Asianet News MalayalamAsianet News Malayalam

കൊറോണ ചതിച്ചു; ചേതക്കിന്‍റെ കേരള പ്രവേശനം വൈകും

ബജാജ് ചേതക്കിന്റെ മറ്റുള്ള നഗരങ്ങളിലേക്കുള്ള വില്പന വൈകും എന്നാണ് പുതിയ വാര്‍ത്ത. 

Bajaj chetak kerala launch
Author
Trivandrum, First Published May 28, 2020, 10:46 AM IST

ഐതിഹാസിക മോഡലായ ചേതക്കിന്‍റെ ഇലക്ട്രിക് സ്‍കൂട്ടറുമായി 14 വർഷത്തെ ഇടവേളക്ക് ശേഷം ഈ വർഷം ജനുവരിയിലാണ് സ്‍കൂട്ടർ വിപണിയിലേക്ക് ബജാജ് ഓട്ടോ തിരിച്ചെത്തിയത്. പൂനെ, ബെംഗളൂരു നഗരങ്ങളിൽ ചേതക്കിന്റെ വില്പനയാരംഭിച്ച ബജാജ് ഓട്ടോ, ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ കേരളം അടക്കമുള്ള മറ്റുള്ള സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ ഇലക്ട്രിക് സ്കൂട്ടർ വില്പന ആരംഭിക്കും എന്നാണ് വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ ബജാജ് ചേതക്കിന്റെ മറ്റുള്ള നഗരങ്ങളിലേക്കുള്ള വില്പന വൈകും എന്നാണ് പുതിയ വാര്‍ത്ത. കൊറോണ വൈറസിന്റെ വ്യാപനവും തുടർന്ന് രാജ്യത്തു പ്രഖ്യാപിച്ച ലോക്ക്ഡൗണും ആണ് കാരണം. പ്ലാൻ ചെയ്തതിനേക്കാൾ കുറഞ്ഞത് 4 മുതൽ 5 മാസത്തെ താമസമാണ് പ്രതീക്ഷിക്കുന്നത്. ചൈനയിൽ നിന്നും ലഭിക്കേണ്ട ചില ഘടകങ്ങളുടെ ലഭ്യതക്കുറവും, ഉപഭോക്താക്കളുടെ പ്രതികരണം അനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതിലെ കാലതാമസവും ഒപ്പം രണ്ട് മാസത്തോളം പ്ലാൻ അടഞ്ഞു കിടന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

ചൈനയിൽ നിന്ന് വുഹാനിൽ നിന്ന് ചില ഘടകങ്ങൾ വരുന്നുണ്ടെന്നും ചേതക്കിന് നല്ല ബുക്കിംഗ് ഉണ്ടായിരുന്നെകിലും, ഒടുവിൽ ബുക്കിംഗ് നിർത്തിവക്കേണ്ടി വന്നെന്നും കൃത്യസമയത്ത് സ്കൂട്ടർ ഡെലിവറി ചെയ്യാൻ പറ്റാത്തതിനാല്‍ കൂടുതൽ ഓർഡറുകൾ എടുക്കുന്നത് ഞങ്ങൾ നിർത്തിവച്ചെന്നും ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ വ്യക്തമാക്കി. 

അതേസമയം ആദ്യ ബാച്ച് ചേതക്ക് സ്‌കൂട്ടറുകള്‍ പുണെയിലെയും ബെംഗളൂരുവിലെയും ഉപയോക്താക്കള്‍ക്ക് നേരത്തെ നല്‍കിയിരുന്നു. കെടിഎം ഔട്ട്‌ലെറ്റുകളിലൂടെയാണ് വില്‍പ്പന. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റി ലഭിക്കും. ഘട്ടംഘട്ടമായി രാജ്യത്തെ മറ്റ് നഗരങ്ങളിലും ബജാജ് ചേതക് ഇ-സ്‌കൂട്ടര്‍ ലഭിച്ചു തുടങ്ങും.

കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായിട്ടാണ് ചേതക്കിന്‍റെ മടങ്ങിവരവ്. ബജാജിന്റെ തന്നെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ അര്‍ബണൈറ്റ് ആണ് ഇലക്ട്രിക് കരുത്തിലുള്ള ചേതക്കിനെ വീണ്ടും നിരത്തുകളിലെത്തിക്കുന്നത്2019 ഒക്ടോബര്‍ 17നായിരുന്നു വാഹനത്തിന്‍റെ ആദ്യാവതരണം.  അർബൻ, പ്രീമിയം എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലായിട്ടാണ് വാഹനം എത്തുന്നത്.

അർബൻ വേരിയന്റിന് ഒരു ലക്ഷം രൂപയും പ്രീമിയം വേരിയന്റിന് 1.15 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിന്‍റെ ഹൃദയം. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. 3.8 kW/ 4.1kW ഇലക്ട്രിക് മോട്ടറുള്ള സ്‍കൂട്ടറിന് സ്പോർട്, ഇക്കോ എന്നിങ്ങനെ രണ്ടു ഡ്രൈവ് മോഡുകളുണ്ട്. പ്രകടനക്ഷമതയേറിയ സ്പോർട് മോഡിൽ ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 85 കിലോമീറ്ററാണ് ചേതക് ഓടുക. എന്നാൽ ഊർജക്ഷമതയേറിയ ഇക്കോ മോഡിൽ സ്‍കൂട്ടറിന്റെ സഞ്ചാരപരിധി 95 കിലോമീറ്ററായി ഉയരും. റിവേഴ്‍സ് ഗിയറുള്ള ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്‍കൂട്ടറും ചേതക് തന്നെയാണ്.

പുണെയിലെ ചാകന്‍ പ്ലാന്റില്‍ 2019 സെപ്‍തംബര്‍ 25 മുതല്‍ ചേതക്കിന്റെ നിര്‍മാണം ബജാജ് അരംഭിച്ചിരുന്നു. തുടക്കത്തില്‍ പുതിയ ചേതക്ക് കെടിഎം ഡീലര്‍ഷിപ്പിലൂടെയാണ് വിപണിയിലേക്കെത്തുക.  ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച അനുഭവം നല്‍കാനാണ് റഗുലര്‍ ബജാജ് ഡീലര്‍ഷിപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ പ്രീമിയം നിലവാരത്തിലുള്ള കെടിഎം ഔട്ട്ലെറ്റുകള്‍ വഴി ചേതക്കിനെ ബജാജ് എത്തിക്കുന്നത്. പൂനെ, ബംഗളുരു നഗരങ്ങളില്‍ മാത്രമാണ് സ്‌കൂട്ടര്‍ ആദ്യഘട്ടത്തില്‍ വില്‍പ്പനയ്ക്ക് എത്തുക. തെരഞ്ഞെടുത്ത കെടിഎം ഡീലര്‍ഷിപ്പുകള്‍ വഴിയാകും സ്‌കൂട്ടറിന്റൈ വില്‍പ്പന. രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

പേരിലല്ലാതെ പഴയ ചേതക്കിനോട് രൂപത്തില്‍ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ല.  റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്‍പന. എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്‌പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ ചേതക്കിനെ വേറിട്ടതാക്കുന്നു. നിരവധി സവിശേഷതകള്‍ വാഹനത്തില്‍ കാണാന്‍ സാധിക്കും. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന. എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്‌സ് അസിസ്റ്റ് ഫങ്ഷന്‍ എന്നിവയെല്ലാം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം ഉള്‍പ്പെടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് ബജാജ് ഇ-സ്‌കൂട്ടര്‍ എത്തുക. ഇതിനൊപ്പം ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി സംവിധാനങ്ങളും മറ്റും ഈ വാഹനത്തിലുണ്ട്. ജര്‍മന്‍ ഇലക്ട്രിക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായി ബോഷുമായി ചേര്‍ന്നാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനെ ബജാജ് അര്‍ബനൈറ്റ്  വികസിപ്പിച്ചിരിക്കുന്നത്.

സ്റ്റാന്റേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും സ്‌കൂട്ടറില്‍ ലഭ്യമാണ്. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. അഞ്ച് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജാകും. 25 ശതമാനം ചാര്‍ജാകാന്‍ ഒരു മണിക്കൂര്‍ മാത്രം മതി. ബാറ്ററിക്ക് മൂന്നു വര്‍ഷം അല്ലെങ്കില്‍ 50,000 കിലോ മീറ്റര്‍ വാറണ്ടി ബജാജ് നല്‍കും. ഓകിനാവ സ്‌കൂട്ടറുകള്‍, ഹീറോ ഇലക്ട്രിക്ക്, ഏഥര്‍ 450, ആമ്പിയര്‍ ഇലക്ട്രിക്ക വെഹിക്കിള്‍സ് എന്നിവരാണ് വിപണിയില്‍ ചേതക്കിന്റെ എതിരാളികള്‍. 

ഹമാരാ ബജാജ് എന്ന മുദ്രാവാക്യത്തോടെ രാജ്യം നെഞ്ചേറ്റിയ ജനപ്രിയ വാഹനമായ ചേതക്കിനെ 1972 ലാണ് ബജാജ് ആദ്യമായി അവതരിപ്പിക്കുന്നത്. ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ വെസ്‍പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കിയായിരുന്നു ചേതക്കിന്‍റെ അവതരണം. പുരാതന ഇന്ത്യയിലെ രാജാവായിരുന്ന മഹാരാജാ റാണാ പ്രതാപ് സിംഗിന്‍റെ ചേതക്ക് എന്ന വിഖ്യാത പടക്കുതിരയുടെ പേരില്‍ നിന്നാണ് സ്‍കൂട്ടറിന് ഈ പേര് നല്‍കിയത്. 

Follow Us:
Download App:
  • android
  • ios