Asianet News MalayalamAsianet News Malayalam

ഇതാണ് ആഫ്രിക്കയ്ക്ക് വേണ്ടി അശോക് ലെയ്‍ലന്‍ഡ് പ്രത്യേകം ഉണ്ടാക്കിയ 916 ബസ്!

ആഫ്രിക്കയ്ക്കായി പ്രത്യേകം വികസിപ്പിച്ച ‘ഈഗിൾ 916’ മിനി ബസുകളെ പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലിനു വിൽക്കാൻ ഹിന്ദൂജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്‍ലൻഡ് ഒരുങ്ങുന്നു. 

Ashok Leyland to supply mini buses to Senegal
Author
Mumbai, First Published May 18, 2019, 5:56 PM IST

ആഫ്രിക്കയ്ക്കായി പ്രത്യേകം വികസിപ്പിച്ച ‘ഈഗിൾ 916’ മിനി ബസുകളെ പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലിനു വിൽക്കാൻ ഹിന്ദൂജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്‍ലൻഡ് ഒരുങ്ങുന്നു. സെനഗൽ തലസ്ഥാനമായ ഡാകർ ആസ്ഥാനമായ പ്രവർത്തിക്കുന്ന സെൻബസ് ഇൻഡസ്ട്രീസിന് 400 മിനി ബസ് ലഭ്യമാക്കാനുള്ള കരാറാണ് ഇന്തയന്‍ കമ്പനിയായ അശോക് ലെയ്‍ലൻഡ് നേടിയത്. 

സെനഗലിലെ ഗ്രാമീണ മേഖലകളെ നഗരങ്ങളുമായി ബന്ധിപ്പിക്കാനാവും ഈ മിനി ബസുകൾ ഉപയോഗിക്കുക. മൊത്തം 1.006 കോടി യൂറോ (ഏകദേശം 78.82 കോടി രൂപ) യാണു മിനി ബസ്സുകളുടെ വില. മലിനീകരണ നിയന്ത്രണത്തിൽ യൂറോ മൂന്ന് നിലവാരമുള്ള ഈ ബസുകളിൽ ഇൻലൈൻ പമ്പ് ഉള്‍പ്പെടെ മികച്ച സാങ്കേതികവിദ്യയാണുള്ളത്. 

ആഫ്രിക്കയിൽ പരീക്ഷണഓട്ടം പൂർത്തിയാക്കിയ ശേഷമാണ് ‘ഈഗിൾ 916’ വാണിജ്യാടിസ്ഥാനത്തിൽ നിരത്തിലെത്തുന്നത്. ജൂൺ അവസാനത്തോടെ ബസുകൾ സെനഗലില്‍ എത്തിക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.  സെമി നോക്ക്ഡ് ഡൗൺ വ്യവസ്ഥയിൽ സെനഗലിലെത്തിക്കുന്ന ബസുകൾ പ്രാദേശികമായി അസംബ്ൾ ചെയ്യാൻ സെൻബസുമായി സഹകരിക്കാനും അശോക് ലെയ്‍ലൻഡ് തയ്യാറെടുക്കുന്നുണ്ട്. ഇതിനായി എൻജിനീയർമാരുടെ സംഘത്തെ സെനഗലിലേക്ക് അയയ്ക്കാനാണു കമ്പനിയുടെ തീരുമാനം. ഡാകറിൽ വർക്‌ഷോപ് സജ്ജീകരിക്കാനും സെൻബസ് ഇൻഡസ്ട്രീസ് തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

നേരത്തെ സെനഗലിലെ ഡാകർ ഡെം ഡിക്കിന് 475 ബസുകൾ അശോക് ലേയ്‌ലൻഡ് വിജയകരമായി കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണു പുതിയ ഓർഡർ ലഭിച്ചതെന്നും കമ്പനി വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios