കൊച്ചി: മഴക്കാലത്ത് നിരന്തരമായ പ്രശ്നമാണ് യാത്രയ്ക്കിടയില്‍ ചെളിവെള്ളം തെറിക്കുന്നത്. ചെളിവെളളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കങ്ങള്‍ ചിലപ്പോഴൊക്കെ തല്ലിലാകും കലാശിക്കുക. അത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നത്. ചെളിവെള്ളം തെറിപ്പിച്ച കാറുകാരന്‍റെ കരണത്തടിച്ച ഓട്ടോ ഡ്രൈവറുടെ ലൈസന്‍സിന് പിടിവീണു എന്നതാണ് സംഭവത്തിലെ ആന്‍റി ക്ലൈമാക്സ്.

നോര്‍ത്ത് മേല്‍പ്പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഓട്ടോക്കാരനും കാറുകാരനും തമ്മിലാണ് പ്രശ്നമുണ്ടായത്. കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് ഓട്ടോയില്‍ ചെളിവെള്ളം തെറിപ്പുവീണത്. പിന്നാലെ പഞ്ഞ ഓട്ടോ ഡ്രൈവര്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഇത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ കരണത്തടിക്കുകയും ചെയ്തു. കാറുകാരന്‍ ആര്‍ ടി ഒ ഓഫീസിലെത്തി പരാതി പെട്ടതോടെയാണ് ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.

കടവന്ത്ര സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഷിജോ ജോര്‍ജിന്‍റെ ലൈസന്‍സ് എറണാകുളം ആര്‍ടിഒ കെ മനോജ്കുമാറാണ് സസ്‌പെന്‍ഡ് ചെയ്തത്. ആറുമാസത്തേക്കാണ് ലൈസന്‍സിന് പിടിവീണത്. കാര്‍ ഡ്രൈവിംഗ് പഠിക്കുന്ന യുവതികളോട് മോശമായി സംസാരിച്ച മറ്റൊരു ഓട്ടോ ഡ്രൈവറുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.