ബജാജിന്‍റെ എന്‍ട്രി ലവലിലെ ജനപ്രിയ മോഡലാണ് സിടി 100. മികച്ച മൈലേജും മോഹവിലയുമെല്ലാമാവാം സാധാരണക്കാരന്‍റെ ബൈക്ക് എന്ന സ്വപ്‍നത്തെ എളുപ്പം സാക്ഷാത്കരിക്കുന്നു ഈ മോഡല്‍. കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ ബജാജിന് ഏറെ വില്‍പ്പനയുള്ള ഈ മോഡലിന്‍റെ 110 സിസി കരുത്തുള്ള പുതിയ പതിപ്പിനെ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് കമ്പനി.

കിക് സ്റ്റാർട്, ഇലക്ട്രിക് സ്റ്റാർട് എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് ബജാജ് സിടി 110 വിപണിയിലെത്തുന്നത്. കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 37,997 രൂപയും സെല്‍ഫ് സ്റ്റാര്‍ടിന് 44,352 രൂപയുമാണ് ദില്ലി എക്‌സ്‌ ഷോറൂം വില. 

ബജാജ് പ്ലാറ്റിനക്ക് കരുത്തേകുന്ന 115 സിസി ഡിടിഎസ്-ഐ എന്‍ജിനാണ് ഈ ബൈക്കിന്‍റെയും ഹൃദയം.  8.6 ബിഎച്ച്പി കരുത്തും 9.81 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. നാല് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

എഞ്ചിനൊപ്പം മുന്‍ മോഡലിനെ അപേക്ഷിച്ച് കാഴ്‍ചയിലും ചില മാറ്റങ്ങളുണ്ട് സിടി110ന്. ടാങ്ക് പാഡ്‌സ്, വലിയ സീറ്റ്, ഗ്രാഫിക്‌സ് ഡിസൈന്‍, ബ്ലാക്ക് ഫിനീഷ്‍ഡ് എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റ്,  ടിന്റഡ് വൈസര്‍, ഹാന്‍ഡില്‍ ബാര്‍ തുടങ്ങിയവ മുന്‍ മോഡലില്‍ നിന്നും പുതിയ  വാഹനത്തെ വേറിട്ടതാക്കുന്നു. 

വലിപ്പമേറിയ ക്രാഷ് ഗാർഡ്, റബർ മിറർ കവർ, അപ്സ്വെപ്റ്റ് എക്സോസ്റ്റ്, സീറ്റിന് കട്ടികൂടിയ പാഡിങ് തുടങ്ങിയവയുമുണ്ട്. സെമി നോബി ടയറോടെ എത്തുന്ന ബൈക്കിന് അധിക ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്.  മഞ്ഞ ഗ്രാഫിക്സോടെ മാറ്റ് ഒലീവ് ഗ്രീൻ, നീല ഗ്രാഫിക്സോടെ ഗ്ലാസ് എബണി ബ്ലാക്ക്, തിളക്കമുള്ള ചുവപ്പ് ഗ്രാഫിക്സ് സഹിതം ഗ്ലോസ് ഫ്ളെയിം റെഡ് എന്നിങ്ങനെ മൂന്നു നിറങ്ങളിലാണു സിടി 110 എത്തുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‍പെന്‍ഷന്‍. കോംബി ബ്രേക്കിങ് സംവിധാനമാണ് സുരക്ഷ. 

എല്ലാത്തരം ഭൂപ്രകൃതിക്കും അനുയോജ്യമായ വിധത്തിലാണു സി ടി 110 ന്റെ രൂപകൽപ്പനയെന്നാണു ബജാജിന്റെ അവകാശവാദം. ഇന്ധനക്ഷമതയുടെയും കരുത്തിന്റെയും മികച്ച കൂട്ടുകെട്ടിലൂടെ അധിക മൂല്യവും കിടയറ്റ പ്രകടനവും ഉറപ്പാക്കാൻ സിടി 110 ബൈക്കിനു സാധിക്കുമെന്നും കമ്പനി പറയുന്നു. 

ബജാജ് ബോക്സറിനു പിന്‍ഗാമിയായി 2001ലാണ് ആദ്യ സിടി 100 വിപണിയിലെത്തുന്നത്. പിന്നീട് 2006ല്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച ബൈക്കിനെ പുതിയ രൂപഭാവങ്ങളോടെ 2015 മുതലാണ് ബജാജ് വീണ്ടും വിപണിയിലെത്തിച്ചത്.