Asianet News MalayalamAsianet News Malayalam

മാന്ദ്യത്തിനിടയിലും ഡീലര്‍ഷിപ്പുകളുടെ എണ്ണം കൂട്ടി ഈ വണ്ടിക്കമ്പനി!

ആംപിയര്‍ വെഹിക്കിള്‍സ്, രാജ്യത്തെ ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങുന്നു

Ampere Electric Vehicles Opens 23 New Dealerships
Author
Mumbai, First Published Jan 1, 2020, 5:26 PM IST

ഗ്രീവ്‌സ് കോട്ടന്‍ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്ക് നിര്‍മാതാക്കളായ ആംപിയര്‍ വെഹിക്കിള്‍സ്, രാജ്യത്തെ ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. രാജ്യത്തുടനീളം പുതിയ 23 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ശൃംഖല വര്‍ധിപ്പിക്കുന്നതോടെ വില്‍പ്പനയും ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. നിലവില്‍ കര്‍ണാടക, കേരളം, തമിഴ്‍നാട്, ഒഡീഷ, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവടങ്ങളില്‍ ആംപിയറിന് ഡീലര്‍ഷിപ്പുകളുണ്ട്.

ഇന്ത്യയിലെ ആദ്യമായി ഒരു ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന ഘടകങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്ന കമ്പനികളിൽ ഒന്നാണ് ആംപിയർ. കമ്പനിയുടെ നാലോളം ഇലക്ട്രിക്ക് സ്‍കൂട്ടറുകൾ ഇപ്പോൾ വിപണിയിലുണ്ട്. 2019 മെയ് മാസത്തില്‍ കമ്പനി അവതരിപ്പിച്ച സീല്‍ എന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിന്‍റെ 50,000 യൂണിറ്റുകള്‍ വിറ്റതായി കമ്പനി വ്യക്തമാക്കിയിരുന്നു. വിപണിയില്‍ എത്തി ഇത്രയും നാളുകള്‍ കൊണ്ട് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറുകളിലൊന്നാണ് ആംപിയര്‍ സീല്‍.

പുതിയ നാഴികക്കല്ല് പിന്നിട്ടതോടെ തങ്ങളുടെ ബ്രാന്‍ഡിനെ വിശ്വസിച്ച ഉപഭോക്താക്കള്‍ക്ക് നന്ദി പറയുന്നതായും കമ്പനി അറിയിച്ചു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്തു.

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 1,000 രൂപയുടെ സൗജന്യ ആക്സസറികള്‍ നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഏതൊക്കെ എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഉപഭോക്താക്കള്‍ക്കായി സൗജന്യ ഇന്‍ഷുറന്‍സ് സ്‌കീം പദ്ധതിയും കമ്പനി ആരംഭിച്ചിട്ടുണ്ട്.

പുതിയ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചതോടെ വില്‍പ്പന ഇനിയും ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മെയ് മാസത്തിലാണ് ആംപിയര്‍ സീല്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. വൈദ്യുത വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കാനുള്ള ഫെയിം ഇന്ത്യ രണ്ടാംഘട്ട പദ്ധതി പ്രകാരം 18,000 രൂപയുടെ ഇളവോടുകൂടിയാണ് സീലിന്റെ വില്‍പ്പന.

നിലവില്‍ സബ്‌സിഡി തുക കിഴിച്ച് 66,950 രൂപയാണ് ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്‌കൂട്ടറിന് വിപണിയില്‍ വില. വേഗത കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകളിലായിരുന്നു കമ്പനി നേരത്തെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കില്‍ ഇത്തവണ ഹൈ സ്പീഡ് സ്‌കൂട്ടറായാണ് ആംപിയര്‍ സീല്‍ വിപണിയിലേക്കെത്തുന്നത്. 1200 വാട്ട്സ് ബിഎല്‍ഡിസി ഹബ് മോട്ടോറാണ് വാഹനത്തിലുള്ളത്. 60V/30Ah ലിഥിയം അയണ്‍ ബാറ്ററിയാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ കരുത്ത്. മണിക്കൂറില്‍ 55 കിലോമീറ്ററാണ് സീലിന്റെ പരമാവധി വേഗത. ഒറ്റചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. അഞ്ചര മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 14 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് 50 കിലോമീറ്റര്‍ വേഗം കൈവരിക്കും. 78 കിലോഗ്രാമാണ് സ്‌കൂട്ടറിന്റെ ആകെ ഭാരം. രൂപത്തില്‍ റഗുലര്‍ സ്‌കൂട്ടറിന് സമാനമാണ് ആംപിയര്‍ സീല്‍.

റിയോ എലൈറ്റ് എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്തിടെയാണ് കമ്പനി അവതരിപ്പിച്ചത്. 45,000 രൂപയാണ് വാഹനത്തിന്‍റെ ബെംഗളൂരു എക്‌സ് ഷോറൂം വില. റിയോ, മാഗ്നസ് സ്‌കൂട്ടറുകള്‍ക്കിടയിലാണ് റിയോ എലൈറ്റിന് സ്ഥാനം. ട്രെന്‍ഡി ലുക്കിംഗ് സ്‌കൂട്ടറാണ് ആംപിയര്‍ റിയോ എലൈറ്റ്. സ്‍കൂട്ടറിന്‍റെ ഡിസൈനിംഗില്‍ സമകാലീന യൂറോപ്യന്‍ ശൈലി സ്വീകരിച്ചതായി കമ്പനി പറയുന്നു. ന്യൂ ജനറേഷൻ ഉപഭോക്താക്കൾക്ക് ഇഷ്ടം തോന്നും വിധം എൽഇഡി ഡിജിറ്റൽ ഡിസ്പ്ലേയാണ് റിയോ എലൈറ്റിന്റെ ഒരു പ്രത്യേകത. കൂടാതെ യുഎസബി ചാർജിങ് സംവിധാനവുമുണ്ട്. ആവശ്യമായ എല്ലാ വിവരങ്ങളും എല്‍ഇഡി ഡിജിറ്റല്‍ ഡിസ്‌പ്ലേയില്‍ ലഭിക്കും.

250 വാട്ട് മോട്ടോറാണ് റിയോ എലൈറ്റിന്റെ ഹൃദയം. 48വി-2എഎച്ച് ലെഡ്-ആസിഡ് ബാറ്ററി പാക്കിൽ നിന്നാണ് ഇലക്ട്രിക്ക് മോട്ടോറിന് പ്രവർത്തിക്കാൻ ആവശ്യമായ പവർ ലഭിക്കുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്‍താല്‍ നഗരങ്ങളില്‍ 55 കിലോമീറ്ററും ഹൈവേകളില്‍ 60 കിലോമീറ്ററും സഞ്ചരിക്കാന്‍ കഴിയും. പുത്തൻ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുമ്പോഴും ഓരോ കിലോമീറ്ററിനും കൂടുതല്‍ മിച്ചം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിയോ എലൈറ്റ് വികസിപ്പിച്ചതെന്ന് ആംപിയര്‍ വെഹിക്കിള്‍സ് വ്യക്തമാക്കി. എട്ട് മണിക്കൂറാണ് ബാറ്ററി പൂർണമായും ചാർജ് ആവാൻ വേണ്ട സമയം.

130 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ 86 കിലോഗ്രാം മാത്രം ഭാരമുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയും. 130 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 25 KMPH പരമാവധി വേഗതയും 130 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട് ആംപെയറിന്റെ പുത്തൻ സ്‍കൂട്ടറിന്. മുമ്പിൽ ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുമാണ് സസ്‍പെന്‍ഷന്‍. മുന്നിലും പിന്നിലും 110 എംഎം ഡ്രം ബ്രേക്കുകളാണ്. ചുവപ്പ്, വെളുപ്പ്, നീല, കറുപ്പ് എന്നീ നാല് ഗ്ലോസി കളര്‍ ഓപ്ഷനുകളില്‍ ആംപിയര്‍ റിയോ എലൈറ്റ് ലഭിക്കും. വാഹനത്തിനൊപ്പം ഒരു ഹെൽമെറ്റ് കമ്പനി സൗജന്യമായി തരും.

Follow Us:
Download App:
  • android
  • ios