തെലുങ്ക് താരം അല്ലു അര്‍ജ്ജുന്‍ 2019ലാണ് ഒരു റേഞ്ച് റോവർ സ്വന്തമാക്കിയത്. ഇപ്പോഴിതാ ഒരു വർഷം തികയുമ്പോൾ 2.3 കോടി എക്‌സ്-ഷോറൂം വിലയുള്ള തന്റെ റേഞ്ച് റോവറിനെ പുതുക്കിപ്പണിതിരിക്കുകയാണ് അല്ലു അർജുൻ.

വാഹന മോഡിഫിക്കേഷൻ, ട്യൂണിങ് രംഗത്തെ പ്രശസ്തരായ റേസ്ടെക് ആണ് അല്ലു അർജുനന്റെ ബീസ്റ്റിന്റെ മെയ്ക്ഓവറിന് പിന്നിൽ എന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു തന്റെ റേഞ്ച് റോവറിന്റെ മോഡിഫിക്കേഷനായി എത്ര തുക ചിലവാക്കി, ഇന്റീരിയറിൽ മാറ്റങ്ങളുണ്ടോ തുടങ്ങിയ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. റേസ് ടെക്ക് ഇന്ത്യ തന്നെയാണ് ഈ വിവരം ഫേസ് ബുക്ക് പേജിലൂടെ പങ്കുവച്ചത്. 

പൂർണമായും ഇറക്കുമതി ചെയ്ത അല്ലു അർജുന്റെ റേഞ്ച് റോവറില്‍ ലോകപ്രശസ്ത പ്രീമിയം അലോയ് വീൽ നിർമ്മാതാക്കളായ വോസ്സന്റെ കറുപ്പ് നിറത്തിലുള്ള, ധാരാളം സ്പോക്കുകളുള്ള അലോയ് വീൽ ആണ് അല്ലുവിന്റെ റേഞ്ച് റോവറിൽ ഘടിപ്പിച്ചിരിക്കുന്നത്. ഒപ്പം വീൽ കാപ്പിൽ 'AA' എന്ന അല്ലു അർജുന്റെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത ലോഗോ പ്രത്യേകം പതിപ്പിച്ചിട്ടുണ്ട്. കറുപ്പ് നിറത്തിലുള്ള റേഞ്ച് റോവറിനോട് ചേർന്ന് നിൽക്കും വിധം ഭംഗിയേറിയതാണ് പുത്തൻ അലോയ് വീൽ.

അതോടൊപ്പം മുൻപിലെ ഗ്രിൽ, ബ്രാൻഡിംഗ് തുടങ്ങിയ സ്റ്റോക്ക് വാഹനത്തിൽ ക്രോമിൽ വരുന്ന ഭാഗങ്ങൾ അല്ലുവിന്റെ എസ്‌യുവിയിൽ കറുപ്പിൽ പൊതിഞ്ഞു. ഒപ്പം സ്‌പോർട്ടി ബമ്പറുകൾ ചേർന്ന ബോഡി കിറ്റ് കൂടെ ചേർന്നപ്പോൾ ഒരു യഥാർത്ഥ ബീസ്റ്റ് ആയിട്ടുണ്ട് അല്ലുവിന്റെ റേഞ്ച് റോവർ എന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തം. 

258 ബഎച്ച്‍പി പവറും, 600 എൻഎം ഉയർന്ന ടോർക്കും നൽകുന്ന 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എൻജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക്ക് ആണ് ട്രാന്‍സ്‍മിഷന്‍.

ഈ റേഞ്ച് റോവർ കൂടാതെ ഒരു കൂട്ടം വാഹനങ്ങൾ കറുപ്പു നിറത്തെ ഏറെ സ്‍നേഹിക്കുന്ന അല്ലുവിന്റെ വാഹന ശേഖരത്തിലുണ്ട്.