Asianet News MalayalamAsianet News Malayalam

വീട്ടുമുറ്റത്ത് വീണ്ടും അവനെത്തി; കണ്ണുനിറഞ്ഞ് ബിഗ് ബി!

ഒരു മഞ്ഞ വി​ന്‍റേജ്​ ഫോർഡ്​ കാറിനരികെ നിൽക്കുന്ന ചിത്രവും പങ്കുവച്ച് മെഗാസ്​റ്റാർ അമിതാഭ്​ ബച്ചൻറെ ട്വീറ്റ്. നിമിഷങ്ങള്‍ക്കകം വൈറലായ ഈ ട്വീറ്റിന്‍റെ പിന്നിലെ കഥ ഇങ്ങനെ

Amitabh Bachchan Gifted His First Ford Perfect Family Car
Author
Mumbai, First Published Mar 10, 2020, 2:30 PM IST

"ചില സമയങ്ങളിൽ നിങ്ങൾക്ക്​ സംസാരിക്കാൻ കഴിയാതെ വരും. ഞാൻ ഇപ്പോൾ അങ്ങനെയാണ്​. പലതും പ്രകടമാക്കാൻ ശ്രമിക്കുന്നുണ്ട്​. എന്നാൽ ഒന്നും പുറത്തുവരുന്നില്ല. എന്റെ ജീവിതത്തില്‍ എനിക്ക് ഇത്രയും വിലപിടിപ്പുള്ള സമ്മാനം ലഭിച്ചിട്ടില്ല..." ഒരു മഞ്ഞ വി​ന്‍റേജ്​ ഫോർഡ്​ കാറിനരികെ നിൽക്കുന്ന ചിത്രവും പങ്കുവച്ച് മെഗാസ്​റ്റാർ അമിതാഭ്​ ബച്ചൻ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ച വരികളാണിത്. 

നിമിഷങ്ങള്‍ക്കകം വൈറലായ ഈ ട്വീറ്റിന്‍റെ പിന്നിലെ കഥ ഇങ്ങനെയാണ്. തന്റെ കുടുംബത്തിലെ ആദ്യ കാറായ ഫോഡ് പെർഫെക്ടിന്റെ ഓർമകൾ കുറച്ചു നാൾ മുമ്പ് ബച്ചൻ തന്റെ ബ്ലോഗിലൂടെ പങ്കുവച്ചിരുന്നു.  1950-കളില്‍ ബച്ചന്‍ കുടുംബത്തിന്‍റെ വാഹനമായിരുന്നു ഇത്.  ഇന്ന് വിന്റേജ് കാറുകളുടെ ഗണത്തിലാണ് ഈ വാഹനം. വാഹനത്തോടുള്ള തന്‍റെ വലിയ വൈകാരിക ബന്ധം വ്യക്തമാക്കിക്കൊണ്ടുള്ള ബച്ചന്‍റെ ഈ ബ്ലോഗ് അദ്ദേഹത്തിന്റെ സുഹൃത്തായ ആനന്ദ് കണ്ടു. അങ്ങനെ ബിഗ് ബിയുടെ ഈ പ്രിയ വാഹനം അദ്ദേഹത്തിന് സമ്മാനമായി നല്‍കാനും ആനന്ദ് തീരുമാനിച്ചു. 

തുടര്‍ന്ന് ഏറെ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ വിന്‍റേജ് കാറുകളില്‍ നിന്നും ഫോര്‍ഡ് പെര്‍ഫെക്ടിനെ ആനന്ദ് കണ്ടെത്തി. തുടര്‍ന്ന് അത് റീസ്റ്റോര്‍ ചെയ്‍ത് വാങ്ങി. കാറിന് അതേ നിറത്തിലുള്ള പെയിൻറും നല്‍കി. ​അന്നത്തെ അതേ നമ്പറായ 2882 ഉം കാറിന് നല്‍കി.  ബിഗ്​ബിയുടെ ബ്ലോഗിൽ നിന്നായിരുന്നു ഈ നമ്പര്‍ ആനന്ദിന് കിട്ടിയത്. 

ഇത്രയും ചെയ്‍തതിന് ശേഷമാണ് കഴിഞ്ഞ ദിവസം ആനന്ദ് തന്റെ സമ്മാനവുമായി ബച്ചനെ കാണാനെത്തിയത്. ബ്ലോഗ്​ പ്രസിദ്ധീകരിച്ച്​ മാസങ്ങൾക്കു ശേഷമായിരുന്നു ആനന്ദിന്‍റെ ഈ വരവ്. തുടര്‍ന്നാണ് ബച്ചന്‍റെ വൈകാരികമായ ട്വീറ്റ്. 

ഐക്കണിക്ക് വാഹന ബ്രാന്‍ഡായ ഫോര്‍ഡ് യുകെ 1938 മുതൽ 1961 വരെ  നിർമിച്ച കാറാണ് പെർഫെക്ട്. 1.2 ലിറ്റര്‍ എന്‍ജിനും മൂന്ന് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുമാണ് ഈ വാഹനത്തില്‍. അക്കാലത്തെ സൂപ്പർ ഹിറ്റ് മോഡലായിരുന്നു ഫോര്‍ഡ് പെര്‍ഫെക്ട്. യുകെയിൽ മാത്രം നിർമിച്ച കാറിന്‍റെ രണ്ടു ലക്ഷം യൂണിറ്റുകൾ ലോകത്താകെമാനം വിറ്റിട്ടുണ്ട് എന്നാണ് കണക്കുകള്‍. 

Follow Us:
Download App:
  • android
  • ios