Asianet News MalayalamAsianet News Malayalam

അപ്രീലിയ എസ്എക്‌സ്ആര്‍ 160 അവതരിപ്പിച്ചു

പിയാജിയോ ഗ്രൂപ്പ് ഇന്ത്യന്‍ വിപണിക്കുവേണ്ടി പ്രത്യേകം നിര്‍മിച്ചതാണ് മോട്ടോ സ്‌കൂട്ടര്‍ ഡിസൈന്‍ ലഭിച്ച മാക്‌സി സ്‌കൂട്ടറായ എസ്എക്‌സ്ആര്‍ 160
 

Aprilia SXR 160 Maxi Scooter Unveiled in India
Author
Delhi, First Published Feb 12, 2020, 10:20 AM IST

2020 ഓട്ടോ എക്‌സ്‌പോയില്‍ അപ്രീലിയ എസ്എക്‌സ്ആര്‍ 160 പ്രദര്‍ശിപ്പിച്ച് ഇറ്റാലിയന്‍ കമ്പനിയായ പിയാജിയോ ഗ്രൂപ്പ്. ഇന്ത്യന്‍ വിപണിക്കുവേണ്ടി പ്രത്യേകം നിര്‍മിച്ചതാണ് മോട്ടോ സ്‌കൂട്ടര്‍ ഡിസൈന്‍ ലഭിച്ച മാക്‌സി സ്‌കൂട്ടറായ എസ്എക്‌സ്ആര്‍ 160. 

രണ്ട് വര്‍ഷമെടുത്താണ് ഇറ്റലിയില്‍ അപ്രീലിയ സംഘം എസ്എക്‌സ്ആര്‍ 160 രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചത്. അപ്രീലിയ എസ്ആര്‍ 160 ഉപയോഗിക്കുന്ന അതേ 160 സിസി, 3 വാല്‍വ് എന്‍ജിനാണ് എസ്എക്‌സ്ആര്‍ 160 സ്‌കൂട്ടറിന്‍റെയും ഹൃദയം. ഈ മോട്ടോര്‍ 10.8 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ചേര്‍ത്തുവെച്ചു. 

12 ഇഞ്ച് വ്യാസമുള്ള 5 സ്‌പോക്ക് മെഷീന്‍ഡ് അലോയ് വീലുകളിലാണ് അപ്രീലിയ എസ്എക്‌സ്ആര്‍ 160 വരുന്നത്. വീതിയേറിയ ടയറുകള്‍ നല്‍കി. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ സ്റ്റാന്‍ഡേഡാണ്.

പൂര്‍ണമായും എല്‍ഇഡി ലൈറ്റിംഗ്, പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ സവിശേഷതകളാണ്. ചുവപ്പ്, നീല, വെളുപ്പ്, കറുപ്പ് എന്നീ നാല് നിറങ്ങളില്‍ അപ്രീലിയ എസ്എക്‌സ്ആര്‍ 160 വിപണിയില്‍ അവതരിപ്പിക്കും. കണക്റ്റിവിറ്റി, മൊബീല്‍ ഡോക്ക്, അപ്രീലിയ ഹെല്‍മറ്റുകള്‍, വസ്ത്രങ്ങള്‍ എന്നിവ ആക്‌സസറികളായി ലഭിക്കും.

വാഹനത്തിനുള്ള ബുക്കിംഗ് ഈ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിക്കും. തുടര്‍ന്ന് വൈകാതെ വിപണിയില്‍ അവതരിപ്പിക്കും. ഭാവിയിൽ പുതിയ വിഭാഗങ്ങളില്‍ സ്‌കൂട്ടറുകള്‍ വിപണിയിലെത്തിക്കാനാണ് പിയാജിയോയുടെ പദ്ധതി.  ഇന്ത്യ തങ്ങള്‍ക്ക് തന്ത്രപ്രധാന വിപണിയാണെന്ന് പിയാജിയോ ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡീഗോ ഗ്രാഫി പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ ഉപയോക്താക്കളുടെ മുന്‍ഗണനകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios