അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ജനപ്രിയ മോഡല്‍ പ്ലാറ്റിന 100 സിസി ഡിസക് വകഭേദത്തിന്റെ ഡെലിവറി തുടങ്ങി ബജാജ്.  ഇലക്ട്രിക് സ്റ്റാര്‍ട്ട് (ES) പതിപ്പിനാണ് ഡിസ്‌ക് ബ്രേക്ക് നല്‍കിയിരിക്കുന്നത് . 60,698 രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില.  നിലവില്‍ ഈ ഇലക്ട്രിക് സ്റ്റാര്‍ട്ട് ഡ്രം ബ്രേക്ക് പതിപ്പിന് 55,546 രൂപയും കിക്ക് സ്റ്റാര്‍ട്ട് പതിപ്പിന് 49,261 രൂപയുമാണ് എക്‌സ്‌ഷോറൂം വില.  പ്ലാറ്റിനയുടെ ഇലക്ട്രിക് സ്റ്റാര്‍ട്ട് പതിപ്പിനെ 2015-ലാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

13 പ്രധാന മാറ്റങ്ങളുമായി ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ബിഎസ്6 പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്.  നിലവില്‍, രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് പ്ലാറ്റിന. 90 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധക്ഷമത.  102 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 7,500 rpm -ല്‍ 7.77 bhp കരുത്തും 5,500 rpm -ല്‍ 8.3 Nm torque ഉം സൃഷ്ടിക്കും. നാല് സ്പീഡ് ഗിയര്‍ബോക്‌സ് ആണ് ട്രാന്‍സ്‍മിഷന്‍.

90 കിലോമീറ്ററാണ് ബൈക്കിന്റെ ഉയര്‍ന്ന വേഗപരിധി. ഹാലോജന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സുഖകരമായ യാത്രയ്ക്ക് സോഫ്റ്റ് സീറ്റുകള്‍ എന്നിവ പുതിയ പതിപ്പിലെ സവിശേഷതകളാണ്. 200 mm ഗ്രൗണ്ട് ക്ലിയറന്‍സുണ്ട് ബൈക്കിന്. കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 116 കിലോഗ്രാം ഭാരം ഉണ്ട്. അതേസമയം ഇലക്ട്രിക് സ്റ്റാര്‍ട്ട് മോഡലിന് 117.5 കിലോഗ്രാം ഭാരമാണുള്ളത്. കോംബി ബ്രേക്കിംഗ് സിസ്റ്റം (CBS) പ്ലാറ്റിനയില്‍ ഇടംപിടിച്ചിട്ടുണ്ട്.