സിപിഎമ്മിന്‍റെ നെറികേടിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വി എസ് ശിവകുമാര്‍ പറഞ്ഞു.
അറസ്റ്റിലായ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീകുമാറിനെയാണ് അവസാനമായി സിപിഎം തന്‍റെ സഹോദരനാക്കിയിരിക്കുന്നത്. ശ്രീകുമാർ സി ഐ ടി യൂ ശബരിമല യൂണിയൻ നേതാവാണ്. ഇത്തരം വ്യാജപ്രചാരണങ്ങൾ കൊണ്ട് അയ്യപ്പന്‍റെ സ്വർണ്ണം മോഷ്ടിച്ചതിന്‍റെ പാപക്കറ മായ്ക്കാനാവില്ലെന്ന് ഓർമ്മിപ്പിക്കുകയാണ്. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ സിപിഎം നേതാവ് അരുൺ കുമാറിനും മറ്റുള്ളവർക്കും എതിരെയുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ എസ് അരുണ്‍കുമാറിന്‍റെ പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ടും വി എസ് ശിവകുമാർ പങ്കുവെച്ചിട്ടുണ്ട്.
എസ് ശ്രീകുമാര്‍ റിമാന്‍ഡിൽ
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡിലാണ്. 14 ദിവസത്തേക്കാണ് ശ്രീകുമാറിനെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ദ്വാരാകല ശിൽപ്പ കേസിലാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദ്വാരപാലക പാളികള്‍ കൈമാറുമ്പോള്‍ സാക്ഷിയായി ഒപ്പിട്ടത് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറാണെന്നാണ് എസ്ഐടി കണ്ടെത്തൽ. ഇതിനിടെ സ്വർണ്ണക്കൊള്ളയക്ക് പിറകിൽ അന്താരഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന വിവരം രമേശ് ചെന്നിത്തലയക്ക് കൈമാറിയ പ്രവാസി വ്യവസായിയുടെ മൊഴി എസ്ഐടി രേഖപ്പെടുത്തി.


