ടാങ്കിന്‍റെ ടയറുള്ള ജീപ്പ് കണ്ട് അന്തംവിട്ട് മഹീന്ദ്ര തലവന്‍!

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 19, Apr 2019, 3:47 PM IST
Anand Mahindras tweet about modified roxor
Highlights

പുതിയൊരു രൂപത്തിലെത്തി മഹീന്ദ്രയുടെ തലവന്‍ സാക്ഷാല്‍ ആനന്ദ് മഹീന്ദ്രയെ വരെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ വാഹനം.

ഐക്കണിക്ക് ബ്രാന്‍ഡായ ജീപ്പിന്‍റെ ജന്മദേശമാണ് അമേരിക്ക. അവിടെപ്പോയി ജീപ്പിന്‍റെ മറ്റൊരു രൂപത്തെ അവതരിപ്പിച്ച ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്രയുടെ നീക്കം അടുത്തകാലത്ത് വാഹനലോകത്തെ വലിയ വാര്‍ത്തകളിലൊന്നായിരുന്നു. ഫിയറ്റ് നിര്‍മിച്ച പഴയകാല ജീപ്പുമായി റോക്സറിനു സാമ്യമുണ്ടെന്നു കാണിച്ച്  റോക്സറിനെതിരെ അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജീപ്പ് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനില്‍ പരാതി നല്‍കിയതും കമ്പനിയുടെ വാദം അടിസ്ഥാനരഹിതമാണെന്നാണ് ട്രേഡ് കമ്മിഷൻറെ അന്വേഷണ സംഘം പറഞ്ഞതുമൊക്കെ പിന്നീട് വാര്‍ത്തയായി.

ഇപ്പോഴിതാ പുതിയൊരു രൂപത്തിലെത്തി മഹീന്ദ്രയുടെ തലവന്‍ സാക്ഷാല്‍ ആനന്ദ് മഹീന്ദ്രയെ വരെ അമ്പരപ്പിച്ചിരിക്കുകയാണ് ഇതേ റോക്സര്‍. ഒറിജിനില്‍ ചക്രങ്ങള്‍ക്കു പകരം കാറ്റര്‍പില്ലാര്‍ ട്രാക്കുകള്‍ ഘടിപ്പിച്ച് മോഡിഫൈ ചെയ്‍ത റോക്സറാണ് ആനന്ദ് മഹീന്ദ്രയെ അമ്പരപ്പിച്ചത്. ഇക്കാര്യം ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയതും. 

ദുര്‍ഘടമായ പാതകളിലും മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളിലുമെല്ലാം അനായാസേന സഞ്ചരിക്കുന്നതിനാണ് സൈനിക ടാങ്കുകളും ചില ക്രെയിനുകളുമൊക്കെ കാറ്റര്‍പില്ലാര്‍ ട്രാക്കുകള്‍ ഉപയോഗിക്കുന്നത്. റോക്‌സറിനെ ഇങ്ങനെ മോഡിഫൈ ചെയ്യുന്നതും ഇതേ ഉദ്ദേശ്യത്തോടെ തന്നെ. 

2018 മാര്‍ച്ചിലാണ് ഇന്ത്യയിലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അമേരിക്കന്‍ നിരത്തിലെ ആദ്യ വാഹനം റോക്‌സര്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്.  ജനപ്രിയ വാഹനം ഥാറിന്‍റെ അടിസ്ഥാനത്തിലാണ് റോക്‌സറിന്‍റെ നിര്‍മ്മാണം. നിയമപ്രശ്‍നങ്ങള്‍ ഒഴിവാക്കാന്‍ അമേരിക്കയിലുള്ള ജീപ്പില്‍ നിന്ന് പല മാറ്റങ്ങളും റോക്‌സറില്‍ മഹീന്ദ്ര വരുത്തിയിരുന്നു. മുന്‍ഭാഗം നന്നായി അഴിച്ചുപണിത വാഹനത്തിന് ഇരുവശങ്ങളില്‍ ഡോറുകളുമില്ല. ഹാര്‍ഡ് ടോപ്പ് റൂഫും ഒഴിവാക്കിയിട്ടുണ്ട്. മഹീന്ദ്രയുടെ മിഷിഗണിലെ നിര്‍മാണ കേന്ദ്രത്തിലാണ് റോക്‌സറിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. മഹീന്ദ്ര നോര്‍ത്ത് അമേരിക്ക (MANA) എന്ന ബ്രാന്‍ഡിന് കീഴിലെത്തുന്ന ഓഫ് റോഡര്‍ വാഹനത്തിന് ഏകദേശം 15000 ഡോളര്‍ (10 ലക്ഷം രൂപ) ആണ് വിപണി വില.  

ഥാറിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് ഡാഷ്‌ബോര്‍ഡിന് പകരം സീറ്റീലില്‍ തീര്‍ത്തതാണ് റോക്‌സറിലെ ഡാഷ്‌ബോര്‍ഡ്. ഹെവി ഡ്യൂട്ടി വിഞ്ചസ്, ലൈറ്റ് ബാര്‍സ്, ഓഫ് റോഡ് വീല്‍സ് തുടങ്ങിയ ആക്‌സസറികളും വാഹനത്തിലുണ്ട്. 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് റോക്‌സറിന്‍റെ ഹൃദയം. 3200 ആര്‍പിഎമ്മില്‍ പരമാവധി 62 ബിഎച്ച്പി കരുത്തും 1400-2200 ആര്‍പിഎമ്മില്‍ 195 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

loader