കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ബജാജ് ഓട്ടോ, ഡീലര്‍ഷിപ്പുകളും സേവന കേന്ദ്രങ്ങളും തുറന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സാമൂഹിക അകലവും പ്രവേശന കവാടത്തില്‍ നിര്‍ബന്ധിത തെര്‍മല്‍ പരിശോധനയും നടത്തുന്നുണ്ട്. ജീവനക്കാരുടെ ആരോഗ്യം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. 

ഡീലര്‍ഷിപ്പുകള്‍ക്ക് പുറമെ, ബജാജിന്റെ ചകന്‍, പൂണെ എന്നിവിടങ്ങളിലെ പ്ലാന്റുകളുടെ പ്രവര്‍ത്തനവും പുനരാരംഭിച്ചിട്ടുണ്ട്. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ഒറ്റ ഷിഫ്റ്റില്‍ മാത്രമാണ് ഇപ്പോള്‍ ഈ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

വാഹനങ്ങളുടെ സൗജന്യ സര്‍വീസും വാറന്റിയും ബജാജ് നേരത്തേ നീട്ടിയിരുന്നു. എന്നാല്‍, മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ മെയ് 18 വരെ നീട്ടിയത് കണക്കിലെടുത്ത് വാറണ്ടിയും സര്‍വീസും ജൂലായ് 31 വരെ നീട്ടി നല്‍കിയിട്ടുണ്ട്. മുമ്പ് മെയ് 31 വരെയായിരുന്നു നീട്ടിയിരുന്നത്.