ഇനിമുതല്‍ ആംപിയർ വെഹിക്കിൾസിന്റെ ഇലക്ട്രിക് സ്‍കൂട്ടറുകൾ ഉപഭോക്താക്കൾക്ക് ഓൺലൈനിൽ വാങ്ങാം. ആമസോൺ ഇ-കൊമേഴ്‍സിലൂടെ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ വിൽപ്പനയ്ക്ക് എത്തിക്കുമെന്ന് ആംപിയർ വെഹിക്കിൾസ്. 

നിലവിൽ തിരിച്ചി, മംഗലാപുരം, കോയമ്പത്തൂർ, ബാംഗ്ലൂർ, കരൂർ എന്നിവ ഉൾപ്പെടുന്ന തിരഞ്ഞെടുത്ത നഗരങ്ങളിലാണ് നിലവിൽ ഈ ഓൺലൈൻ സൗകര്യങ്ങൾ ലഭ്യമാവുന്നത്. പിന്നീട് കൂടുതൽ നഗരങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. 

ആമസോൺ വഴി ഓൺലൈനായി ഉപഭോക്താവ് വാഹനം വാങ്ങുന്നത് പൂർത്തിയാക്കിക്കഴിഞ്ഞാൽ, പേയ്‌മെന്റ് സ്ഥിരീകരണ ഒരു വൗച്ചർ ലഭ്യമാകും. ഉപഭോക്താവിന് രസീതിൽ സൂചിപ്പിച്ചിരിക്കുന്ന ഡീലർ പോയിന്‍റിൽ നിന്നും വാഹനം എടുക്കാം.

സീൽ, V-48 LA, മാഗ്നസ് 60, റിയോ LA, റിയോ Li എന്നീ മോഡലുകളാണ് നിലവിൽ ഓണലൈനിൽ വിൽപ്പനയ്ക്ക് എത്തുന്നത്. ഇന്ത്യയിലെ ആദ്യമായി ഒരു ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന ഘടകങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്ന കമ്പനികളിൽ ഒന്നാണ് ആംപിയർ. ഗ്രീവ്സ് കോട്ടൺ ലിമിറ്റഡിന്റെ ഭാഗമായ ആംപിയർ ഇലക്ട്രിക്, രാജ്യത്താകമാനം 50,000+ ഉപഭോക്താക്കളുണ്ട്.

ഓൺലൈനായി ഇലക്ട്രിക് സ്‍കൂട്ടറുകള്‍ വിൽപ്പനയ്ക്ക് എത്തിക്കുന്നതിലൂടെ ഇന്ത്യയിൽ തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകളുടെ വിൽപ്പന വർധിപ്പിക്കാനും കൂടുതൽ വിശാലമായ ഉപഭോക്താക്കളിലേക്ക് എത്താമെന്നുമാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.