ഭീതി ഉയർത്തി കൊറോണ വ്യാപിക്കുകയാണ്. രോഗവ്യാപനം തടയാൻ ലോക്ക് ഡൗൺ അടക്കമുള്ള കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് രാജ്യം. ലോകമെമ്പാടും ദിനംപ്രതി പുതിയ നിരവധി കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഈ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരെയും മുൻ‌നിര സംഘടനകളെയുമൊക്കെ സഹായിക്കാന്‍ ടെക് - ബിസിനസ് എക്സിക്യൂട്ടീവുകൾ രംഗത്തെത്തിക്കഴിഞ്ഞു. ആപ്പിൾ സിഇഒ ടിം കുക്ക്, അലിബാബ സ്ഥാപകൻ ജാക്ക് മാ, ടെസ്ല സിഇഒ എലോൺ മസ്‍ക് തുടങ്ങിയവരൊക്കെ അവരില്‍ ചിലരാണ്. ഇപ്പോഴിതാ പ്രമുഖ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ഗ്രൂപ്പ് സിഇഒ ആനന്ദ് മഹീന്ദ്രയും ഈ ശൃംഖലയുടെ ഭാഗമാകാൻ തീരുമാനിച്ചിരിക്കുന്നു.

നിലവിലെ പ്രതിസന്ധി മറികടക്കാൻ അടിയന്തിരമായി താത്ക്കാലിക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണെന്നും അതുപോലെ തന്നെ വെന്റിലേറ്ററുകളും ആവശ്യത്തിന് ലഭ്യമാകണമെന്ന് ഉറപ്പു വരുത്തണമെന്നും ഈ സാഹചര്യത്തിൽ തങ്ങളെക്കൊണ്ട് പറ്റുന്ന സഹായം ഉറപ്പു നൽകുകയാണെന്നുമായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. 

വൈറസ് ബാധയെ നേരിടുന്നതിനായി മഹീന്ദ്ര ഗ്രൂപ്പ് വെന്റിലേറ്ററുകൾ നിർമ്മിക്കുമെന്നും മഹീന്ദ്ര റിസോർട്ടുകൾ താൽക്കാലിക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാൻ തയ്യാറാണെന്നും വിവിധ ട്വീറ്റുകളിലൂടെ ആനന്ദ് മഹീന്ദ്ര അറിയിച്ചു. മഹീന്ദ്ര ഗ്രൂപ്പിലെ തങ്ങളുടെ ഉൽ‌പാദന സൌകര്യങ്ങൾ ഉപയോഗിച്ച് എങ്ങനെ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാമെന്നതിനെക്കുറിച്ചുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഹീന്ദ്ര ഹോളിഡേയിലെ തങ്ങളുടെ റിസോർട്ടുകൾ താൽക്കാലിക പരിചരണ സൗകര്യങ്ങളാക്കി മാറ്റാനും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

കൊറോണ വൈറസിനെ നേരിടാൻ താൽക്കാലിക ആരോഗ്യ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ഇന്ത്യൻ സർക്കാരിനെയും സൈന്യത്തെയും സഹായിക്കാൻ മഹീന്ദ്ര ഗ്രൂപ്പ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ചെറുകിട ബിസിനസുകാരെയും സ്വയംതൊഴിലാളികളെയും സഹായിക്കുന്നതിനായി ഒരു ഫണ്ട് സൃഷ്ടിക്കുമെന്നും തന്‍റെ ശമ്പളത്തിന്റെ 100 ശതമാനവും ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.

യുഎസിലെ ആരോഗ്യ പരിപാലന വിദഗ്ധർക്ക് ലക്ഷക്കണക്കിന് മാസ്‍കുകൾ സംഭാവന ചെയ്യാമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, കംബോഡിയ, ലാവോസ്, മാലിദ്വീപ്, മംഗോളിയ, മ്യാൻമർ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങി 10 രാജ്യങ്ങൾക്ക് അടിയന്തര വൈദ്യസഹായം നൽകുമെന്ന് അലിബാബ സ്ഥാപകൻ ജാക്ക് മാ അറിയിച്ചിരുന്നു.